ADVERTISEMENT

ജീപ്പ് കോംപസിന്റെ വൈദ്യുത മോഡൽ എത്തുന്നു. 2026 പുതിയ തലമുറ ജീപ്പ് കോംപസിന് ഒപ്പം വൈദ്യുത മോഡലും എത്തുമെന്നാണ് സൂചന. മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് STLA M പ്ലാറ്റ്‌ഫോമിലാണ് ജെ4യു എന്ന കോഡ് നാമത്തിൽ പുറത്തിറക്കുന്ന ജീപ്പ് കോംപസിനെ ഒരുക്കുന്നത്. പരമ്പരാഗത ഐസ് മോഡലുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ നിര്‍മിക്കാനാവുന്ന പ്ലാറ്റ്‌ഫോമാണിത്. ഇന്ത്യയില്‍ ഓള്‍ ഇലക്ട്രിക് കോംപസിനേയും 2026ല്‍ തന്നെ ജീപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സ്റ്റെല്ലാന്റിസ് STLA മീഡിയം പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നത്. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനിലുള്ള വാഹനങ്ങളെ മാത്രമല്ല ഇവികളും ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനാവും. ഫ്രണ്ട്, ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനുള്ള വാഹനങ്ങളും ഒരുക്കാനാകുന്ന ഈ പ്ലാറ്റ്‌ഫോമില്‍ 98kWh വരെയുള്ള ബാറ്ററി പാക്കുകളും ചേര്‍ക്കാനാവും. സ്റ്റാന്‍ഡേഡ് ബാറ്ററി പാക്കില്‍ 500 കിലോമീറ്ററും പെര്‍ഫോമെന്‍സ് പാക്കില്‍ 700 കിലോമീറ്ററുമാണ് വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 

STLA മീഡിയം പ്ലാറ്റ്‌ഫോമില്‍ 400 വോള്‍ട്ട് ഇലക്ട്രിക് ആര്‍കിടെക്ചറാണ് ഉപയോഗിച്ചിട്ടുള്ളത്. 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ പ്ലാറ്റ്‌ഫോമിലുള്ള വാഹനങ്ങള്‍ക്ക് 14kWh മതിയാവും. മിനിറ്റില്‍ 2.4kWh എന്ന നിലയില്‍ 27 മിനുറ്റുകൊണ്ട് 20ല്‍ നിന്നും ബാറ്ററി ചാര്‍ജ് 80 ശതമാനത്തിലേക്കെത്തും. 218hp മുതല്‍ 388hp വരെ കരുത്തുള്ള ഇലക്ട്രിക് മോട്ടോറുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാനാവും. ഇലക്ട്രിക് മോഡലിനൊപ്പം പുതുതലമുറ ജീപ്പ് കോംപസില്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം.

ജീപ്പിന്റെ സഹോദരസ്ഥാപനമായ സിട്രോണിലും STLA മീഡിയം പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന സൂചനയുമുണ്ട്. സിട്രോണിന്റെ പുതുതലമുറ മോഡലുകളിലായിരിക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുക. 4.3-4.9 മീറ്റര്‍ വരെ നീളവും 2.7-2.9 മീറ്റര്‍ വരെ വീല്‍ബേസുമുള്ള വാഹനങ്ങള്‍ക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാവും. ഭാവിയില്‍ സിട്രോണിന്റെ സി3 ഹാച്ച്, ഇസി3 ഇവി, സി3 എയര്‍ക്രോസ് എസ് യു വി, സി3എക്‌സ് എന്നിങ്ങനെയുള്ള മോഡലുകളിലെല്ലാം ഈ പ്ലാറ്റ്‌ഫോം പ്രതീക്ഷിക്കാം. 

ഫിയറ്റിനെ ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരാനുള്ള സ്റ്റെല്ലാന്റിസിന്റെ പദ്ധതികളിലും STLA മീഡിയം പ്ലാറ്റ്‌ഫോമിന് വലിയ പങ്കുണ്ട്. ഫിയറ്റ് എന്ന ബ്രാന്‍ഡിന് ഇന്ത്യയിലുള്ള മൂല്യം തിരിച്ചറിഞ്ഞുകൊണ്ടാണ് സ്റ്റെല്ലാന്റിസ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. സ്റ്റെല്ലാന്റിസിനു കീഴില്‍ ഇന്ത്യയില്‍ മൂന്നു വാഹന നിര്‍മാണ പ്ലാന്റുകളാണുള്ളത്. ഇതില്‍ എവിടെയെല്ലാം STLA മീഡിയം പ്ലാറ്റ്‌ഫോമിലുള്ള വാഹനങ്ങളുടെ നിര്‍മാണം ആരംഭിക്കുമെന്ന് കാത്തിരുന്നു കാണാം.

English Summary:

Auto News. Next-gen Jeep Compass to get electric powertrain in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com