ടൊയോട്ട കഴിഞ്ഞ വർഷം 1 ലക്ഷം ഇവികള്‍ വിറ്റു; പക്ഷേ...
Mail This Article
വര്‍ഷം ഒരു ലക്ഷം ഇവികള്‍ വില്ക്കാനാകുകയെന്നത് പല വാഹന നിര്‍മാതാക്കളുടേയും സ്വപ്നമാണ്. എന്നാല്‍ ടൊയോട്ടക്ക് ഈ വില്പന ആനവായില്‍ അമ്പഴങ്ങ പോലെയാണ്. ടൊയോട്ടയുടെ ആകെ വാഹന വില്പനയുടെ ഒരു ശതമാനം മാത്രമാണിത്. 2023ല്‍ 1.12 കോടി വാഹനങ്ങളാണ് ടൊയോട്ട രാജ്യാന്തരതലത്തില്‍ വിറ്റഴിച്ചത്.
ടൊയോട്ടയും ലെക്സസും ചേര്‍ന്ന് 1.03 കോടി വാഹനങ്ങള്‍ വിറ്റിട്ടുണ്ട്. ബാറ്ററി വൈദ്യുത വാഹനങ്ങളുടെ കണക്കെടുത്താല്‍ ടൊയോട്ട 2023ല്‍ 1,04,018 എണ്ണം വിറ്റു. ഇവികളുടെ കാര്യത്തില്‍ ടൊയോട്ട നേടിയത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 325 ശതമാനത്തിന്റെ വില്പന വളര്‍ച്ച. 2022ല്‍ ആകെ 24,000 ഇവികള്‍ മാത്രമാണ് ടൊയോട്ട വിറ്റിരുന്നത്. 1.12 കോടി വാഹനങ്ങള്‍ വിറ്റ 2022ല്‍ ഇവി വിഹിതം 0.93 ശതമാനം മാത്രമായിരുന്നു.
ഇവിയേക്കാള്‍ ടൊയോട്ടക്ക് പ്രിയം ഹൈബ്രിഡ് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം 34 ലക്ഷം ഹൈബ്രിഡ് വാഹനങ്ങളും 26,859 മൈല്‍ഡ് ഹൈബ്രിഡ്(MHEV) വാഹനങ്ങളും ടൊയോട്ട വിറ്റു. ഹൈബ്രിഡില്‍ 31 ശതമാനവും മൈല്‍ഡ് ഹൈബ്രിഡില്‍ 494 ശതമാനവുമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വില്പന വളര്‍ച്ച. അതേസമയം 2022നെ അപേക്ഷിച്ച് ഹൈഡ്രജന്‍ വാഹനങ്ങളുടെ(FCEV) വില്പന 0.1ശതമാനം കുറഞ്ഞ് 3,921ലെത്തി. ബാറ്ററി, ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ്, ഹൈഡ്രജന്‍ വാഹനങ്ങളുടെ കണക്കെടുത്താല്‍ ടൊയോട്ട കഴിഞ്ഞ വര്‍ഷം 37 ലക്ഷം വാഹനങ്ങള്‍ വിറ്റു. ആകെ വില്പനയുടെ മൂന്നിലൊന്നു വരും ഇത്.
ടൊയോട്ടയുടെ പ്രധാന എതിരാളിയായ ഫോക്സ്വാഗണ് കഴിഞ്ഞ വര്‍ഷം 3.94 ലക്ഷം ഇവികള്‍ വിറ്റിരുന്നു. അവരുടെ ആകെ വാഹന വില്പനയുടെ എട്ടു ശതമാനം വരുമിത്. ലോകം മുഴുവന്‍ ഇവികള്‍ക്കു പിന്നാലെ പായുമ്പോഴും ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇപ്പോഴും പരമ്പരാഗത ICE എന്‍ജിനുകള്‍ തന്നെ ലോകം ഭരിക്കുമെന്ന വിശ്വാസക്കാരാണ്.
ലോകത്ത് ഏറ്റവും വില്പനയുള്ള കാറായി 2023ല്‍ ഒരു വൈദ്യുത കാര്‍ മാറിയത് വാര്‍ത്തയായിരുന്നു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വൈദ്യുതി കാര്‍ എത്തുന്നത്. ടെസ്ലയുടെ മോഡല്‍ വൈ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. പുറത്തിറങ്ങി വെറും നാലു വര്‍ഷം കൊണ്ടാണ് മോഡല്‍ വൈ ലോകത്തെ ഏറ്റവും വില്പനയുള്ള കാറെന്ന നേട്ടത്തിലെത്തിയത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത് ടൊയോട്ടയുടെ RAV4ഉം കൊറോളയുമായിരുന്നു.
വടക്കേ അമേരിക്ക, യൂറോപ്, ചൈന തുടങ്ങിയ ടൊയോട്ടയുടെ പല വിപണികളിലും വൈദ്യുത കാറുകളുടെ കാര്യത്തിലുള്ള കടുംപിടുത്തം അവര്‍ക്കു തന്നെ തിരിച്ചടിയായിരുന്നു. അമേരിക്കയ്ക്കു പുറമേ ചൈനയിലും യൂറോപിലും മികച്ച പ്രകടനം നടത്തിയാണ് മോഡല്‍ വൈ ലോകത്തെ ഏറ്റവും വില്പനയുള്ള കാറെന്ന പദവിയിലെത്തിയത്.
എത്രയൊക്കെ കുതിപ്പുണ്ടായാലും വൈദ്യുത കാറുകള്‍ ആകെ കാര്‍ വിപണിയുടെ 30 ശതമാനത്തിലേറെ വരില്ലെന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ആഴ്ചയിലും ടൊയോട്ട ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. ബാക്കിയുള്ള 70 ശതമാനം ICE, ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ്, ഹൈഡ്രജന്‍ വാഹനങ്ങള്‍ കൊണ്ടുപോകുമെന്നാണ് ടൊയോട്ട ആവര്‍ത്തിക്കുന്നത്. നോര്‍വേ(82.4%), സ്വീഡന്(32%), നെതര്‍ലാന്‍ഡ്(24%), ചൈന(24%) എന്നിങ്ങനെയുള്ള പല രാജ്യങ്ങളിലും വൈദ്യുത വാഹനങ്ങള്‍ വിപണിയില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ടെന്നതും വസ്തുതയാണ്.