സിഎൻജി ബൈക്ക്, പുതിയ ചേതക്, പൾസർ; ബജാജ് രണ്ടും കൽപിച്ചാണ്
Mail This Article
2023ൽ വില്‍പനയില്‍ നേടിയ കുതിപ്പ് ഈ വർഷം തുടരാനുള്ള ശ്രമത്തിലാണ് ബജാജ് ഓട്ടോ. പുതിയ മോഡലുകളും സാങ്കേതികവിദ്യയും കൂടുതല്‍ വലിയ നെറ്റ്‌വര്‍ക്കുമെല്ലാം ഇതിന്റെ ഭാഗമായി ബജാജിന്റെ 2024ലെ ലക്ഷ്യങ്ങളിലുണ്ട്. മെയ് മാസം വരെ ഇറക്കുന്നതിനുള്ള പുതിയ മോഡലുകളോ പുതുക്കിയ മോഡലുകളോ ബജാജിന്റെ പക്കൽ റെഡിയാണ്. ഈ പട്ടികയില്‍ ബജാജ് പള്‍സര്‍ എന്‍എസ് 400, പുതിയ ചേതക്, സിഎന്‍ജിയില്‍ ഓടുന്ന ബൈക്ക് എന്നിവയെല്ലാമുണ്ട്.
'2023ലെ അവസാന പാദത്തില്‍ പ്രാദേശിക മോട്ടര്‍സൈക്കിള്‍ വിപണിയുടെ വില്‍പന വളര്‍ച്ചയുടെ ഇരട്ടി വളര്‍ച്ചയാണ് ബജാജ് ഓട്ടോ നേടിയത്. 125 സിസിക്കും മുകളിലുള്ള വിഭാഗത്തില്‍ വിപണി വളര്‍ച്ചയുടെ മൂന്നിരട്ടി വേത്തില്‍ വളരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങളുടെ വിപണി വിഭാഗം ഇതില്‍ 31 ശതമാനം വരെ എത്തി. ചേതക്കിന്റെ മാസ വില്‍പന മാര്‍ച്ചോടെ 15,000 യൂണിറ്റാക്കാനും ലക്ഷ്യമുണ്ട്. ചേതക്കിന്റെ പുതിയ മോഡലുകള്‍ അടുത്ത സാമ്പത്തികവര്‍ഷം തുടക്കത്തില്‍ എത്തും' ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ മാധ്യമങ്ങളോടു പ്രതികരിച്ചു.
മെയ് മാസം വരെ, ഓരോ മാസവും രണ്ടോ അതിലേറെയോ പുതിയ അല്ലെങ്കിൽ പുതുക്കിയ മോഡലുകൾ എത്തും. അടുത്തവര്‍ഷം ആദ്യ പാദത്തില്‍ കൂടുതല്‍ വലിയ പള്‍സര്‍ പുറത്തിറക്കുമെന്നും ബജാജ് മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. കാത്തിരിക്കുന്ന മറ്റൊരു വാഹനം സിഎന്‍ജി മോട്ടോര്‍സൈക്കിളാണ്. ഇക്കാര്യത്തിലും സ്ഥിരീകരണം ബജാജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം തന്നെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ എത്തുമെന്നു പ്രതീക്ഷിക്കാം.
വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലും ബജാജിന് ഇന്ത്യയില്‍ മുന്നേറ്റമുണ്ടാക്കാനായി. കഴിഞ്ഞ വര്‍ഷം വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ 14 ശതമാനമായിരുന്നു വിപണി വിഹിതം. തൊട്ടു മുമ്പത്തെ വര്‍ഷം അഞ്ചു ശതമാനമായിരുന്നതാണ് ഏകദേശം മൂന്നിരട്ടി ബജാജ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പുതിയ ചേതക് മോഡല്‍ ബജാജ് അവതരിപ്പിച്ചിരുന്നു. നിലവില്‍ 10,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ബജാജ് വില്‍ക്കുന്നുണ്ട്.
ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്‌സ് എന്നിവയും വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നതും ബജാജിന് ആശ്വാസമാണ്. ഈ രണ്ടു വാഹനങ്ങളും ഇന്ത്യക്കു പുറമേ വിദേശത്തേക്ക് കയറ്റുമതി ചെയുന്നുമുണ്ട്. നിലവില്‍ പ്രതിമാസം 10,000 യൂണിറ്റുകളാണ് ഈ മോഡലുകളുടെ ഉത്പാദനമെങ്കില്‍ ഭാവിയില്‍ ഇത് 30,000 ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ഇന്ത്യയില്‍ 41 നഗരങ്ങളിലാണ് ട്രയംഫ് മോഡലുകളുടെ വില്‍പനയെങ്കില്‍ മാര്‍ച്ച് ആകുമ്പോഴേക്കും ഇരട്ടി നഗരങ്ങളിലേക്കെത്തിക്കാനുമുള്ള പദ്ധതികളും ബജാജിനുണ്ട്.