ADVERTISEMENT

വാഹനലോകത്തിനും വാഹന പ്രേമികള്‍ക്കും ഒരുപോലെ പരിചിതനാണ് മുന്‍ ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ. ടൊയോട്ട സ്ഥാപകൻ കിച്ചിരോ ടൊയോഡയുടെ പേരക്കുട്ടിയായ അകിയോ ടൊയോഡ സ്വന്തം കമ്പനിയേയും കാറുകളേയും മാത്രം ഇഷ്ടപ്പെടുന്നയാളല്ല. മറ്റു കമ്പനികളുടെ വാഹനങ്ങളോടുള്ള ഇഷ്ടം നേരത്തെയും അകിയോ ടൊയോഡ പ്രകടിപ്പിച്ചിട്ടുണ്ട്. വാഹന പ്രദര്‍ശനമായ ടോക്കിയോ ഓട്ടോ സാലോണില്‍ സുസുകി ജിംനിയേയും ഉള്‍പ്പെടുത്തിയാണ് ടൊയോഡ ഇക്കുറി ഞെട്ടിച്ചത്.

എല്ലാവര്‍ഷവും ജനുവരിയില്‍ ജപ്പാനില്‍ ടൊയോട്ട സംഘടിപ്പിക്കുന്ന വിപുലമായ വാഹന പ്രദര്‍ശനമാണ് ടോക്കിയോ ഓട്ടോ സാലോണ്‍. പ്രദര്‍ശനം കാണാനെത്തിയവര്‍ 'മോറിസോ ഗരാജില്‍' സുസുക്കിയുടെ ജിമ്‌നിയെ കണ്ട് അമ്പരന്നു. ഡ്രൈവിങ്ങിലും കഴിവു തെളിയിച്ചിട്ടുള്ളയാളാണ് അകിയോ ടൊയോഡ. കാര്‍ റേസര്‍മാര്‍ക്കിടയില്‍ മോറിസോ കിനോഷിട്ട എന്ന പേരിലാണ് അകിയോ ടൊയോഡ അറിയപ്പെടുന്നത്. 'മോറിസോ ഗരാജ്' എന്നു പേരിട്ടുകൊണ്ട് പ്രദര്‍ശിപ്പിച്ച അഞ്ചു വാഹനങ്ങളിലൊന്നായിരുന്നു ജിംനി.

മറ്റൊരു ജാപ്പനീസ് കമ്പനിയായ സുസുക്കിയുടെ ജിംനിയില്‍ ഒരു കണ്ണ് എപ്പോഴും ടൊയോട്ടക്കുണ്ടായിരുന്നു. അത് അവര്‍ പലപ്പോഴായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വേറെ പല വാഹനങ്ങളുടെ കാര്യത്തിലും പരസ്പരം സഹകരണമുണ്ടെങ്കിലും ജിംനിയെ നല്‍കാനുള്ള ആവശ്യം സുസുക്കി നിഷ്‌ക്കരുണം തള്ളി. 'ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസര്‍ മറ്റൊരു കമ്പനിക്ക് നിര്‍മിക്കാനാവുമോ?' എന്നായിരുന്നു സുസുക്കിയുടെ ഒരു എക്‌സിക്യൂട്ടീവ് ചോദിച്ചത്. അത്രത്തോളം സുസുക്കിയുടെ ഡിഎന്‍എ ഉള്ള വാഹനമാണ് ജിംനിയെന്നു കൂടി അവരുടെ കടുംപിടുത്തം തെളിയിക്കുന്നു.

2017 മുതല്‍ ടൊയോട്ടയും സുസുക്കിയും പരസ്പരം സഹകരിക്കുന്നുണ്ട്. സുസുക്കിയില്‍ 4.9 ശതമാനം ഓഹരി പങ്കാളിത്തം പോലും ടൊയോട്ടക്കുണ്ട്. തിരിച്ച് ടൊയോട്ടയില്‍ 0.2 ശതമാനം ഓഹരി പങ്കാളിത്തം സുസുക്കിക്കുമുണ്ട്. എന്നാല്‍ അതൊന്നും ജിമ്‌നിയെ വിട്ടുകൊടുക്കാന്‍ സുസുക്കിക്ക് കാരണമായില്ല. iQ GRMN, ജിആര്‍ കൊറോള എന്നിങ്ങനെയുള്ള ടൊയോട്ടയുടെ പ്രമുഖ കാറുകള്‍ക്കൊപ്പമാണ് മോറിസോ ഗരാജില്‍ ജിംനിയേയും പ്രദര്‍ശിപ്പിച്ചിരുന്നത്. ഇത് അകിയോ ടൊയോഡയുടെ ജിംനിയോടുള്ള പ്രത്യേക ഇഷ്ടം കൂടിയാണ് വെളിവാക്കുന്നത്. 2009ല്‍ 100 യൂണിറ്റ് മാത്രം നിര്‍മിച്ച iQ GRMN കാറുകളിലൊന്നാണ് അകിയോ ടൊയോഡയുടെ പക്കലുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ iQ GRMNന് കൂടുതല്‍ കരുത്തുള്ള സൂപ്പര്‍ചാര്‍ജ്ഡ് വകഭേദവും ഉണ്ടായി.

സെഞ്ചുറി എസ്‌യുവി GRMN ആണ് മോറിസോ ഗരാജില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു വാഹനം. പിന്നില്‍ സ്ലൈഡിങ് വാതിലുകളുള്ള എംപിവിയാണിത്. തങ്ങളുടെ ആഡംബര എസ്‌യുവിയെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയിട്ടുണ്ട് ടൊയോട്ട. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചിട്ടുള്ള ഈ കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ എപ്പോള്‍ മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമല്ല.

യമഹയുടെ വിനൊ സ്‌കൂട്ടറും മോറിസോ ഗരാജിലുണ്ട്. വെസ്പ സ്‌കൂട്ടര്‍ വാങ്ങാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും വില കൂടുതലായിരുന്നതിനാല്‍ വിനൊ വാങ്ങുകയായിരുന്നുവെന്നാണ് അകിയൊ തന്നെ വിശദീകരിച്ചത്. സാധാരണക്കാരെ പോലെ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് അകിയൊ തന്റെ കാറുകളും വാങ്ങാറ്. എങ്കിലും GRMN കാറുകള്‍ വാങ്ങുമ്പോള്‍ വെയ്റ്റിങ് പിരീഡ് ഒഴിവാക്കാറുണ്ടെന്ന കാര്യവും അകിയൊ സമ്മതിച്ചിട്ടുണ്ട്. GRMN ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ അടക്കം നിരവധി വാഹനങ്ങളുള്ളയാളാണ് ടൊയോട്ട മുന്‍ സിഇഒ അകിയൊ ടൊയോഡ.

English Summary:

Auto News, Toyota chairman brought his Suzuki Jimny to a car show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com