ADVERTISEMENT

ബോളിവുഡിലെ പ്രസിദ്ധ ഗായകനായ ഷാന്‍ മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഎസ് ഇവി ആഡംബര കാര്‍ സ്വന്തമാക്കി. ഷാനും കുടുംബവും ചേര്‍ന്ന് പുതിയ കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന വിലയിലുള്ള വൈദ്യുത കാറാണ് ഇക്യുഎസ് 580. ഒറ്റ ചാര്‍ജില്‍ 857 കി.മീ റേഞ്ച് നല്‍കുന്ന ഈ കാറിന് 1.55 കോടി രൂപയാണ് വില. 

shaan-1

ഷാനും കുടുംബവും പുതിയ കാറിനെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ മെഴിസിഡീസ് ബെൻസ് വിതരണക്കാരായ ഓട്ടോഹാങ്ങറാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. 'പരിധികളില്ലാതെ മികച്ച പ്രകടനവും ആഡംബരവും ഒത്തിണങ്ങിയ ഡ്രൈവിങ് മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഎസിനൊപ്പം ഷാനിന് ആസ്വദിക്കാനാവട്ടെ. അദ്ദേഹത്തിന്റെ വരും യാത്രകള്‍ കൂടുതല്‍ പരിസ്ഥിതിയോടിണങ്ങുന്നതാവും' എന്നാണ് ഓട്ടോഹാങ്ങര്‍ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയത്. 

shaan

നീല നിറമാണ് തന്റെ ഇക്യുഎസ് 580ഇവിക്ക് ഷാന്‍ തെരഞ്ഞെടുത്തത്. ഭാര്യ രാധിക മുഖര്‍ജിക്കും മകന്‍ സോഹം മുഖര്‍ജിക്കുമൊപ്പമാണ് ഷാന്‍ പുതിയ കാര്‍ ഏറ്റുവാങ്ങാന്‍ ഡീലര്‍ഷിപ്പിലേക്കെത്തിയത്. മൂന്നു പേരും ചേര്‍ന്നാണ് പുതിയ കാറിന്റെ കവര്‍ നീക്കുന്നത്. പുത്തന്‍ കാറിനെ വരവേറ്റുകൊണ്ട് രാധിക മുഖര്‍ജി ചില പൂജകള്‍ നടത്തുന്നതും ചിത്രങ്ങളിലുണ്ട്. പിന്നീട് മൂവരും കേക്ക് മുറിച്ചും സന്തോഷം പങ്കിടുന്നുണ്ട്. 

മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഎസ് 580

മെഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യയിലെ വൈദ്യുത കാര്‍ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ സ്ഥാനമുള്ള വാഹനമാണ് ഇക്യുഎസ് 580. 2022 സെപ്തംബറിലാണ് ഈ സെഡാന്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. 1.62 കോടി രൂപയെന്ന വിലപോലെ തന്നെ വലിയ 107.8kWh ബാറ്ററി പാക്കും ഇക്യുഎസ് 580ക്കുണ്ട്. ഇന്ത്യന്‍ വിപണിയിലുള്ള വൈദ്യുത കാറുകളില്‍ ഏറ്റവും വലിയ ബാറ്ററി പാക്കാണിത്. 857 കി.മീ ആണ് മെഴ്‌സിഡീസ് ബെന്‍സ് വാഗ്ദാനം ചെയ്യുന്ന റേഞ്ച്. വെറും 31 മിനുറ്റുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജു ചെയ്യാനാവുന്ന ഫാസ്റ്റ് ചാര്‍ജറും വാഹനത്തിനുണ്ട്. 

mercedes-benz-eqs-53

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇക്യുഎസ് 580യുടെ കരുത്ത്. ഒരെണ്ണം മുന്നിലെ ആക്‌സിലിലും മറ്റൊന്ന് പിന്നിലെ ആക്‌സിലിലും ഘടിപ്പിച്ചിരിക്കുന്നു. ഇത് വാഹനത്തിന് ഓള്‍ വീല്‍ ഡ്രൈവ് സാധ്യമാക്കുന്നുണ്ട്. രണ്ടു മോട്ടോറുകളും ചേര്‍ന്ന് 523എച്ച്പി കരുത്തും 856എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. നിന്ന നില്‍പില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ വെറും 4.2 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 210 കിലോമീറ്റര്‍. ഡി മാപ്പ്‌സ്, എച്ച് യു ഡി, മുന്‍ സീറ്റുകളില്‍ മസാജ് സൗകര്യം, ബൂംസ്റ്റര്‍ 3ഡി സൗണ്ട് സിസ്റ്റം, എയര്‍ ഫില്‍ട്ടറേഷന്‍, പിന്‍സീറ്റുകളില്‍ എംബിയുഎക്‌സ് ടാബ്ലറ്റ്, ഒമ്പത് എയര്‍ബാഗുകള്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് എന്നു തുടങ്ങി ആഡംബര ഫീച്ചറുകളുടെ പട്ടിക നീണ്ടതാണ്. 

English Summary:

Auto News, Bollywood Singer Shaan Takes Delivery Of Mercedes Benz EQS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com