500 ട്രെയിന്‍ എന്‍ജിനുകള്‍; റെക്കോർഡ് നേട്ടവുമായി ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്ക്‌സ്
Mail This Article
ഒരു സാമ്പത്തിക വര്‍ഷം 500 ട്രെയിന്‍ എന്‍ജിനുകള്‍ നിര്‍മിക്കുകയെന്ന റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്ക്‌സ് (CLW). ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാന എൻജിൻ നിർമാണ കേന്ദ്രമാണ് ബംഗാളിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്ക്‌സ്. 2021-22 വര്‍ഷത്തെ 486 ട്രെയിന്‍ എന്‍ജിനുകള്‍ എന്ന റെക്കോർഡാണ് അവര്‍ തിരുത്തിയത്.
1950ല്‍ പ്രവര്‍ത്തനം ആരംഭിച്ച ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സില്‍ WAP-5, WAP-7, WAG-9 എന്നിങ്ങനെ മൂന്നു തരം വൈദ്യുത തീവണ്ടി എന്‍ജിനുകളാണ് റെയില്‍വേക്കു വേണ്ടി നിര്‍മിക്കുന്നത്. WAP-5, WAP-7 എന്നിവ പാസഞ്ചര്‍ എന്‍ജിനുകളാണെങ്കില്‍ WAG-9 ചരക്കു എന്‍ജിനുമാണ്. 12,000hp കരുത്തുള്ള WAG-9 ട്വിന്‍ എന്‍ജിനുകളാണ് 500, 501 എന്‍ജിനുകളായി നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ റെയില്‍വേയുടെ ‘മലൈക്കോട്ടൈ വാലിബ’നാണ് WAP-9 ട്വിന്‍ എന്‍ജിനുകള്‍. 2023 ഒക്ടോബര്‍ 31ന് മാത്രമാണ് ആദ്യ WAP-9 ട്വിന്‍ എന്‍ജിനുകള്‍ സിഎല്‍ഡബ്ല്യുവില്‍ നിര്‍മിച്ചത്. ഫ്രഞ്ച് ട്രെയിന്‍ എന്‍ജിന്‍ നിര്‍മാതാക്കളായ അല്‍സ്റ്റം ബിഹാറിലെ മധേപുര ലോക്കോമോട്ടീവ് ഫാക്ടറിയില്‍ നിര്‍മിക്കുന്ന WAP-12 ട്വിന്‍ ലോക്കോസിന് പകരമായാണ് WAP-9 ട്വിന്‍സിന്റെ വരവ്.
WAP-9 തീവണ്ടി എന്‍ജിനേക്കാള്‍ കാര്യക്ഷമത കൂടുതലുള്ള WAP-12 ലോക്കോ 2018ലാണ് അവതരിപ്പിക്കപ്പെട്ടത്. WAP-9ന് 6,125 എച്ച്പിയാണ് കരുത്തെങ്കില്‍ WAP-12ന് 12,000എച്ച്പി കരുത്തുണ്ട്. 2028 ആവുമ്പോഴേക്കും 800 WAP-12 തീവണ്ടി എന്‍ജിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഇന്ത്യന്‍ റെയില്‍വേയിലെ എന്‍ജിനീയര്‍മാര്‍ കൂടുതല്‍ ട്വിന്‍ ലോക്കോസ് നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ്.
രണ്ട് ഡീസല്‍ എന്‍ജിനുകളെ ട്വിന്‍ ഇലക്ട്രിക് ചരക്ക് എന്‍ജിനുകളാക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ ആദ്യത്തേത് WAGC-3 എന്നറിയപ്പെട്ടിരുന്ന WAG-10 എന്ന എന്‍ജിനാണ്. രണ്ട് WDG-3A ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ക്കുന്നതോടെ ഇത് 10,000 എച്ച്പി ട്വിന്‍ ഇലക്ട്രിക് എന്‍ജിനായി മാറും. രണ്ടാമത്തേത് രണ്ട് WDG-4 ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ന്നുള്ള WAG-11 എന്‍ജിനാണ്. ഈ ട്വിന്‍ എന്‍ജിനും 12,000എച്ച്പി കരുത്തുള്ളതായിരിക്കും.
പുതിയ WAP-9 ട്വിന്‍സിന് സാധാരണ WAP-9 തീവണ്ടി എന്‍ജിന്റെ ഇരട്ടി കരുത്തുണ്ട്. അതായത് 6,125 എച്ച്പി നേരെ 12,000 എച്ച്പി ആവുന്നതോടെ WAP-9 ട്വിന്‍ WAP-12ന്റെ ഒത്ത എതിരാളിയായി മാറും. 12 ആക്‌സിലുകളും 246 ടണ്‍ ഭാരവുമുണ്ട് ഈ എന്‍ജിന്. WAG-12നാവട്ടെ 8 ഡ്രിവന്‍ ആക്‌സിലുകളും 180 ടണ്‍ ഭാരവുമാണുള്ളത്. സാമ്പത്തികവര്‍ഷം തീരാന്‍ ഇനിയും രണ്ടു മാസമുണ്ട്. അതുകൊണ്ടുതന്നെ സിഎല്‍ഡബ്ല്യുവിന്റെ റെക്കോർഡ് കൂടുതല്‍ മെച്ചപ്പെടുമെന്ന് ഉറപ്പിക്കാം.