ADVERTISEMENT

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളും വില്‍പനയും നടക്കുന്ന വിഭാഗം ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സബ് ഫോര്‍ മീറ്റര്‍ കോംപാക്ട് എസ്‌യുവി. 'എസ്‌യുവിയുടെ ഫീച്ചറുകളും ചെറുകാറിന്റെ സൗകര്യവും' എന്നത് ഇന്ത്യന്‍ കാര്‍ വിപണിയുടെ വിജയമന്ത്രമായി മാറിയിരിക്കുകയാണ്. സ്വാഭാവികമായും നിരവധി പുതിയ മോഡലുകള്‍ ഈ വിഭാഗത്തില്‍ വരും മാസങ്ങളില്‍ തന്നെ പ്രതീക്ഷിക്കാം. എക്‌സ് യു വി300 ഫേസ്‌ലിഫ്റ്റ്, ടൊയോട്ട ടൈസോര്‍, സ്‌കോഡ എസ്‌യുവി, കിയ ക്ലാവിസ് എന്നിങ്ങനെ പോവുന്നു ഈ പട്ടിക. 

കിയ ക്ലാവിസ്

സോണറ്റ്, സെല്‍റ്റോസ് മോഡലുകള്‍ക്കിടയിലേക്കാണ് കിയ ക്ലാവിസിനെ അവതരിപ്പിക്കുന്നത്. കോംപാക്ട് എസ്‌യുവി കൂടി വരുന്നതോടെ കിയയുടെ മോഡലുകള്‍ വിപുലമാവും. ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര തലത്തില്‍ അവതരിപ്പിച്ച് അടുത്ത വര്‍ഷം ആദ്യം ക്ലാവിസിനെ പുറത്തിറക്കാനാണ് പദ്ധതി. കൊറിയയില്‍ ക്ലാവിസ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എവൈ എന്ന് കിയ വിളിക്കുന്ന ക്ലാവിസ് ഇലക്ട്രിക്, പരമ്പരാഗത പെട്രോളിയം പവര്‍ട്രെയിനുകളില്‍ പുറത്തിറങ്ങും. മുന്നില്‍ എടുപ്പോടെയുള്ള കിയ വാഹനങ്ങളുടെ പൊതു ഡിസൈനില്‍ തന്നെയാവും ക്ലാവിസും എത്തുക. 

സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി 

സ്‌കോഡയുടെ ഇന്ത്യ 2.5 പദ്ധതിയുടെ ഭാഗമാണ് കോംപാക്ട് എസ്‌യുവി. തദ്ദേശീയമായി കരുത്തുറ്റ ഒരു വാഹനം നിര്‍മിച്ചെടുക്കാനാണ് ഇന്ത്യയില്‍ സ്‌കോഡ ലക്ഷ്യമിടുന്നത്. നിര്‍മാണത്തിന്റെ 90 ശതമാനവും ഇന്ത്യയില്‍ തന്നെയായിരിക്കും പൂര്‍ത്തിയാക്കുക. ഇന്ത്യ മാത്രമല്ല വിദേശ വിപണികളും ഈ വാഹനത്തിനായി സ്‌കോഡ ലക്ഷ്യമിടുന്നുണ്ട്. 2025ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എംക്യൂബി എ0 ഐഎൻ പ്ലാറ്റ്‌ഫോമില്‍ 1.0 ലീറ്റര്‍ ടി എസ് ഐ എന്‍ജിനാണ് സ്‌കോഡയുടെ കരുത്ത്. 115 ബിഎച്ച്പി കരുത്ത്, പരമാവധി ടോര്‍ക്ക് 178 എൻഎം.

maruti-suzuki-ewx-1

മാരുതി സുസുക്കി മൈക്രോ എസ്‌യുവി

ടാറ്റ പഞ്ചിനും ഹ്യുണ്ടേയ് എക്സ്റ്ററിനും വെല്ലുവിളിയുമായാണ് മാരുതി സുസുക്കി മൈക്രോ എസ്‌യുവിയുടെ വരവ്. വിപണി കാത്തിരുന്ന ഈ മോഡലിനെ ബ്രെസക്കു താഴെയായിട്ടാണ് മാരുതി സുസുക്കി അഴതരിപ്പിക്കുക. വൈ43 എന്ന പേരില്‍ ആഭ്യന്തരമായി അറിയപ്പെടുന്ന ഈ വാഹനത്തെ എസ്‌യുവി സ്റ്റൈലിങ്ങിലായിരിക്കും മാരുതി സുസുക്കി പുറത്തിറക്കുക. ഇപ്പോഴും വാഹനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ മാരുതി സുസുക്കി പുറത്തുവിട്ടിട്ടില്ല. 

മുഖം മിനുക്കിയെത്തുന്ന മഹീന്ദ്ര എക്‌സ് യു വി 300

സുപ്രധാനമായ മാറ്റങ്ങളോടെ എത്തുന്ന എക്‌സ്‌യുവി 300 ഉം കോംപാക്ട് എസ്‌യുവി വിഭാഗത്തെ സമ്പന്നമാക്കും. ഡിസൈനില്‍ മാറ്റങ്ങളും ഫീച്ചറുകളില്‍ പുതുമയുമുണ്ടാവും. മഹീന്ദ്രയുടെ ബിഇ സീരീസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഡ്രൈവര്‍ ഡിസ്‌പ്ലേയും എക്‌സ് യു വി 300ലുണ്ടാവും. 1.2 ലീറ്റര്‍ ടിജിഡിഐ പെട്രോള്‍ എന്‍ജിനില്‍ കൂടുതലായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാവും. 

toyota-fronx-1

ടൊയോട്ട ടൈസര്‍

ഈവര്‍ഷം തുടക്കം തന്നെ ടൊയോട്ടയുടെ സബ് കോംപാക്ട് എസ്‌യുവി ടൈസര്‍ ഇന്ത്യയിലേക്കെത്തും. മാരുതി സുസുക്കി ഫ്രോങ്ക്‌സ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാഹനം. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളിലെത്തുന്ന ടൈസറില്‍ ഫ്രോങ്ക്‌സിന്റെ പവര്‍ട്രെയിനും പങ്കുവെക്കപ്പെടുന്നുണ്ട്. 1.2 ലീറ്റര്‍ കെ12സി എന്‍ജിനും 1.0 ലീറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ പെട്രോള്‍ മോട്ടോറുമുള്ള വാഹനമാണ് ടൈസര്‍. എങ്കിലും ഡിസൈനിലും അകത്തളത്തിലെ സൗകര്യങ്ങളിലും ടൈസറിന് ഫ്രോങ്ക്‌സിനേക്കാള്‍ വലിയ വ്യത്യാസമുണ്ടാവും. 

കിയ, സ്‌കോഡ, മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട എന്നിങ്ങനെയുള്ള പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ കോംപാക്ട് എസ് യു വികള്‍ പുറത്തിറക്കുന്നതോടെ ഈ വിഭാഗം കൂടുതല്‍ സമ്പന്നമാകും. ഇതോടെ ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ കൃത്യമായി ഇഷ്ട മോഡല്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം വര്‍ധിക്കുകയും ചെയ്യും.

English Summary:

Auto News, 5 Must-Watch Compact SUVs Coming to India by 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com