റോഡരികിൽ കുഞ്ഞുങ്ങളെ കൈവിടരുത്, ഭാഗ്യം എപ്പോഴും രക്ഷിക്കണമെന്നില്ല: വിഡിയോ

Mail This Article
റോഡിലൂടെ കുട്ടികളുമായി സഞ്ചരിക്കുമ്പോൾ ഏറെ ശ്രദ്ധവേണം. കൈപിടി ഒന്ന് അയഞ്ഞാൽ ചിലപ്പോൾ സംഭവിക്കുക വലിയ ദുരന്തമാകും. അത്തരത്തിലൊരു വിഡിയോയാണ് മോട്ടർവാഹന വകുപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ കുട്ടി റോഡു മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴുണ്ടായ അപകടമാണ് വിഡിയോയിൽ.
എതിരെ വന്ന കാർ കുട്ടിയെ തട്ടുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് പിന്നിലൂടെ വന്ന കുട്ടിയ കാർ ഡ്രൈവർ കണ്ടതും പെട്ടെന്ന് വെട്ടിച്ചതും വലിയ അപകടം ഒഴിവാക്കി. ഓട്ടോയിൽ നിന്ന് ഇറങ്ങിയ കുട്ടി രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് റോഡിലേക്ക് ഇറങ്ങിയതാണ്. ഓടുന്ന കൂട്ടിയെ കണ്ട് മാതാവ് പുറകെയെത്തിയെങ്കിലും അപകടം സംഭവിച്ചു. റോഡിൽ വീണ കുട്ടിക്ക് വലിയ പരുക്കുകളില്ലെന്നാണ് സൂചന. അപകടം നടന്ന സ്ഥലം വ്യക്തമല്ല.
എപ്പോഴും അദ്ഭുതങ്ങൾ സംഭവിക്കണമെന്നില്ല, ഭാഗ്യം എപ്പോഴും കടാക്ഷിക്കണമെന്നുമില്ല. മക്കൾ നമ്മുടേതാണ് എന്ന ചിന്ത ഒരിക്കലും മറക്കരുത്, അവരെ ഒരിക്കലും കൈവിടരുത്. മാത്രമല്ല ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾ എങ്ങനെ റോഡ് മുറിച്ചുകടക്കണമെന്ന് നമ്മൾ രക്ഷിതാക്കൾ തന്നെ മക്കളോട് നിർബന്ധമായും പറഞ്ഞു മനസ്സിലാക്കണം. എന്ന കുറിപ്പോടു കൂടിയാണ് മോട്ടർവാഹന വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ചത്.