ADVERTISEMENT

ഇലക്ട്രിക് വാഹന വിപണിയിൽ മുൻപേ കുതിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ഇന്ത്യൻ പാസഞ്ചർ കാർ വിപണിയുടെ നാലു ശതമാനം എന്ന ചെറിയ വിഹിതത്തിൽ കേരളമൊതുങ്ങുമെങ്കിൽ വൈദ്യുത കാർ വിപണിയിൽ അതല്ല സ്ഥിതി. മഹാരാഷ്ട്രയ്ക്ക് പിന്നിൽ 13.2 ശതമാനം എന്ന വലിയ മാർക്കറ്റ് ഷെയറുമായി ഇലക്ട്രിക് കാർ വിപണിയിലെ രണ്ടാമനാണ് കേരളം. ടാറ്റയും എംജിയും ബിവൈഡിയും അടക്കം പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളുടെ കാറുകൾക്കെല്ലാം കേരളത്തിൽ വലിയ സ്വീകാര്യതയാണ്. എന്തുകൊണ്ടായിരിക്കും കേരള വൈദ്യുത കാർ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്നത്. 

ചില വില്‍പന യാഥാർഥ്യങ്ങള്‍

സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയും ബുക്കിങ്ങുമെല്ലാം ടാറ്റ, എംജി തുടങ്ങിയ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളെ വരെ അദ്ഭുതപ്പെടുത്തി. കാരണം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വിറ്റ വാഹനങ്ങളില്‍ ഏതാണ്ട് 14 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരുന്നു.

ഉയര്‍ന്ന ഇന്ധനവില

താരതമ്യേന രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയാണ് കേരളത്തിലേത്. ആളുകളെ ഇലക്ട്രിക്കിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു കാര്യമാണ് ഇത്. ശരാശരി മലയാളി ഗുണഭോക്താവ് ഒരു മാസത്തെ ഇന്ധനത്തിനായി മാറ്റിവയ്‌ക്കേണ്ടി വരുന്നത് 3000 മുതല്‍ 5000 വരെ രൂപയാണ്. പെട്രോളിനെ അപേക്ഷിച്ച് തീര്‍ത്തും കുറഞ്ഞ തുകയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം. പ്രകൃതിക്ക് ദോഷമാകില്ലന്ന ഗുണവും കാരണമാകുന്നു.

ഹോം ചാര്‍ജിങ്

വൈദ്യുതീകരണത്തില്‍ കേരളം കൈവരിച്ച നിലവാരമാണ് മറ്റൊരു പ്രധാന കാരണം. മിക്ക വീടുകളിലും മികച്ച വോള്‍ട്ടേജ് കൃത്യമായി ലഭിക്കുന്ന വൈദ്യുത സന്നാഹങ്ങള്‍ ഉള്ളതിനാല്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം വീടുകളില്‍ ഉപയോഗിക്കുന്നു.  കൂടാതെ സൗരോർജം ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കൂടുതലുള്ളതും ഒരു കാരണമാണ്. പബ്ലിക് ചാര്‍ജിങ് പോയിന്റുകളെ അപേക്ഷിച്ച് വാഹനം സ്വന്തം ഇടത്തില്‍ത്തന്നെ ചാര്‍ജ് ചെയ്യാം. പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളും കേരളത്തിൽ ധാരാളമുണ്ട്.

‌‌മികച്ച റോഡുകളും കുറഞ്ഞ ദൂരവും

മലയാളികളില്‍ ഭൂരിഭാഗവും തൊഴിലിടത്തിനോടു ചേര്‍ന്നു തന്നെ താമസവും ക്രമീകരിക്കുന്ന കാര്യത്തില്‍ വിദഗ്ധരാണല്ലോ. ഇതിനാല്‍ ജോലിക്ക് പോയി മടങ്ങിവരാന്‍ മിക്കവര്‍ക്കും 15 - 20 കിലോമീറ്റർ മാത്രമായിരിക്കും. ഇതിനാല്‍ പലരും ഇലക്ട്രിക്കിലേക്ക് മാറുന്നു. മികച്ച റോഡുകളായതിനാല്‍ കാര്യമായ ഇന്ധന നഷ്ടവും ഉണ്ടാകുന്നില്ല. ഇവി രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ എന്ന വിധത്തില്‍ ചാര്‍ജ് ചെയ്താലും മതി. 

English Summary:

Auto News, Kerala Adopting Electric Vehicles Faster Than Other Indian States: What Are The Reasons?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com