ADVERTISEMENT

രാജ്യാന്തര വൈദ്യുത കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ബിവൈഡി അടുത്ത ആഴ്ച പുതിയ സൂപ്പര്‍കാര്‍ പുറത്തിറക്കും. ഫെബ്രുവരി 25നാണ് ബിവൈഡി യാങ്‌വാങ് യു 9 ഇലക്ട്രിക് സൂപ്പര്‍കാര്‍ പുറത്തിറക്കുക. വെറും രണ്ട് സെക്കന്‍ഡില്‍ മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ യു 9ന് സാധിക്കും.

യാങ്‌വാങ് ആഡംബര ബ്രാന്‍ഡിനു കീഴിലെ മൂന്നാമത്തെ കാറാണ് യു9. ബിവൈഡിയുടെ ഇ4 പ്ലാറ്റ്‌ഫോമില്‍ DiSus വെഹിക്കിള്‍ ബോഡി കണ്‍ട്രോള്‍ സിസ്റ്റം സഹിതമാണ് യു9ന്റെ വരവ്. 4,966 എംഎം നീളവും 2,029 എംഎം വീതിയും 1,295 എംഎം ഉയരവുമുള്ള രണ്ടു ഡോര്‍ കൂപ്പെയാണ് യു9. ബിവൈഡിയുടെ പ്രധാന എതിരാളികളായ ടെസ്‌ലയുടെ മോഡല്‍ എസിന്റെ ഏതാണ്ട് അതേ വലുപ്പത്തില്‍ വരുന്ന വാഹനമാണിത്. 700 കിമീ റേഞ്ച് കിട്ടുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ബിവൈഡി അവരുടെ ആഡംബര കാര്‍ ബ്രാന്‍ഡായ യാങ്‌വാങ് അവതരിപ്പിക്കുന്നത്. യു8 ആയിരുന്നു ബ്രാന്‍ഡിന്റെ ആദ്യ വാഹനം. കഴിഞ്ഞ ഡിസംബറില്‍ വിതരണം ആരംഭിച്ച യു8ന് 1.50 ലക്ഷം ഡോളറാണ് (ഏകദേശം 1.24 കോടി രൂപ) വിലയിട്ടിരുന്നത്. ജനുവരിയില്‍ ആകുമ്പോഴേക്കും ചൈനയില്‍ 1,600 യു8 വാഹനങ്ങള്‍ വിറ്റഴിക്കാനായെന്നാണ് ബിവൈഡി അറിയിച്ചത്

എത്ര വെല്ലുവിളികളുള്ള റോഡുകളിലും സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് യു8 എന്ന ഓഫ് റോഡര്‍. 1,200 എച്ച്പി കരുത്തും ടാങ്ക് ടേണ്‍, ടയര്‍ ബ്ലോഔട്ട് സ്‌റ്റെബിലൈസേഷന്‍ തുടങ്ങിയ ഫീച്ചറുകളും യു8നുണ്ട്. അടിയന്തര സാഹചര്യത്തില്‍ വെള്ളത്തിലൂടെ സഞ്ചരിക്കേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ ഫ്‌ളോട്ട് മോഡ് വരെ യു8നുണ്ട്.

yangvang-1 - 1
BYD Yangwang U9 (Source: BYD)

സെഡാന്‍ യു7

കഴിഞ്ഞ മാസം ബിവൈഡി യാങ്‌വാങ് ബ്രാന്‍ഡിനു കീഴിലെ അവരുടെ ആദ്യ സെഡാന്‍ യു7 പുറത്തിറക്കിയിരുന്നു. നാല് ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തില്‍ 1,300 എച്ച്പി വരെ കരുത്ത് പുറത്തെടുക്കാന്‍ സാധിക്കുന്ന കാറാണ് യാങ്‌വാങ് യു7. ബിവൈഡിയുടെ ഫിന്‍ഡ്രീംസ് യൂണിറ്റ് നിര്‍മിക്കുന്ന 135.5 kWh LFP ബാറ്ററി 800 കിലോമീറ്റര്‍ വരെ ഈ വാഹനത്തിന് റേഞ്ച് നല്‍കുന്നു. ബെയ്‌സ്(719 കി.മി), ലോങ് റേഞ്ച്(800കി.മി) എന്നിങ്ങനെ മോ‍ഡലുകളിൽ യു7 എത്തുന്നുണ്ട്. 1,40,000 ഡോളറാണ് വില.

ടെസ്‌ലയേയും മറികടന്ന്

കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വൈദ്യുത കാര്‍ വില്‍പനയില്‍ ബിവൈഡി ടെസ്‌ലയേയും മറികടന്ന് ചരിത്രം സൃഷ്ടിച്ചിരുന്നു. 2024ല്‍ കൂടുതല്‍ വിപുലമായ പദ്ധതികള്‍ ചൈനീസ് വാഹന നിര്‍മാതാക്കള്‍ക്കുണ്ട്. ആഡംബര കാര്‍ ബ്രാന്‍ഡ് വിപുലപ്പെടുത്തുന്നതിനൊപ്പം സീ ലയണ്‍ 07, സോങ് എല്‍ എന്നിങ്ങനെയുള്ള മിഡ് സൈസ് എസ് യു വികളും ബിവൈഡി പുറത്തിറക്കുന്നുണ്ട്. താരതമ്യേന വില കുറഞ്ഞ ഡോള്‍ഫിന്‍, അട്ടോ 3, സീല്‍ എന്നിങ്ങനെയുള്ള വൈദ്യുത കാര്‍ മോഡലുകളാണ് ബിവൈഡിക്ക് രാജ്യാന്തര വിപണിയില്‍ സ്വാധീനം വിപുലപ്പെടുത്താന്‍ സഹായിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com