ADVERTISEMENT

രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിയിൽ പുതു ചുവടുവെപ്പിനൊരുങ്ങുകയാണ്  ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിക്കണമെന്ന ലക്‌ഷ്യം മുൻനിർത്തിക്കൊണ്ട് കമ്പനി അൾട്രാ-ഫാസ്റ്റ് ഇ വി ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു. അതിന്റെ ഭാഗമായി പുതിയ 11 സ്റ്റേഷനുകളാണ് പ്രധാന നഗരങ്ങളോട് ചേർന്നുള്ള ഹൈവേ സമീപമായി സ്ഥാപിക്കുന്നത്. 

പുതിയ ചാർജിങ് സ്റ്റേഷനുകളിൽ ആറെണ്ണം മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ഗുരുഗ്രാം, ബംഗളൂരു എന്നീ നഗരങ്ങളിലാണ്. മറ്റു അഞ്ചു സ്റ്റേഷനുകൾ പ്രധാന ഹൈവേകളായ ഡൽഹി - ചണ്ഡീഗഡ്, ഡൽഹി - ജയ്‌പൂർ, ഹൈദരാബാദ് - വിജയവാഡ, മുംബൈ -സൂററ്റ്, മുംബൈ - നാസിക്ക് എന്നിവിടങ്ങളിൽ സ്ഥാപിക്കാനാണ് ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. 

പ്രധാന നഗരങ്ങളിലും  ദീർഘ ദൂര യാത്രകളിലും ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദമായും വളരെ വേഗത്തിലും വാഹനങ്ങൾ ചാർജ് ചെയ്തു നൽകുക എന്നതാണ് ഈ ചാർജിങ് സ്റ്റേഷനുകളുടെ പ്രധാന ഉന്നം. ചാർജിങ് സ്റ്റേഷനുകൾ 24/ 7 പ്രവർത്തനനിരതമായിരിക്കും. വാഹന ഉടമകൾക്കു സ്വയം അൾട്രാ - ഫാസ്റ്റ് ഇ വി ചാർജിങ് സ്റ്റേഷനുകളിൽ നിന്നും വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഈ ചാർജറുകൾ ഉപയോഗിച്ച് ഹ്യുണ്ടേയ്യുടെ ഇലക്ട്രിക് കാർ മോഡലായ അയോണിക് 5, 10 % നിന്നും 80 % ത്തിലെത്താൻ വെറും 21 മിനിറ്റ് മതിയാകും. 

എങ്ങനെ ചാർജ് ചെയ്യാം ? 

മൈ ഹ്യുണ്ടേയ് എന്ന ആപ്പിലൂടെ വളരെ സൗകര്യപ്രദമായ രീതിയിൽ വാഹനങ്ങൾ ചാർജ് ചെയ്യാവുന്നതാണ്. ആപ് ഉപയോഗിച്ച് ചാർജിങ് സ്റ്റേഷനുകൾ എവിടെയെല്ലാമുണ്ടെന്നു കണ്ടെത്താം. ചാർജിങ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം, ഡിജിറ്റൽ പേയ്മെന്റ് നടത്താം. ചാർജിങ് സ്റ്റാറ്റസും അപ്പപ്പോൾ തന്നെ അറിയുകയും ചെയ്യാവുന്നതാണ്. 

2024 ൽ ഹ്യുണ്ടേയ് തങ്ങളുടെ അൾട്രാ - ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്ക് പുതിയ പത്തിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനായി പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടാതെ,  തമിഴ്നാട് ഗവൺമെന്റുമായുള്ള കരാർ പ്രകാരം 2027 ഓടെ 100 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

English Summary:

Auto News, Hyundai expands ultra-fast EV charging network in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com