സ്കൂട്ടറുകാരന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവറുടെ മിടുക്ക്, അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്: വിഡിയോ

Mail This Article
ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളിൽ ഒന്നാണ് ഇരുവശങ്ങളിലും നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം പ്രധാന പാതയിലേക്ക് പ്രവേശിക്കുക എന്നത്. എന്നാൽ ഒട്ടും ശ്രദ്ധിക്കാതെ വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവർ നിരവധിയാണ്. ഫലമോ, അപകടങ്ങൾ തുടർക്കഥയാകുകയും ചെയ്യുന്നു. ഇത്തരം തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ വിഡിയോ. അവസരോചിതമായ ഇടപെടലിലൂടെ ഒരു വലിയ അപകടത്തിൽ നിന്നും സ്കൂട്ടർ യാത്രികനെ രക്ഷിച്ച ബസ് ഡ്രൈവർക്കു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ്.
ഇരുവശങ്ങളിലും നിന്നും മറ്റു വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കാതെ, അശ്രദ്ധമായി സ്കൂട്ടറുകാരൻ വലതുഭാഗത്തേക്കു കയറുന്നതു വിഡിയോയിൽ കാണാവുന്നതാണ്. ബസിലേക്ക് സ്കൂട്ടർ ഇടിച്ചെങ്കിലും ബസ് ഡ്രൈവർ എതിർദിശയിലേക്കു വാഹനം വെട്ടിച്ചു മാറ്റിയതുകൊണ്ടുതന്നെ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. കാസർകോഡ് പൊയിനാച്ചിയിലായിരുന്നു അപകടം. ഒരു ലോറി കടന്നു പോയതിനു പുറകെയാണ് സ്കൂട്ടർ പ്രധാന പാതയിലേക്ക് പ്രവേശിച്ചത്. അതുകൊണ്ടുതന്നെ ബസ് ഡ്രൈവർ സ്കൂട്ടർ കാണുന്നുണ്ടായിരുന്നില്ല. ബസ് സഡൻ ബ്രേക്ക് ചെയ്ത് നിർത്തുകയും വശത്തേക്ക് വെട്ടിക്കുകയും ചെയ്തതാണ് യുവാവിന് തുണയായത്. അപകടത്തിൽ സ്കൂട്ടർ യാത്രികന് സാരമായ പരുക്കുകൾ ഇല്ലെയെന്നു വിഡിയോയിൽ വ്യക്തമാണ്.
കണ്ണൂർ - കാസർകോഡ് ദേശീയപാതയിലോടുന്ന എക്സോട്ടിക് എന്ന ബസിലെ ഡ്രൈവർ കനീഷാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്. എതിരെ വന്ന കാറിലെ ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ഒരു റോഡിലേക്ക് കയറുമ്പോൾ വാഹനം നിർത്തി ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി മാത്രം മുന്നോട്ടു നീങ്ങുക എന്ന നിർദ്ദേശത്തോടെ എം വി ഡി യുടെ ഫെയ്സ്ബുക്ക് പേജിലും വിഡിയോ പങ്കുവെയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് ബസ് ഡ്രൈവറെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ കുറിച്ചിരിക്കുന്നത്.