നിലവാരമില്ലാത്ത അലോയ് വീലുകള്‍ വില്ലനോ? എസ്യുവി മലക്കം മറിഞ്ഞത് 6 തവണ: വിഡിയോ

Mail This Article
വാഹനം വാങ്ങിയാലുടന്‍ പൊതുവേ ആളുകള്‍ ചെയ്യുന്ന ആദ്യ അപ്‌ഡേറ്റാണ് പുതിയ അലോയ് വീലുകള്‍. കൂടുതല്‍ സ്‌പോക്കുകളും തിളക്കവുമുള്ള അലോയ് വീലുകള്‍ വാഹനത്തിനു ഭംഗിയെന്നതു വാസ്തവം. എന്നാല്‍, ലാഭം നോക്കി വിലക്കുറവുള്ള അലോയ് വീലുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു അപായ സൂചനയാണ് കുറച്ചു കാലം മുമ്പ് നടന്ന ഈ അപകടവും വിഡിയോയും. നിലവാരമില്ലാത്ത അലോയ് വീൽ ഉപയോഗിച്ച് അപകടത്തിൽ പെട്ട ടൊയോട്ട ഫോർച്യൂണറിന്റേതാണ് വിഡിയോ.
ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത് തലകുത്തനെ മറിഞ്ഞുകിടക്കുന്ന ഒരു വാഹനമാണ്. ഇതിനു സമീപം തന്നെ ചിതറിത്തെറിച്ച വിധത്തില്‍ വലിയ സൈസുള്ള അലോയ് വീലും കാണാം. അലോയ് വീലിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്തെന്ന് വിഡിയോയില്‍ മനസിലാക്കാന്‍ സാധിക്കില്ല. എന്നാല്‍, വാഹനത്തിലെ ഒരു അലോയ് വീല്‍ സ്‌പോക്ക് ഒടിഞ്ഞതിനെ തുടര്‍ന്ന് മിതമായ വേഗത്തില്‍ പോയ്‌ക്കൊണ്ടിരുന്ന വാഹനം 6 തവണ തല കുത്തനെ മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നുണ്ട്. വാഹനത്തിന്റെ വലുപ്പത്തേക്കാള്‍ വലിയ അലോയ് വീലുകളും ടയറുകളുമാണ് അപകടത്തില്‍പെട്ട വാഹനത്തിലുള്ളതെന്ന് വ്യക്തമായി കാണാം.
വലിയ കുഴിയിലോ മറ്റോ ചാടിയ അലോയ് വീലുകളിലൊന്നിന് പൊട്ടല്‍ സംഭവിച്ചിരിക്കാം. തുടര്‍ന്ന് സ്‌പോക്കുകള്‍ക്ക് സംഭവിച്ച ക്ഷതത്താലും അപകടം സംഭവിക്കാം. കൂടാതെ വീലും സ്‌പോക്കും തമ്മില്‍ വേര്‍പിരിഞ്ഞാണ് ഇവിടെ അപകടം സംഭവിച്ചത്. ദൃശ്യത്തില്‍ അപകടം സംഭവിച്ച വീലിന്റെ മധ്യഭാഗവും ഹബും കാണാന്‍ സാധിക്കുന്നില്ല.
അലോയ് വീലുകള്‍
വാഹനത്തിന് നിര്‍മാതാക്കള്‍ നല്‍കുന്ന ഒഇഎം (ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറര്‍) അലോയ് വീലുകള്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമായ ശേഷം മാത്രമാണ് വാഹനത്തില്‍ ഇടം പിടിക്കുന്നത്. നിലവാരമുള്ള ലോഹക്കൂട്ടുകളാല്‍ നിര്‍മിക്കപ്പെട്ട ഇവ ആഘാതങ്ങളെ ചെറുക്കുന്നതിനൊപ്പം പൊട്ടലുകളെയും ചെറുത്തു നില്‍ക്കും.
എന്നാല്‍ വില കുറഞ്ഞതും കാഴ്ചയില്‍ വളരെ വലുപ്പം തോന്നിക്കുന്നതുമായ അലോയ് വീലുകള്‍ ചിലപ്പോള്‍ നിര്‍മാണത്തിലും അതേവിധത്തില്‍ നിലവാരം കുറച്ചവയാകാം. ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളില്‍ മികച്ച ബ്രാന്‍ഡ് അല്ലാത്ത ഭൂരിഭാഗം വീലുകള്‍ക്കും കുഴികളിലും സ്പീഡ് ബ്രേക്കറുകളിലും ആഘാതം നേരിടാനുള്ള പര്യാപ്തത കുറവായിരിക്കും. അമിത വേഗത്തില്‍ ഉള്ള ആഘാതവും വാഹനത്തിന്റെ ഭാരവും താങ്ങാന്‍ സാധിക്കാതെ വരുന്നതോടെ ഇവ വിണ്ടുകീറും.
ദൃശ്യങ്ങളിലുള്ള വാഹനത്തിനു പുറമെ സമാന വിധത്തില്‍ വീലുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് അപകടങ്ങളുണ്ടായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിലക്കുറവും കൂടുതല്‍ വലുപ്പവും പ്രതീക്ഷിച്ച് വാങ്ങുന്ന വീലുകള്‍ അപകടങ്ങളെ ക്ഷണിച്ച് വരുത്തും. വാഹനത്തിനു നിര്‍ദേശിച്ചിട്ടുള്ള സൈസിലുള്ള ടയറുകളും അലോയ് വീലുകളും ഉപയോഗിക്കുന്നതാണ് ഉചിതം.