ADVERTISEMENT

ഇന്ത്യന്‍ വാഹനവിപണിയിലേക്ക് അടുത്തവര്‍ഷം തിരിച്ചുവരവു നടത്താന്‍ ഒരുങ്ങുകയാണ് ഫോഡ്. പുതു തലമുറ എന്‍ഡവര്‍ എസ്‌യുവിയും കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ്(സിബിയു) ഇലക്ട്രിക് മസ്താങ് മാക് ഇയുമായിരിക്കും തിരിച്ചുവരവില്‍ ഫോഡിന്റെ മുന്‍നിരയിലുണ്ടാവുക. 2021 അവസാനത്തിലാണ് ഫോഡ് ഇന്ത്യന്‍ വിപണിയിലെ വാഹന വില്‍പന അവസാനിപ്പിക്കുന്നത്. മൂന്നു വര്‍ഷം മുമ്പത്തെ അപ്രതീക്ഷിതമായ പിന്‍വാങ്ങലിനു ശേഷം ഇന്ത്യയിലേക്ക് ശക്തമായി തിരിച്ചുവരാനാണ് ഇപ്പോള്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളുടെ ശ്രമം. 

Ford Everest
Ford Everest

അന്താരാഷ്ട്ര വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച ഫോഡിന്റെ പുതു തലമുറ എന്‍ഡവറായിരിക്കും 2025ല്‍ ആദ്യം ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ഇന്ത്യയില്‍ തന്നെ എന്‍ഡവറിനെ നിര്‍മിക്കാനാണ് ഫോഡിന്റെ ശ്രമം. വൈദ്യുത ആഡംബര കാര്‍ മേഖലയില്‍ അദ്ഭുതം സൃഷ്ടിക്കാനുറപ്പിച്ചാണ് മസ്താങ് മാക് ഇയുടെ വരവ്. പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കുമില്ലാത്ത മസ്താങ് അന്താരാഷ്ട്ര വിപണിയില്‍ 72kWh, 91kWh എന്നിങ്ങനെ രണ്ടു ബാറ്ററി ഓപ്ഷനുകളിലാണ് ലഭ്യമായിട്ടുള്ളത്. റിയര്‍ വീല്‍, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളും ഈ മസില്‍കാര്‍ മോഡലുകളിലുണ്ടാവും. 

2021 Ford Mustang Mach-E

269ബിഎച്ച്പി, 430എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്നതാണ് മസ്താങിന്റെ അടിസ്ഥാന മോഡൽ. അതേസമയം വലിയ ബാറ്ററിയുള്ള അടുത്ത മോഡലിന് 294ബിഎച്ച്പി കരുത്തും പരമാവധി 530 ടോര്‍ക്കും പുറത്തെടുക്കാനാവും. ഏറ്റവും മുകളിലുള്ള ജിടി എഡബ്ല്യുഡി മോഡല്‍ ആള്‍ക്കൂട്ടങ്ങളില്‍ ആരവം തീര്‍ക്കും. അമ്പരപ്പിക്കുന്ന 487ബിഎച്ച്പി കരുത്ത് അതിനൊത്ത 850എന്‍എം ടോര്‍ക്ക്. ഒറ്റ ചാര്‍ജില്‍ 489 കിലോമീറ്റര്‍ റേഞ്ചു കൂടിയാവുമ്പോള്‍ മസ്താങ് ജിടി എഡബ്ല്യുഡി മോഡല്‍ പൂര്‍ണമാവും. 

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ആഡംബര കാര്‍ വിഭാഗത്തിലേക്കാണ് മസ്താങ് മാക് ഇ വന്നിറങ്ങുന്നത്. അത്യാധുനിക ഫീച്ചറുകളുടേയും സുരക്ഷയുടേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ഷോക്കടിപ്പിക്കുന്ന മത്സരം നടക്കുന്ന വിഭാഗമാണിത്. ഔഡി ക്യു8 ഇ ട്രോണ്‍, മെഴ്‌സിഡീസ് ഇക്യുഇ എന്നിങ്ങനെയുള്ള വമ്പന്മാരോട് എതിരിടാനാണ് മസ്താങ് മാക് ഇയുടെ വരവ്. അതുകൊണ്ടു തന്നെ ഫോഡ് മസ്താങ് ഇയുടെ വില ഒരു കോടി രൂപയില്‍ കൂടുതല്‍ പ്രതീക്ഷിക്കാം. 

കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായാണ് ഫോര്‍ഡ് മസ്താങ് മാക് ഇ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നിര്‍മാണത്തിലും അന്താരാഷ്ട്ര നിലവാരത്തിലും യാതൊരു വിട്ടു വീഴ്ച്ചയുമുണ്ടാവില്ല. ഫോഡിന്റെ രണ്ടാം വരവ് ലക്ഷ്യം വെക്കുന്നത് പ്രീമിയം ഉപഭോക്താക്കളെയാണെന്ന സൂചനയും മസ്താങ് വഴി ലഭിക്കുന്നു. പ്രത്യേകിച്ചും വൈദ്യുത കാര്‍ വിപണിയിലെ പ്രീമിയം കാര്‍ എന്ന കരുത്തേറെയുള്ള വിഭാഗം തന്നെയാണ് തിരിച്ചുവരവിലെ ശക്തിപ്രകടനത്തിന് ഫോഡ് തെരഞ്ഞെടുത്തിരിക്കുന്നത്.

English Summary:

Auto News, Ford's Comeback In India: Endeavour & Mustang Mach-E Set For Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com