‘എം 80’ കടക്ക് പുറത്ത്! 95 സിസി ബൈക്ക് വേണം, കാറില്‍ ഓട്ടമാറ്റിക് വേണ്ട

Mail This Article
ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഉപയോഗിക്കുന്ന എം 80യോട് കടക്ക് പുറത്ത് പറഞ്ഞ് പുതിയ മോട്ടർവാഹന ചട്ടങ്ങൾ. മെയ് 1 ന് നിലവിൽ വരുന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം ‘മോട്ടർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിലെ ലൈസൻസ് ടെസ്റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനം തന്നെ വേണം. കൂടാതെ എൻജിൻ കപ്പാസിറ്റി 95 സിസിയിൽ കുറയാനും പാടില്ല.
നിലവിൽ പല ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റിനായി ഹാൻഡിലിൽ ഗിയർമാറ്റൽ സംവിധാനമുള്ള എം 80 കൾ ഉപയോഗിക്കുന്നുണ്ട്. 75 സിസി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം 80 പുതിയ പരിഷ്കാരങ്ങൾ എത്തിയതോടെ ടെസ്റ്റില്‍ ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി.
ലൈറ്റ് മോട്ടർവെഹിക്കിൾ ടെസ്റ്റിന് ഓട്ടമാറ്റിക് കാറുകളും വൈദ്യുത കാറുകളും ഉപയോഗിക്കാനും ഇനി പറ്റില്ല. ഗിയറുള്ള വാഹനം തന്നെ വേണം ഡ്രൈവിങ് ടെസ്റ്റിന്. ഓട്ടമാറ്റിക്ക് വാഹനങ്ങൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ പിന്നീട് മാനുവൽ ഓടിക്കാൻ ശ്രമിക്കുന്നത് അപകടങ്ങളുണ്ടാക്കുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 15 വർഷത്തിൽ അധികം പഴക്കം പാടില്ല എന്നും പുതിയ നിയമത്തിലുണ്ട്. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസി ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുൻപായി നീക്കം ചെയ്യണം. പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കണം. ഇതോടെ 2009 ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമായിരിക്കും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കുക.