ADVERTISEMENT

മൂന്നു വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം യുളു ഇ ബൈക്കുകള്‍... അതാണ് യുളു സ്വപ്‌നം കാണുന്ന ഇന്ത്യ.  ഈയൊരു ലക്ഷ്യത്തിലേക്ക് യുളുവിന് പിന്നില്‍ കട്ടക്ക് പിന്തുണയുമായി ബജാജ് ഓട്ടോയും മാഗ്ന ഇന്റര്‍നാഷണല്‍ അടക്കമുള്ള കമ്പനികളുമുണ്ട്. യുളുവിന്റെ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ ഏറ്റവും ഒടുവിലായി 160 കോടിയുടെ നിക്ഷേപവും കമ്പനിക്കു ലഭിച്ചു കഴിഞ്ഞു. 

ബെംഗളൂരു, മുംബൈ, നവി മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ തന്നെ യുളു ഇവികള്‍ സജീവമാണ്. ഇതിനകം തന്നെ പ്രധാന നഗരങ്ങളില്‍ 30,000ത്തിലേറെ ഇ ബൈക്കുകള്‍ യുളു വിതരമം ചെയ്തുകഴിഞ്ഞു. 40 ലക്ഷത്തിലേറെ പേരാണ് പലപ്പോഴായി യുളുവിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്. യുളു സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ 2 കോടി കിലോമീറ്ററുകള്‍ പിന്നിട്ടു കഴിഞ്ഞെന്നാണ് കമ്പനി അറിയിക്കുന്നത്.  

'നിക്ഷേപകന്‍ എന്നതിനപ്പുറം തന്ത്രപ്രധാനമായ പങ്കാളിത്തമാണ് യുളുവുമായി ബജാജിനുള്ളത്. ലാസ്റ്റ് മൈല്‍ മൊബിലിറ്റിയെന്ന പ്രശ്‌നത്തിനുള്ള മികച്ച പരിഹാരമാണ് യുളു. ഈ വിഭാഗത്തിലേക്ക് മികച്ച ഒരു വൈദ്യുതസ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഞങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള അറിവും സാങ്കേതികവിദ്യയും നിര്‍മാണശേഷിയുമെല്ലാം ഉപകാരപ്പെടും. യുളുവിന്റെ ഭാവി പദ്ധതികള്‍ക്കുള്ള ഞങ്ങളുടെ പിന്തുണയാണ് ഈ നിക്ഷേപം' ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറയുന്നു. 

മുഴുവന്‍ പണം നല്‍കി വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിനു പകരം നിശ്ചിത സമയത്തേക്ക് വാടക നല്‍കി ഉപയോഗിക്കുന്ന രീതിയെ ഭാവിയിലും യുളു വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി പുതിയ നിക്ഷേപം ഉപയോഗിച്ച് മൊബിലിറ്റി ആസ് എ സര്‍വീസ്(MaaS) വിഭാഗം വിപുലപ്പെടുത്തുമെന്ന് യുളു സിഇഒ സ്ഥിരീകരിച്ചു. ഇതിനൊപ്പം പുതിയ വൈദ്യുത സ്‌കൂട്ടറുകള്‍ പരമാവധി പേരിലേക്കെത്തിക്കുന്നതിനും സാങ്കേതികവിദ്യക്കും നിക്ഷേപം ഉപയോഗിക്കുമെന്ന് യുളു സിഇഒയും സഹസ്ഥാപകനുമായ അമിത് ഗുപ്ത പറഞ്ഞു. 

ബജാജ് ഓട്ടോയുടെ ചാകന്‍ പ്ലാന്റിലാണ് യുളു ഇ ബൈക്കുകള്‍ നിര്‍മിക്കുന്നത്. ബാറ്ററി ആസ് എ സര്‍വീസ്(BaaS) മേഖലയിലുള്ള യുമ എനര്‍ജിയുമായും തന്ത്രപരമായ സഹകരണം യുളുവിനുണ്ട്. ലോജിസ്റ്റിക്‌സ് കമ്പനികളായ സെപ്‌ടോ, സ്വിഗി, സൊമാറ്റോ എന്നിവരുമായും യുളു സഹകരിക്കുന്നുണ്ട്. ഇ കൊമേഴ്‌സ് ഡെലിവറികള്‍ക്ക് വ്യാപകമായി യുളു സ്‌കൂട്ടറുകളെ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് യുളു ലക്ഷ്യമിടുന്നത്.

English Summary:

Auto News, Yulu raises $19.25 mn from existing investors Bajaj Auto, Magna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com