ADVERTISEMENT

സ്കൂട്ടറും ഒട്ടോറിക്ഷയും കൂടിച്ചേർന്ന പുതിയ തരം വാഹനത്തിന് കേന്ദ്രം അനുമതി നൽകാൻ ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വരുത്തുന്ന ഭേദഗതിയുടെ കരടുരൂപം ഗതാഗത മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി  പ്രസിദ്ധീകരിച്ചു. 'എൽ2–5' എന്ന പുതിയ വിഭാഗത്തിലായിരിക്കും ഇത്തരം വാഹനങ്ങളെ പരിഗണിക്കുക.

ഒരേ വാഹനം സ്കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന (കൺവേർട്ടിബിൾ) നൂതന ആശയം ഹീറോ മോട്ടോകോർപിന്റെ കീഴിലുള്ള 'സർജ്' എന്ന സ്റ്റാർട്ടപ് അടുത്തയിടയ്ക്ക് അവതരിപ്പിച്ചിരുന്നു. കരടുഭേദഗതിയിൽ 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. ലിങ്ക്: bit.ly/l25draft

സ്വിച്ച് ഞെക്കിയാൽ ഓട്ടോയിൽ നിന്നൊരു സ്കൂട്ടർ‌ ഇറങ്ങിവരും. ഓട്ടോയുടെ ബാക്കി ഭാഗം ചാർ‌ജിങ്ങിന് കുത്തിയിട്ടിട്ട് സ്കൂട്ടർ ഓടിച്ചുപോകാം. തിരികെ വന്ന് സ്കൂട്ടർ തിരികെ കയറ്റിവച്ച് സ്വിച്ച് ഞെക്കിയാൽ വീണ്ടും ഓട്ടോയായി. 

ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ 3 മിനിറ്റ് മതി. സ്കൂട്ടറിനും, ഓട്ടോയ്ക്കും ഒരു റജിസ്ട്രേഷൻ നമ്പറായിരിക്കും ഉണ്ടാവുക. സ്കൂട്ടറിന് 60 കിലോമീറ്ററാണ് പരമാവധി വേഗം. ഓട്ടോയായിട്ടാണ് ഓടുന്നതെങ്കിൽ 45 കിലോമീറ്റർ.

surge-s32-1

സർജ് എസ് 32 എന്ന രൂപം മാറും വാഹനം

ഹീറോ മോട്ടോകോർപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് സർജ് ഇലക്ട്രിക്. ഈ വർഷം ആദ്യമാണ് മോഡുലാർ വാഹനം പുറത്തിറക്കി സർജ് ലോകത്തെ ഞെട്ടിച്ചത്. രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയാണിത്. ഇലക്ട്രിക് സ്കൂട്ടറിന്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ് ഈ വാഹനം. സ്കൂട്ടറായും കാർഗോ ഓട്ടോറിക്ഷയായും പാസഞ്ചർ ഓട്ടോറിക്ഷയായുമെല്ലാം രൂപമാറ്റം വരുത്തുവാൻ വെറും 3 മിനിറ്റ് മാത്രം മതി. 

സ്‌കൂട്ടറിൽ നിന്ന് മൂന്ന് വീൽ ഓട്ടോറിക്ഷയിലേയ്ക്കുള്ള രൂപമാറ്റം എവിടെവെച്ച് വേണമെങ്കിലും എളുപ്പം നടത്താം. ഒറ്റനോട്ടത്തിൽ സർജ് S23 ഏതെങ്കിലും ഇലക്ട്രിക് ഓട്ടോറിക്ഷയെ പോലെ തന്നെ. ഓട്ടോറിക്ഷയുടെ ക്യാബിനകത്തെ ഒരു സ്വിച് അമർത്തിയാൽ വിൻഡ്ഷീൽഡ് ഭാഗം മുകളിലേയ്ക്ക് ഉയരുകയും ഇലക്ട്രിക് സ്കൂട്ടർ പുറത്തേയ്ക്ക് വരികയും ചെയ്യും. 

surge-s32-2

സ്‌കൂട്ടറിന് അതിന്റേതായ എൽഇഡി ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളുമുണ്ട്. സ്കൂട്ടറിനും മുച്ചക്ര വാഹനത്തിനും രണ്ടു തലരത്തിലുള്ള ബാറ്ററി പായ്ക്കുകളുണ്ട്. കാർഗോ മോഡലുകളുടെ 3 വകഭേദങ്ങളും യാത്രക്കാരെ കൊണ്ടുപോകാൻ ഒരു വേരിയന്റും (ഇ-റിക്ഷ) സർജ് വാഗ്ദാനം ചെയ്യും. എസ് 32 പിവി എന്ന പാസഞ്ചർ മോഡലിന് 9.675 kWhr കപ്പാസിറ്റിയുടെ ബാറ്ററി പായ്ക്കാണ്. 8 kW ബാറ്ററി. വേഗം 45 കിലോമീറ്റർ. സ്‌കൂട്ടറിൽ 6 kW കരുത്തുള്ള 3.87 kWh ബാറ്ററി പായ്ക്ക്. വേഗം 60 കിലോമീറ്റർ. എസ് 32 എൽഡി എന്ന ലോഡ് കയറ്റാവുന്ന ഓട്ടോറിക്ഷക്കും, എസ് 32 എച്ച്ഡി എന്ന കാർഗോ മോഡലിന് എസ് 32 എഫ്ബി എന്ന മോഡലിനും 10 kW പവറുള്ള 11.616 kWh ബാറ്ററി പായ്ക്കാണ്. 

English Summary:

Hero MotoCorp convertible Surge S32 electric scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com