ADVERTISEMENT

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി വൈദ്യുത കാര്‍ നിര്‍മിക്കാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്. വളരെ വേഗത്തിലായിരുന്നു പിന്നീടുള്ള ഷവോമിയുടെ നീക്കങ്ങള്‍. ഇപ്പോഴിതാ ഈ വര്‍ഷം പകുതിയോടെ തങ്ങളുടെ ഫ്‌ളാഗ്ഷിപ് മോഡലായ എസ് യു 7 പുറത്തിറക്കുമെന്ന് ഷവോമി അറിയിച്ചിരിക്കുന്നു. എസ് യു 7ന്റെ ദൃശ്യങ്ങള്‍ ഷവോമി തന്നെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 

xiaomi-su7-2

സ്മാര്‍ട്ട്‌ഫോണുകള്‍ക്കപ്പുറത്തും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട് ചൈനീസ് ഭീമന്മാരായ ഷവോമി. മൊബൈല്‍ ആപ്പുകളും ലാപ്‌ടോപും ഹോം അപ്ലയന്‍സസും സ്‌കൂട്ടറുമെല്ലാം ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോള്‍ വൈദ്യുത കാര്‍ കൂടി എത്തുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില്‍പനയിലുണ്ടായ കുറവും പുതിയ മേഖലയിലേക്ക് നീങ്ങാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഷവോമിയെ പ്രേരിപ്പിച്ചു. 

സോഫ്റ്റ്‌വെയറുകള്‍ക്കും മൈക്രോചിപ്പുകള്‍ക്കും വൈദ്യുത കാറുകളില്‍ വലിയ പ്രാധാന്യമുണ്ട്. യാന്ത്രികമായ മികവിനേക്കാള്‍ തങ്ങള്‍ക്ക് വലിയ മുന്‍തൂക്കമുള്ള മേഖലകളിലേക്കാണ് ഇവി രംഗം മാറുന്നതെന്ന് തിരിച്ചറിഞ്ഞാണ് ഷവോമി കളംമാറ്റി ചവിട്ടാന്‍ തയ്യാറായത്. പോര്‍ഷെ, ടെസ്‌ല തുടങ്ങിയ വന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയുമായാണ് ഷവോമിയുടെ എസ് യു 7ന്റെ വരവ്. 

വിവിധ വിഭാഗങ്ങളിലായി രണ്ടു കോടിയിലേറെ ഉപഭോക്താക്കള്‍ ഷവോമിക്കുണ്ട്. ഈ ഉപഭോക്താക്കളുടെ വിശ്വാസ്യത തന്നെയാണ് തങ്ങളുടെ മൂലധനമെന്നും എസ് യു 7ന്റെ വില്‍പനയെ വരെ ഇത് സഹായിക്കുമെന്നും ഷവോമി പ്രതീക്ഷിക്കുന്നുണ്ട്. വില തീരുമാനിച്ചിട്ടില്ലെങ്കിലും പ്രീമിയം കാറായാണ് എസ് യു 7നെ പുറത്തിറക്കുകയെന്ന് അടുത്തിടെ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷവോമി ഗ്രൂപ്പ് പ്രസിഡന്റ് വെയ്ബിങ് ലു അറിയിച്ചിരുന്നു. 

xiaomi-su7-3

ഷവോമിയുടെ സോഫ്റ്റ്‌വെയര്‍ രംഗത്തെ അനുഭവ പരിചയവും കരുത്തും വെളിവാക്കുന്നതാവും എസ് യു 7ന്റെ ഓപറേറ്റിങ് സിസ്റ്റം. സ്മാര്‍ട്ട്‌ഫോണുകളും മറ്റു ഹോം അപ്ലയന്‍സസുമായും കാറിനെ ബന്ധിപ്പിക്കാനും സാധ്യതയുണ്ട്. ഏതാണ്ട് പത്തു ദശലക്ഷം ഡോളറാണ്(ഏകദേശം 82.17 കോടിരൂപ) കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈദ്യുത കാര്‍ നിര്‍മാണത്തിനായി ഷവോമി ചിലവാക്കിയത്. ഇതും കാറിന്റെ വിലയില്‍ പ്രതിഫലിച്ചേക്കും. 

800V പ്ലാറ്റ്‌ഫോമുള്ള എസ് യു 7ന് രണ്ടു ബാറ്ററി പായ്ക്ക് മോഡലുകളുണ്ട്. 73.6 kWh ബാറ്ററി പായ്ക്കുള്ള മോഡൽ എസ്‍യു7 എന്നും 101kWh ബാറ്ററി പായ്ക്കുള്ള മോഡൽ എസ്‍യു 7 മാക്സ് എന്നും അറിയപ്പെടും. ഔദ്യോഗികമായി വിലയും മറ്റു വിശദാംശങ്ങളും വൈകാതെ പുറത്തുവിടുമെന്നാണ് ഷവോമി ഗ്രൂപ്പ് സി ഇ ഒ തന്നെ അറിയിച്ചിട്ടുള്ളത്. ചൈനയില്‍ എസ് യു 7ന്റെ വിതരണം ഈവര്‍ഷം പകുതിയോടെ നടത്തുമെന്നാണ് ഷവോമി കണക്കുകൂട്ടുന്നത്. 

xiaomi-su7-1

ഷവോമി മാത്രമല്ല മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ആപ്പിളും വൈദ്യുത വാഹന നിര്‍മാണ രംഗത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാഹന നിര്‍മാതാക്കളായ ചെറിയുമായി സഹകരിച്ച് ഇവികള്‍ നിര്‍മിക്കുമെന്ന് മറ്റൊരു ചൈനീസ് ഇലക്ട്രോണിക് ബ്രാന്‍ഡായ വാവെയ് അറിയിച്ചിരുന്നു. അതേസമയം NIO പോലെയുള്ള ഇവി നിര്‍മാതാക്കള്‍ തിരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തിലും കൈവെച്ചിരുന്നു. 

English Summary:

Auto News, Know More About Xiaomi SU 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com