ADVERTISEMENT

വാഹന നിര്‍മാതാക്കള്‍ ടച്ച് സ്‌ക്രീനുകളെ ആധുനിക ഫീച്ചറായാണ് കണക്കാക്കുന്നത്. പ്രീമിയം സെഗ്മെന്റുകളില്‍ നിന്നു മാറി ടച്ച് സ്‌ക്രീന്‍ ഫീച്ചര്‍ ഇപ്പോള്‍ കൂടുതല്‍ ജനകീയമായിട്ടുമുണ്ട്. ഒരു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള സ്‌കൂട്ടറുകളില്‍ പോലും ടച്ച് സ്‌ക്രീനുകള്‍ കാണാനാവും. എന്നാല്‍ ഈ ടച്ച് സ്‌ക്രീന്‍ വാഹനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഗുണമല്ല ദോഷമാണെന്നാണ് യൂറോപ്യന്‍ സേഫ്റ്റി സ്റ്റാന്‍ഡേഡ് പറയുന്നത്. 

ഡ്രൈവിങിനിടെ ബട്ടണുകള്‍ അനായാസമായാണ് നമ്മളെല്ലാവരും പ്രവര്‍ത്തിപ്പിക്കാറ്. ഡ്രൈവിങില്‍ അല്‍പം പരിചയമായിക്കഴിഞ്ഞാല്‍ പിന്നെ മസില്‍ മെമ്മറി കാര്യങ്ങള്‍ നോക്കിക്കോളും. എന്നാല്‍ ടച്ച് സ്‌ക്രീനുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമെന്നതാണ് വെല്ലുവിളിയാവുന്നത്. സ്‌ക്രീനില്‍ വിചാരിക്കുന്ന ഭാഗത്തു തന്നെയാണോ തൊട്ടത് എന്നറിയാന്‍ വീണ്ടും നോക്കേണ്ടി വരുന്നതോടെ നഷ്ടമാവുന്നത് ഡ്രൈവിങിലെ ശ്രദ്ധ കൂടിയാണ്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

'ടച്ച്‌സ്‌ക്രീനുകള്‍ അമിതമായി ഉപയോഗിക്കുന്നത് വാഹനമേഖലയിലെ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഏതാണ്ടെല്ലാ വാഹന നിര്‍മാതാക്കളും ടച്ച്‌സ്‌ക്രീനുകളിലേക്കാണ് പ്രധാന കണ്‍ട്രോളുകള്‍ കൊണ്ടുവരുന്നത്. ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധ റോഡില്‍ നിന്നും മാറ്റുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും' യൂറോ എന്‍സിഎപി സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് ഡയറക്ടര്‍ മാത്യു ആവെറി പറയുന്നു. 

വാഹനങ്ങളുടെ സുരക്ഷ പരിശോധിച്ച് റേറ്റിങ് നല്‍കുന്ന സ്ഥാപനമാണ് യൂറോ എന്‍സിഎപി. അതുകൊണ്ടു തന്നെ അവരുടെ ഈ നിര്‍ദേശങ്ങള്‍ വാഹന നിര്‍മാതാക്കള്‍ ഗൗരവത്തിലെടുക്കാന്‍ സാധ്യത ഏറെയാണ്. യൂറോ എന്‍സിഎപി നിര്‍ബന്ധമല്ലെങ്കിലും ടെസ്‌ല, വോള്‍വോ, ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ ഈ ക്രാഷ് ടെസ്റ്റ് ഉപയോഗിക്കാറുണ്ട്.

ടച്ച് സ്‌ക്രീന്‍ സാങ്കേതികവിദ്യ വലിയ തോതില്‍ പുരോഗമിക്കുകയും ചിലവു കുറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് ബട്ടണുകള്‍ക്കു പകരം താരതമ്യേന വില കുറവുള്ള വാഹനങ്ങളിലും ടച്ച് സ്‌ക്രീനുകള്‍ പ്രത്യക്ഷപ്പെടുന്നത്. പല കാറുകളിലും ഹസാര്‍ഡ് ലൈറ്റ്‌സ്, വോളിയം കൺട്രോൾ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകള്‍ ടച്ച് സ്‌ക്രീനിലാണ് നിയന്ത്രിക്കുന്നത്. വാഹന വില്‍പനയും ഡിമാന്‍ഡും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഫീച്ചറായാണ് ടച്ച് സ്‌ക്രീനുകളെ കണ്ടിരുന്നത്. യൂറോ എന്‍സിഎപിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവരുന്നതോടെ വാഹന നിര്‍മാതാക്കളുടെ കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വന്നേക്കാം.

English Summary:

Euro NCAP Safety Standards: Less Screens For More Stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com