ADVERTISEMENT

വൈദ്യുത കാറുകള്‍ തെരഞ്ഞെടുക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ പലതാണ്. ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ ഒരു പ്രമുഖ ഓട്ടോമൊബൈല്‍ ഫോറം നടത്തിയ ഓണ്‍ ലൈന്‍ സര്‍വേ ഈ കാരണങ്ങളെക്കുറിച്ചാണ് പറയുന്നത്. മലിനീകരണം കുറവാണ് വൈദ്യുത വാഹനങ്ങള്‍ക്ക് എന്ന കാരണമായിരിക്കും പലരുടേയും മനസിലേക്കോടിയെത്തിയത്. എന്നാല്‍ ഇതിനേക്കാള്‍ ജനപ്രിയമായ അഞ്ചു കാരണങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എന്തൊക്കെയാണ് ഇന്ത്യക്കാരെ വൈദ്യുത കാറിലേക്ക് ആകര്‍ഷിക്കുന്ന കാരണങ്ങളെന്നു നോക്കാം. 

കുറഞ്ഞ ചിലവ്

ഏറ്റവും കൂടുതല്‍ പേര്‍ വൈദ്യുത കാറിന് അനുകൂലമായി പറഞ്ഞ കാരണം മെയിന്റനന്‍സ് ചിലവും വാഹനം ഓടിക്കാനുള്ള ചിലവും കുറവാണെന്നതാണ്. നിങ്ങള്‍ വീട്ടില്‍ നിന്നാണ് ചാര്‍ജു ചെയ്യുന്നതെങ്കില്‍ ഐസിഇ എന്‍ജിന്‍ കാറുകളെ അപേക്ഷിച്ച് വൈദ്യുത കാര്‍ ഓടിക്കാനുള്ള ചിലവു കുറവാണ്. കിലോമീറ്ററിന് ഒരു രൂപയിലും കുറവാണ് പല കാറുകള്‍ക്കും. ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ചിലവു കൂടുമെന്നു മാത്രം. അപ്പോഴും പെട്രോള്‍/ഡീസല്‍ കാറുകളേക്കാള്‍ കുറവാണ്. ഇവികള്‍ക്ക് ചലിക്കുന്ന യന്ത്രഭാഗങ്ങള്‍ കുറവായതിനാല്‍ അറ്റകുറ്റപണികള്‍ക്കായുള്ള ചിലവിലും കുറവുണ്ടാവും. എന്‍ജിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍, എയര്‍ ഫില്‍റ്റര്‍ എന്നിങ്ങനെയുള്ള പണികളും ഒഴിവായി കിട്ടും. 

ശാന്തമായ ഡ്രൈവിങ്

ഇവികള്‍ തെരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ പ്രധാന കാരണമായി സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത് നിശബ്ദവും ശാന്തവുമായ ഡ്രൈവിങാണ്. ഗിയറില്ലാത്തതിനാല്‍ താരതമ്യേന എളുപ്പമാണ് ഡ്രൈവിങ്. ശബ്ദം മാത്രമല്ല കുലുക്കവും കുറവാണെന്നതും വൈദ്യുത കാറുകളിലേക്ക് പലരേയും ആകര്‍ഷിക്കുന്നുണ്ട്. പെട്ടെന്ന് ആക്‌സെലറേഷന്‍ ലഭിക്കുമെന്നതും പലരുടേയും ഇവി പ്രേമത്തിനു പിന്നിലുണ്ട്. 

വീട്ടില്‍ തന്നെ ചാര്‍ജു ചെയ്യാം

പൊതുവേ കാര്‍ കമ്പനികള്‍ പോലും വലിയ തോതില്‍ പ്രചാരം കൊടുക്കാത്ത കാര്യമാണ് വീട്ടില്‍ തന്നെ ചാര്‍ജു ചെയ്യാനാവുമെന്നത്. ഐസിഇ എന്‍ജിന്‍ കാറുകളില്‍ പെട്രോള്‍ പമ്പുകളില്‍ പോവണമെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ ചാര്‍ജു ചെയ്യാമെന്നത് നിരവധി പേര്‍ ഗുണമായി കരുതുന്നു. ഇപ്പോഴത്തെ ഇവികള്‍ ശരാശരി 250-300 കിലോമീറ്റര്‍ റേഞ്ചുള്ളവയാണ്. അല്‍പം ആസൂത്രണം കൂടിയുണ്ടെങ്കില്‍ ചാര്‍ജിങ് സ്റ്റേഷന്റെ സഹായം പോലുമില്ലാതെ ഇവികള്‍ സ്വന്തം വീട്ടില്‍ തന്നെ ചാര്‍ജു ചെയ്യാനാവും. 

മലിനീകരണം കുറവ്

കുറഞ്ഞ മലിനീകരണമാണ് സര്‍ക്കാരുകളെ ഇവികള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ അടക്കം വൈദ്യുത വാഹനങ്ങള്‍ക്ക് നിരവധി ഇളവുകള്‍ ലഭിക്കുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുകയെന്ന വിശാലമായ ലക്ഷ്യത്തിനു വേണ്ടിയാണ് സര്‍ക്കാരുകള്‍ വൈദ്യുത വാഹന നയങ്ങള്‍ തന്നെ നിര്‍മിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച് മലിനീകരണം കുറവാണെന്ന കാരണം ഒന്നാം സ്ഥാനത്തു വരുന്നില്ലെന്നും ഈ സര്‍വേ തെളിയിക്കുന്നു. 

രണ്ടാം കാറും ബോറടിയും

രണ്ടാമതൊരു കാര്‍ കൂടി വാങ്ങാന്‍ ശ്രമിക്കുന്നവരില്‍ വലിയൊരു വിഭാഗം ഏറ്റവും അനുയോജ്യം ഇവിയാണെന്നു കരുതുന്നു. ദീര്‍ഘദൂരയാത്രകള്‍ക്ക് പെട്രോള്‍/ഡീസല്‍ കാറും നഗരയാത്രകള്‍ക്ക് ഇലക്ട്രിക് കാറും. വിചിത്രമായ മറ്റൊരു കാരണം കൂടി സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരുപാട് ഓപ്ഷനുകളും മോഡലുകളുമുള്ള ഐസി എന്‍ജിന്‍ കാറുകള്‍ കണ്ട് ബോറടിച്ചെന്നും അതുകൊണ്ട് വൈദ്യുത കാര്‍ തെരഞ്ഞെടുക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com