ADVERTISEMENT

നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്തിന് യാത്രകളിൽ ഇനി കൂട്ടാകുന്നത് സ്കോഡ സ്ലാവിയയുടെ പകിട്ട്. തന്റെ ഗാരിജിലേക്കു പുതിയ വാഹനമെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അശ്വതി തന്നെയാണ് പങ്കിട്ടത്. മക്കളായ പദ്മയ്ക്കും കമലയ്ക്കും ഒപ്പമെത്തിയാണ് മലയാളികളുടെ പ്രിയതാരം വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. കൊച്ചിയിലെ ഇവിഎം സ്കോഡയിൽ നിന്നാണ് താരം വാഹനം വാങ്ങിയത്. വനിതാ ദിനത്തിന്റെ ഭാഗമായി ഇവിഎം സ്കോഡ നടത്തിയ വുമൺസ് ഡ്രൈവ് ഇവന്റിൽ വച്ചാണ് പുതിയ കാർ കൈമാറിയത്. 

aswathy-sreekanth-1

ഏറെ അന്വേഷങ്ങൾക്ക് ഒടുവിലാണ് സ്ലാവിയയിലേക്ക് എത്തിയത് എന്നാണ് അശ്വതി പറയുന്നത്. ഡ്രൈവിങ് പല സമയങ്ങളിലും ഏറെ സഹയിച്ചിട്ടുണ്ടെന്നും ഒരു വനിത എന്ന നിലയിൽ തന്നെ ഡ്രൈവിങ് തനിക്ക് ഏറെ കോൺഫിഡൻസ് നൽകിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ജീപ്പ് കോമ്പസും മിനി കൂപ്പറും സ്വന്തമായുള്ള അശ്വതിയുടെ ഏറ്റവും പുതിയ വാഹനമാണ് അഴകൊഴുകുന്ന സ്ലാവിയ. ഈ പുതു സൗന്ദര്യത്തിനു ഭവനത്തിലേക്ക് സ്വാഗതം. എസ്‌യുവിയുടെ ആരാധികയാണെങ്കിലും ആദ്യ കാഴ്ചയിൽ തന്നെ ഈ വാഹനം എന്നെ ആകർഷിച്ചു എന്നർത്ഥമാക്കുന്ന വരികൾ കുറിച്ച് കൊണ്ടാണ് അശ്വതി സ്ലാവിയയുടെ ഡെലിവറി സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.  വാഹനത്തിന്റെ ഉയർന്ന മോഡലായ 1.5 ലീറ്റർ സ്റ്റൈലാണ് താരം വാങ്ങിയത്. 19.13 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വില.

ഗ്ലോബൽ  എൻ സി ആർ പി യിൽ അഞ്ചു സ്റ്റാർ നേടിയ വാഹനമാണ് സ്ലാവിയ. പെർഫോമൻസും ഡ്രൈവിങ് സുഖവും ഒരുപോലെ സമ്മാനിക്കുന്ന 1 ലീറ്റർ, 1.5 ലീറ്റർ ടി എസ് ഐ എൻജിനുകളാണ് വാഹനത്തിനു കരുത്ത് പകരുന്നത്.  മൂന്നു സിലിണ്ടർ 1 ലീറ്റർ മോഡലിന് 110 ബി എച് പി, 1.5 ന് 150 ബി എച്ച് പി. ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയും 1 ലീറ്ററിലുള്ളപ്പോൾ 7 സ്പീഡ് ഡി എസ് ജിയും മാനുവലുമാണ് 1.5 ലീറ്ററിന്. 

സ്‌കോഡയുടെ ഇടത്തരം പ്രീമിയം സെഡാനായ സ്ലാവിയയ്ക്ക് 2650 മിമി ആണ് വീൽ ബേസ്. ക്രോമിയം ചുറ്റുള്ള ഹെക്സഗണൽ ഗ്രിൽ, ക്രിസ്റ്റലൈൻ ഹെഡ്, ടെയിൽ ലാംപുകൾ, ഫെൻഡറിലെ സ്കോഡബാഡ്ജ്, 16 ഇഞ്ച് അലോയ്, പിന്നിൽ സ്കോഡ എന്ന ബോൾഡ് എഴുത്ത് എന്നിവയൊക്കെയാണ് ആദ്യ കാഴ്ചയിലെ ആകർഷണങ്ങൾ. മനോഹരമായ ഡാഷ് ബോർഡ് രൂപകൽപന. വലിയ 25.4 സെ.മി. എൽ ഇ ഡി സ്ക്രീൻ, സ്റ്റൈലൻ വിളിച്ചോതുന്ന സ്റ്റിയറിങ് വീൽ എന്നിവ വാഹനത്തിന്റെ ഉൾഭാഗത്തിനു പ്രൗഢി സമ്മാനിക്കുന്നു.

English Summary:

Auto News, Aswathy Sreekanth Bought News Skoda Slavia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com