ADVERTISEMENT

ഡീസൽ, പെട്രോൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുക എന്നതാണ് ഇപ്പോൾ ഇന്ത്യൻ വാഹന വിപണിയിലെ ട്രെൻഡ്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കുമ്പോഴും ചില പ്രശ്നങ്ങൾ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് ചാർജിങ്ങിനെ സംബന്ധിച്ചുള്ളതാണ്. ഡീസൽ, പെട്രോൾ വാഹനങ്ങൾ നിമിഷങ്ങൾക്കകം ഇന്ധനം നിറച്ച് ഓടിക്കാൻ കഴിയുമ്പോൾ വൈദ്യുതി വാഹനങ്ങളിൽ ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കുമ്പോൾ പോലും പത്തു ശതമാനത്തിൽ നിന്ന് എൺപതു ശതമാനത്തിലെത്താൻ മുപ്പതു മിനിറ്റോളം വേണ്ടി വരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ, ഫാസ്റ്റ് ചാർജിങ് ഏറ്റവും വേഗത്തിൽ സാധ്യമാക്കുന്നു എന്ന് അവകാശപ്പെടുന്ന ബി വൈ ഡി സീലിൽ  പോലും ഈ സമയം വേണ്ടി വരുന്നു എന്നതാണ് വസ്തുത. എന്നാൽ ഈ പ്രശ്നത്തിന്  പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ലീ.

lixiang-van-2

ലീ ഓട്ടോസ് പുറത്തിറക്കിയ ഇലക്ട്രിക് മിനി വാൻ 80 ശതമാനം ചാർജിലേക്കു എത്താൻ കേവലം 10 മിനിറ്റ് 36 സെക്കൻഡ് മാത്രം മതി. 12 മിനിറ്റ് ചാർജ് ചെയ്താൽ 500 കിലോമീറ്റർ ഓടാനുള്ള ശേഷി വാഹനത്തിനു ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎടിഎല്ലിന്റെ 5 സി ക്വിലിൻ ബാറ്ററി നൽകിയിരിക്കുന്ന ഇലക്ട്രിക് വാനിനു 521 കിലോ വാട്ട് പവർ ഉൽപാദിപ്പിക്കാൻ കഴിയും. വെറും അവകാശവാദം മാത്രമല്ലാതെ, വാഹനത്തിന്റെ ചാർജിങ് ശേഷി സാക്ഷ്യപ്പെടുത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തു ശതമാനത്തിൽ നിന്നുമാണ് ചാർജിങ് ആരംഭിക്കുന്നത്. 10 മിനിറ്റ് 36 സെക്കൻഡ് കൊണ്ട് വാൻ 80 ശതമാനം ചാർജിലേക്കു എത്തുന്നത് വിഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. 10 ശതമാനം ചാർജിൽ 68 കിമീ സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തിനു 80 ശതമാനത്തിൽ 568 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കാണിക്കുന്നുമുണ്ട്.

lixiang-van-3
lixiang-van-4

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ള ചാർജിങ് പോർട്ടുകളെ ആശ്രയിച്ചുള്ള ചാർജിങ് കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ ഭാഗമായി ചൈനയിലുടനീളം 2000 സൂപ്പർ ചാർജറുകൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. 2025 ഓടെ അത് പതിനായിരമാക്കി ഉയർത്താനും ശ്രമങ്ങളുണ്ട്. ഈ ചാർജറുകൾ മുഖാന്തരമായിരിക്കും ലീ ഓട്ടോ അവകാശപ്പെടുന്ന സൂപ്പർ ചാർജിങ് നടക്കുക. മൂന്നു 250 കിലോവാട്ട് ചാർജറുകളും ഒരു 480 കിലോവാട്ട് ചാർജറുമായിരിക്കും ലീയുടെ ചാർജിങ് സ്റ്റേഷനുകളിൽ ഉണ്ടാകുക. ലീ ഓട്ടോയുടെ മെഗാ എന്ന മിനി വാനിലാണ് ഈ അതിവേഗ ചാർജിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. 710 കിലോമീറ്റർ റേഞ്ച് ഉറപ്പു നൽകുന്ന ഈ ഇലക്ട്രിക് വാനിൽ ഏഴുപേർക്ക് യാത്ര ചെയ്യാം. 102. 7 കിലോവാട്ട് ശേഷിയുണ്ട് ബാറ്ററി പായ്ക്കാണ് വാഹനത്തിനു നൽകിയിരിക്കുന്നത്.

English Summary:

Li Auto's Chinese EV Mega Minivan Charges Rapidly: 10-80% in Just 10.36 Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com