ADVERTISEMENT

ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായാണ് ഹ്യുണ്ടേയ് ഇന്ത്യയുടെ വരവ്. ഇന്ത്യയിലും ദക്ഷിണ കൊറിയയിലും ഈ ഇലക്ട്രിക് മിഡ് സൈസ് എസ്‌യുവി ടെസ്റ്റ് റണ്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമ്പോള്‍ ഹ്യുണ്ടേയ് ക്രേറ്റ ഇവിക്ക് ഇന്ത്യന്‍ വിപണിയില്‍ നാല് പ്രധാന എതിരാളികളെങ്കിലുമുണ്ടാവും. 

ജനുവരിയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ മുഖം മിനുക്കിയെത്തിയ ക്രേറ്റയുമായും അയോണിക് 5 മായും ഫീച്ചറുകളില്‍ ക്രേറ്റ ഇവിക്ക് സാമ്യമുണ്ടാവും. ടാറ്റ, മഹീന്ദ്ര, മാരുതി, എംജി മോട്ടര്‍ എന്നിവരുടെ വൈദ്യുതി വാഹന മോഡലുകളോടാണ് ക്രേറ്റ ഇവിക്ക് മത്സരിക്കേണ്ടി വരിക. ഹ്യുണ്ടേയ് ക്രേറ്റ ഇവി പുറത്തിറങ്ങുമ്പോഴേക്കും ടാറ്റ കര്‍വ് ഇവി എത്തിയിട്ട് ഏഴെട്ടു മാസം കഴിഞ്ഞിട്ടുണ്ടാവും. മഹീന്ദ്ര എക്‌സ്‌യുവി 400 ആവട്ടെ അപ്പോഴേക്കും വിപണിയിലെത്തിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കും. എംജി സെഡ്എസ് ഇവി അഞ്ചു വര്‍ഷത്തെ അനുഭവസമ്പത്തുള്ള മോഡലായി മാറിയിട്ടുണ്ടാവും. മാരുതി സുസുക്കിയുടെ ഇവിഎക്‌സ് പുറത്തിറങ്ങി അധികം വൈകാതെയാവും ക്രേറ്റ ഇവി എത്തുക. 

ക്രേറ്റ ഇവിയുടെ വലുപ്പം സംബന്ധിച്ച വിശദാംശങ്ങള്‍ ഹ്യുണ്ടേയ് ഇന്ത്യ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇപ്പോള്‍ വിപണിയിലുള്ള ക്രേറ്റയുമായി അടുത്ത സാമ്യം വലുപ്പത്തില്‍ ക്രേറ്റ ഇവിക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. അങ്ങനെ നോക്കിയാല്‍ കൂട്ടത്തില്‍ ഏറ്റവും നീളം കൂടുതലുള്ള ഇവിയാവും ക്രേറ്റ ഇവി. മാരുതിയുടെ ഇവിഎക്‌സിനാണ് വീല്‍ബേസ് (2,700എംഎം) കൂടുതലുണ്ടാവുക. അതേസമയം ക്രേറ്റ ഇവിയും (2,610എംഎം) വീല്‍ബേസിന്റെ കാര്യത്തില്‍ വലിയ തോതില്‍ പിന്നിലാവുകയുമില്ല. ടാറ്റയുടെ കര്‍വ് ഇവിക്കായിരിക്കും വലിയ ടയര്‍- 18 ഇഞ്ച്. ക്രേറ്റ ഇവിക്കും സെഡ്എസ് ഇവിക്കും 17 ഇഞ്ചും എക്‌സ്‌യുവി 400ന് 16 ഇഞ്ചും വലുപ്പമുള്ള ടയറുകളുണ്ടായിരിക്കും. ബൂട്ട് സ്‌പേസിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ ക്രേറ്റയോടു മത്സരിക്കാന്‍ (433 ലീറ്റര്‍) കര്‍വിനോ സെഡ്എസ് ഇവിക്കോ എക്‌സ്‌യുവി 400 നോ സാധിക്കില്ല. എന്നാല്‍ വൈദ്യുതി മോഡലിലേക്കു വരുമ്പോള്‍ ബൂട്ട് സ്‌പേസില്‍ കുറവുണ്ടാവാനുള്ള സാധ്യതയും തള്ളാനാവില്ല. ബൂട്ട് സ്‌പേസില്‍ 422 ലീറ്ററുമായി കര്‍വ് ഇവിയാണ് പിന്നിലുള്ളത്. 

45 kWh ബാറ്ററി പാക്ക് 450 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ക്രേറ്റയുടെ വാഗ്ദാനം. അതേസമയം റിയല്‍ ടൈമില്‍ 250 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം. സെഡ്എസ് ഇവിക്ക് 50.3 kWh ബാറ്ററിയും എക്‌സ് യു വി 400ന് 39.4 kWh  ബാറ്ററിയുമാണുള്ളത്. ക്രേറ്റ ഇവിക്ക് 138 എച്ച്പി കരുത്തും പരമാവധി 255 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. സെഡ്എസ് ഇവിക്ക് 177എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമാണെങ്കില്‍ എക്‌സ് യു വി 400ന് 150എച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കുമുണ്ടാവും. സെഗ്‌മെന്റിലെ മറ്റു മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കരുത്തു കുറഞ്ഞ മോഡലായിരിക്കും ക്രേറ്റ ഇവി എന്നും ഇതില്‍നിന്നു മനസ്സിലാക്കാം.

അഡാസ് സുരക്ഷ, ആറ് എയര്‍ബാഗ്, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളെല്ലാം ഹ്യുണ്ടേയ് ക്രേറ്റയിലുണ്ട്. കൂട്ടത്തിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി വാഹനമായ എക്‌സ് യു വി 400ല്‍ അഡാസ് സുരക്ഷ, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍ റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയില്ല. സണ്‍ റൂഫില്ലാത്ത മറ്റൊരു മോഡല്‍ ടാറ്റ കര്‍വ് ഇവിയാണ്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റവും ക്രേറ്റക്കു സ്വന്തമാണ്. ഫീച്ചറുകളില്‍ ടാറ്റയും മാരുതിയും ഹ്യുണ്ടേയുമാണ് മികവു പുലര്‍ത്തുന്നത്.

മാരുതിയുടെ ഇവി രൂപമായ ഇവിഎക്‌സ് ഫീച്ചറുകളിലെന്ന പോലെ വിലയിലും മുന്നിലാണ്. 23 ലക്ഷം രൂപ മുതല്‍ 25 ലക്ഷം വരെയാണ് ഇവിഎക്‌സിന്റെ വില. അതേസമയം ക്രേറ്റ ഇവിയുടെ വില പ്രതീക്ഷിക്കുന്നത് 20 ലക്ഷത്തോട് അടുപ്പിച്ചാണ്. ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലിയായി എക്‌സ് യു വി 400ന് 15.49 ലക്ഷം- 17.49 ലക്ഷം രൂപയാണ് വില. എംജി സെഡ്എസ് ഇവിയാവട്ടെ 18.98 ലക്ഷം മുതല്‍ 24.98 ലക്ഷം രൂപ വരെ വിലയിലെത്തുന്നു. 

2026ല്‍ ടൊയോട്ടയുടെ ഇവിX രൂപം എത്തുന്നതോടെ അതും ക്രേറ്റ ഇവിക്ക് വെല്ലുവിളി ഉയര്‍ത്തും. മഹീന്ദ്രയുടെ ബിഇ.05 എസ് യു വിയും ക്രേറ്റ ഇ വിക്ക് ഒത്ത എതിരാളിയായിട്ടായിരിക്കും അടുത്ത വര്‍ഷം ഒക്ടോബറില്‍ എത്തുക.

English Summary:

Auto News, Hyundai Creta EV to have 4 rivals at launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com