ADVERTISEMENT

ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളോടെ എത്തുന്ന കിയ കെ 4 ന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ന്യൂയോര്‍ക്ക് ഓട്ടോഷോയിലായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരിക. അതിനു മുമ്പുതന്നെ വാഹനത്തിന്റെ സവിശേഷതകളില്‍ പലതും പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും വായിച്ചെടുക്കാനാവും. 

രാജ്യാന്തര വിപണിയില്‍ കിയ ഫോര്‍ട്ടെയുടെ പകരമായിട്ടാണ് കിയ കെ 4 ന്റെ വരവ്. ഒരേസമയം ആധുനികവും സവിശേഷതകള്‍ നിറഞ്ഞതുമായ ഡിസൈനാണ് കിയ കെ4ന്. ഒറ്റ നോട്ടത്തില്‍ ഒരു ലോജിക്കും തോന്നിക്കാത്ത 'ട്വിസ്റ്റ് ലോജിക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന ഡിസൈനിങ് രീതിയാണ് കെ4ല്‍ കിയ പരീക്ഷിച്ചിരിക്കുന്നത്. ഇതേ ഡിസൈന്‍ രീതിയില്‍ തന്നെയാണ് കിയയുടെ കാര്‍ണിവെല്‍, ഇവി5, ഇവി9 പോലുള്ള വാഹനങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. 

kia-k4-03

എക്സ്റ്റീരിയര്‍

നേര്‍ത്തതെങ്കിലും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ് മുന്നിലെ എല്‍ഇഡി ഹെഡ്‌ലാംപുകള്‍. ചെറിയ ടൈഗര്‍ നോസ് ഗ്രില്ലെയാണ് നടുവിലുള്ളത്. പിന്നിലെ വലിയ സ്‌ക്രീനും മുന്നില്‍ നിന്നും ഒഴുകിയിറങ്ങുന്ന റൂഫ് ലൈനുമെല്ലാം ചേര്‍ന്ന് കൂപ്പെയുടേതിനു സമാനമായ രൂപം പിന്നില്‍ നല്‍കുന്നുണ്ട്. പിന്നിലും നേര്‍ത്ത ലൈറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഡയമണ്ട് കട്ട് അലോയ് വീലുകളും സി പില്ലറിലെ ഡോര്‍ഹാന്‍ഡിലുകളുമെല്ലാം പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്. 

kia-k4-04

ഇന്റീരിയര്‍

കാബിനില്‍ സ്ലേറ്റ് ഗ്രീന്‍, കാന്‍യോണ്‍ ബ്രൗണ്‍, ഒനിക്‌സ് ബ്ലാക്ക്, മീഡിയം ഗ്രേ എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനുകളുണ്ട്. ഡ്രൈവര്‍സൈഡ് ഡോറും പാസഞ്ചര്‍ സൈഡ് ഡോറും വ്യത്യസ്തങ്ങളായ നിറങ്ങളിലും എത്തുന്നുണ്ട്. ഡ്യുവല്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ക്യാബിന്റെ നടുവിലായി സജ്ജീകരിച്ചിരിക്കുന്നു. വളരെ കുറച്ച് ബട്ടണുകള്‍ മാത്രമാണുള്ളത്. കിയ എംബ്ലത്തോടു കൂടിയ ടു സ്‌പോക്ക് സ്റ്റീറിങ് വീലും കെ4ലുണ്ട്. ആദ്യ കാഴ്ച്ചയില്‍ വിശാലമെന്നു തോന്നിക്കുന്നതാണ് വാഹനത്തിന്റെ ഉള്‍ഭാഗം. 

kia-k4-02

ലോഞ്ച്

മാര്‍ച്ച് 27ന് ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് കെ4നെ എല്ലാവിധ സവിശേഷതകളോടും കൂടി ഔദ്യോഗികമായി കിയ പുറത്തിറക്കുക. ഈ വര്‍ഷം അവസാനത്തില്‍ അമേരിക്കന്‍ വിപണിയില്‍ കിയ കെ4 വില്‍പനക്കെത്തിയേക്കും. ഹോണ്ട സിവിക്, ടൊയോട്ട കൊറോള, ഹ്യുണ്ടേയ എലാന്‍ട്ര എന്നിവയാണ് എതിരാളികള്‍. ഇന്ത്യയില്‍ കിയ കെ4 എത്തുമെന്ന സൂചനകള്‍ ഇപ്പോഴില്ല. നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള ലൈഫ്‌സ്റ്റൈല്‍ എസ് യു വിയായ ക്ലാവിസിനെയാണ് കിയ ഇന്ത്യക്കുവേണ്ടി കണ്ടുവെച്ചിരിക്കുന്നത്. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിരിക്കും ഇത്.

English Summary:

Kia K4 makes global debut, will rival Toyota Corolla and Honda Civic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com