ADVERTISEMENT

ഗൂര്‍ഖ 5 ഡോര്‍ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോഴ്‌സ് മോട്ടോഴ്‌സ്. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഗൂര്‍ഖ 5 ഡോര്‍ എസ്‌യുവിയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാര്‍ അര്‍മദയാണ്. നിലവിലുള്ള ഗൂര്‍ഖയുടെ 3 ഡോര്‍ മോഡല്‍ പുറത്തിറങ്ങി മൂന്നു വര്‍ഷത്തിനു ശേഷമാണ് ഫോഴ്‌സ് മോട്ടോര്‍ 5 ഡോര്‍ ഗൂര്‍ഖയുമായി എത്തിയിരിക്കുന്നത്. 

മുന്‍ തലമുറ ഗൂര്‍ഖ മൂന്നു ഡോര്‍, അഞ്ചു ഡോര്‍ ബോഡി സ്‌റ്റൈലുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മോഡലില്‍ മൂന്നു ഡോര്‍ മാത്രമാണുണ്ടായിരുന്നത്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് അഞ്ചു ഡോര്‍ ഗൂര്‍ഖയുടെ വരവ്. ഡോറുകളിലുള്ള വ്യത്യാസത്തിനു പുറത്ത് ചെറിയ രൂപ മാറ്റങ്ങള്‍ മാത്രമാണ് 3 ഡോര്‍ മോഡലില്‍ നിന്നു ഉണ്ടാകുക.

ഗൂര്‍ഖയുടെ ബോക്‌സി ഡിസൈന്‍ മെഴ്‌സിഡീസ് ബെന്‍സ് ജി ക്ലാസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. വട്ടത്തിലുള്ള ഹെഡ്‌ലാംപുകള്‍ക്കു പകരം ചതുരത്തിലുള്ള ഹെഡ്‌ലാംപുകളാണ് ഗൂര്‍ക്ക 5 ഡോറിലുണ്ടാവുക. പുറംരൂപത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നുണ്ട് 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍.

4 വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഗൂര്‍ക്ക 5 ഡോറിലുണ്ട്. 3 ഡോര്‍ മോഡലിൽ മാനുവല്‍ ഡിഫ് ലോക്ക് ലിവറുകളാണെങ്കില്‍ 4 വീല്‍ ഡ്രൈവിന് പ്രത്യേകം നോബ് നല്‍കിയിരിക്കുന്നു. 5 സീറ്റര്‍, 6 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഗൂര്‍ക്ക 5 ഡോര്‍ എത്തും. ഇത് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കും. വീല്‍ സ്‌പേസ് 425എംഎം കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശാലമായ ഇന്റീരിയര്‍ സ്‌പേസും 5ഡോര്‍ ഗൂര്‍ക്കയിലുണ്ടാവും.

3 ഡോര്‍ ഗൂര്‍ഖയിലെ 2.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാവും 5 ഡോര്‍ ഗൂര്‍ഖയിലും ഉണ്ടാവുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എപ്പോള്‍ പുറത്തിറങ്ങുമെന്നും എത്ര വിലയാവുമെന്നും സംബന്ധിച്ച സൂചനകളുമുണ്ട്. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍(2024 ഏപ്രില്‍- ജൂണ്‍) ഗൂര്‍ഖ 5 ഡോര്‍ എത്തുമെന്നാണ് സൂചന. ഗൂര്‍ഖ 3 ഡോറിന് 15.10 ലക്ഷം രൂപയാണ് വില. 5 ഡോര്‍ ഗൂര്‍ഖക്ക് ഏകദേശം ഒന്നര ലക്ഷം രൂപയോളം കൂടുതല്‍ വില പ്രതീക്ഷിക്കാം.

മഹീന്ദ്ര ഥാര്‍ അര്‍മദ

ജനപ്രിയ ഓഫ്‌റോഡറായ ഥാറിന്റെ 5 ഡോര്‍ മോഡൽ, അര്‍മദയെ മഹീന്ദ്ര പുറത്തിറക്കാന്‍ തയാറെടുക്കുകയാണ്. ഗൂര്‍ഖയുടെ പ്രധാന എതിരാളി അര്‍മദയായിരിക്കും. ജൂണ്‍-ഓഗസ്റ്റ് ആകുമ്പോഴേക്കും അര്‍മദയെ പുറത്തിറക്കാനാണ് മഹീന്ദ്രയുടെ ശ്രമം. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് കൂടുതല്‍ വലുപ്പമുള്ള വാഹനമായിരിക്കും സ്വാഭാവികമായും 5 ഡോര്‍ ഥാര്‍ അര്‍മദ.

ഗൂര്‍ഖയിലേതു പോലെ ചെറിയ മാറ്റങ്ങള്‍ മാത്രമേ 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് അര്‍മദയുടെ എക്‌സ്റ്റീരിയറില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. 19 ഇഞ്ച് അലോയ് വീലുകളായിരിക്കും ഇതില്‍ പ്രധാനം. ഇന്റീരിയറിന്റെ നിറം 3ഡോറിലെ സമ്പൂര്‍ണ കറുപ്പില്‍ നിന്നും അര്‍മദയിലേക്കെത്തുമ്പോള്‍ ഇളം തവിട്ട്-കറുപ്പ് ആയി മാറും. കൂടുതല്‍ വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും മുന്നില്‍ എല്‍ഇഡി സെറ്റ് അപ്പും പ്രതീക്ഷിക്കാം.

3 ഡോര്‍ ഥാറില്‍ 150 എച്ച്പി കരുത്തും പരമാവധി 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 130 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഇതേ എന്‍ജിനുകളിലായിരിക്കും അര്‍മദയും എത്തുക. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാസ്മിഷനുകളാണ് എന്‍ജിനുമായി ബന്ധിപ്പിക്കുക.

English Summary:

Force Gurkha 5-door teased ahead of mid-2024 launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com