ADVERTISEMENT

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ജനകീയ മോഡലായ 'റിസ്ത'യെ പുറത്തിറക്കി ഏഥര്‍. സാധാരണ യാത്രികരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് റിസ്തയെ ഏഥര്‍ പുറത്തിറക്കിയിരിക്കുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍, 56 ലീറ്റര്‍ സ്‌റ്റോറേജ്, വീതിയേറിയ സീറ്റുകള്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ ഫീച്ചറുകളും റിസ്തയിലുണ്ട്. മൂന്നു മോഡലുകളിലായി പുറത്തിറങ്ങിയ റിസ്തക്ക് 1.10 ലക്ഷം മുതല്‍ 1.45 ലക്ഷം രൂപ വരെയാണ് വില. 

ather-rizta-5

സ്‌പോര്‍ട്ടിയായ 450 സീരീസ് വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബോക്‌സിയായ ഡിസൈനാണ് റിസ്തക്ക്. എല്‍ഇഡി ഹെഡ്‌ലൈറ്റ് ടിവിഎസ് ഐക്യൂബിലേതുപോലെ ചതുര രൂപത്തിലുള്ളതാണ്. 450 സീരീസ് വാഹനങ്ങളേക്കാള്‍ നീളവും വീതിയും കൂടുതലുള്ള സീറ്റുകളുള്ള റിസ്ത ലക്ഷ്യം വെക്കുന്നത് ഫാമിലി ഉപഭോക്താക്കളെയെന്ന് വ്യക്തം. രണ്ടു പേര്‍ക്ക് സുഖമായി യാത്രചെയ്യാനാവുമെന്ന് ഈ സീറ്റുകള്‍ ഉറപ്പു നല്‍കുന്നു. മെലിഞ്ഞ രൂപമാണ് പിന്നിലെ ടെയ്ല്‍ ലാപിനുള്ളത്. ഹെഡ്‌ലൈറ്റുമായി ചേര്‍ന്നു നില്‍ക്കുന്നു ഇന്‍ഡിക്കേറ്ററുകള്‍. 

ather-rizta-2

റിസ്തയുടെ പിന്‍ഭാഗം വീതി കൂടിയതും ഉയരം കുറഞ്ഞതുമാണ്. ഇത് യാത്രികര്‍ക്ക് എളുപ്പം പിന്‍സീറ്റിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നു. സീറ്റിന്റെ ഉയരം 780എംഎം. ഗ്രൗണ്ട് ക്ലിയറന്‍സ് 165എംഎം. ചൈസിസില്‍ വരുത്തിയ മാറ്റങ്ങള്‍ വേഗത കുറഞ്ഞ യാത്രയിലും കൂടുതല്‍ ബാലന്‍സ് നല്‍കുമെന്നും കമ്പനി അറിയിക്കുന്നുണ്ട്. കൂടുതല്‍ മെലിഞ്ഞ ഏഥര്‍ 450എക്‌സിനെ അപേക്ഷിച്ച് 8 കിലോഗ്രാം മാത്രം കൂടുതലേ റിസ്തക്കുള്ളൂ (119കിഗ്രാം).  

ather-rizta

എസ്, സെഡ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് റിസ്തക്കുള്ളത്. എസില്‍ 2.9kWh ബാറ്ററി പാക്ക് മാത്രമാണെങ്കില്‍ Z മോഡലില്‍ 2.9kWh, 3.7kWh ബാറ്ററികള്‍ ലഭ്യമാണ്. 2.9kWh പാക്കില്‍ 105 കി.മീയും 3.7kWh ബാറ്ററി പാക്കില്‍ 125 കി.മീയുമാണ് ഏഥര്‍ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 400എംഎം വരെ വാട്ടർ വൈഡിങ് ശേഷിയുള്ള റിസ്തയുടെ പരമാവധി വേഗം മണിക്കൂറില്‍ 80 കിമി. 

ather-rizta-3

34 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്. മുന്നിലെ 22 ലീറ്ററിന്റെ സ്‌റ്റോറേജ് കൂടി ചേര്‍ക്കുമ്പോള്‍ ഇത് 56 ലീറ്ററായി ഉയരും. സീറ്റിനടിയിലെ മള്‍ട്ടി പര്‍പസ് ചാര്‍ജര്‍ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളും ചാര്‍ജു ചെയ്യാനാവും. ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് റിസ്ത. 

ather-rizta-1

ഏഥര്‍ 450എസിലേതിനു സമാനമായ ഡീപ് വ്യൂ എല്‍സിഡി ഡാഷ് തന്നെയാണ് റിസ്ത എസിലുമുള്ളത്. ഉയര്‍ന്ന വകഭേദമായ Z ല്‍ 450എക്‌സിലെ ടിഎഫ്ടി ഡാഷ് നല്‍കിയിരിക്കുന്നു. രണ്ട് റൈഡിങ് മോഡുകള്‍, കൂടുതല്‍ റേഞ്ചിനായി സിപ്, മികച്ച പ്രകടനത്തിന് സ്മാര്‍ട്ട്ഇകോ. റിവേഴ്‌സ്, ഹില്‍ ഹോള്‍ഡ്, മാജിക് ട്വിസ്റ്റ് എന്നീ ഫീച്ചറുകളും റിസ്തയിലുണ്ട്. 

English Summary:

Ather Rizta launched at Rs 1.10 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com