വാഹനത്തിന്റെ ഉടമ മരിച്ചാൽ ഇൻഷുറൻസ് എങ്ങനെ മാറ്റും?
Mail This Article
വാഹനത്തിന്റെ ഇൻഷുറൻസ് ഉടമ മരണപ്പെട്ടാലും പോളിസിയുടെ വാലിഡിറ്റി 90 ദിവസംവരെ നിലനിൽക്കും. അതിനുള്ളിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം (ഡെത്ത് ട്രാൻസ്ഫർ) നോമിനിയുടെ പേരിൽ മാറ്റണം. മരിച്ച വ്യക്തിയുടെ പേരിലുള്ള മരണ സർട്ടിഫിക്കറ്റ്, പിന്തുടർച്ചാവകാശ രേഖ (ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്), ഫാമിലി സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആർടി ഓഫിസിൽ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാം.
ഏകദേശ ഫീസ് : മോട്ടർസൈക്കിൾ – ₨245, കാർ – ₨500. ഇതോടൊപ്പം റജിസ്ട്രേഷൻ മാറ്റാൻ താമസിച്ചതിനുള്ള പിഴയും (ഡിലേ ഫീസ്) ഉൾപ്പെടും.
പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ഇൻഷുറൻസ് പോളിസിയിലെ പേരുമാറ്റത്തിന് അപേക്ഷിക്കാം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറിയാൽ 14 ദിവസത്തിനകം ഇൻഷുറൻസ് പോളിസിയിലെ പേരു മാറിയിരിക്കണം.
മോട്ടർ ഇൻഷുറൻസ് പോളിസി കാലാവധി പൂർത്തിയാകുന്നതിനു മുൻപ് പുതുക്കാമോ? മുൻകൂറായി പുതുക്കിയാൽ പോളിസിയുടെ വാലിഡിറ്റി കുറയുമോ?
ഏതു മോട്ടർ ഇൻഷുറൻസ് പോളിസിയായാലും കാലാവധി തീരാൻ 30 ദിവസമുള്ളപ്പോൾമുതൽ പുതുക്കാം. നിലവിലെ പോളിസിയുടെ കാലാവധി പൂർത്തിയായതിനുശേഷമായിരിക്കും പുതുക്കിയ പോളിസി നിലവിൽവരുക. പോളിസി പുതുക്കുന്ന സമയത്തു നോ ക്ലെയിം ബോണസിന് അർഹതയുണ്ട്. പോളിസി പുതുക്കിയതിനു ശേഷം എന്തെങ്കിലും നഷ്ടമുണ്ടായാൽ നിലവിലെ പോളിസിയിലാണ് ക്ലെയിം ചെയ്യേണ്ടത്. മുൻകൂറായി പോളിസി പുതുക്കുമ്പോൾ എൻസിബി ലഭിച്ചിട്ടുണ്ടെങ്കിൽ, നിലവിലുള്ള പോളിസിയിലെ കാലാവധി തീരുന്നതിനു മുൻപേ ക്ലെയിം വന്നാൽ, പുതുക്കിയ പോളിസിയിൽ ലഭിച്ച എൻസിബി തിരിച്ചടയ്ക്കണം.
ക്ലെയിം തീർപ്പാക്കുന്നതിനു മുൻപോ അല്ലെങ്കിൽ ക്ലെയിം സമർപ്പിക്കുന്നതിനു മുൻപോ എൻസിബി തിരിച്ചെടുക്കും. പോളിസി പുതുക്കുമ്പോൾ എന്തെങ്കിലും ക്ലെയിം, ഉടമസ്ഥാവകാശം, ഹൈപ്പോത്തിക്കേഷൻ എന്നിവ ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പോളിസി ഉടമ വ്യക്തമാക്കണം. ഇവ മറച്ചുവച്ചാൽ, ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചേക്കാം. നിലവിലുള്ള പോളിസിയിലെ എൻസിബി, പുതുക്കുന്ന പോളിസിയിൽ തെറ്റായി രേഖപ്പെടുത്തിയാൽ (1. ക്ലെയിം ഉണ്ടായിട്ടും ക്ലെയിം ഇല്ലെന്നു ഡിക്ലയർ
ചെയ്യുന്നത്, 2. പോളിസി കാലാവധി കഴിഞ്ഞു എൻസിബി നഷ്ടപ്പെട്ടാൽ) ക്ലെയിം വരുമ്പോൾ അത് നിരസിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി ക്ലെയിം
തുകയിൽനിന്ന് എൻസിബി ഡിക്ലയർ ചെയ്ത ശതമാനം കുറച്ചിട്ടാകും നൽകുക.
ഉദാ– തെറ്റായ എൻസിബി ഡിക്ലറേഷൻ – 50% ക്ലെയിം ചെയ്ത തുക – ₨1,00,000 ഇൻഷുറൻസ് കമ്പനി നൽകാൻ സാധ്യതയുള്ള തുക – ₨ 0 to ₨ 50,000
ബിനു വർക്കി (മോട്ടർ ഇൻഷുറൻസ് സർവേയർ)