ADVERTISEMENT

ഇന്ത്യന്‍ ടെസ്‌ലക്കെതിരെ നിയമനടപടിയുമായി അമേരിക്കന്‍ ടെസ്‌ല! ഇന്ത്യയില്‍ നിന്നുള്ള ബാറ്ററി നിര്‍മാണ കമ്പനി അനുവാദമില്ലാതെ തങ്ങളുടെ പേര് ഉപയോഗിച്ചതാണ് എലോണ്‍ മസ്‌കിന്റെ ടെസ്‌ലയെ പ്രകോപിപ്പിച്ചത്. 'ടെസ്‌ല പവര്‍' എന്ന പേരിലാണ് ഇന്ത്യയില്‍ നിന്നുള്ള ബാറ്ററി കമ്പനി അവരുടെ ഉത്പന്നങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരെ അമേരിക്കന്‍ ടെസ്‌ല നോട്ടീസ് അയച്ചിട്ടും ഇന്ത്യന്‍ കമ്പനി ടെസ്‌ലയുടെ പേര് ഉപയോഗിക്കുന്നത് തുടര്‍ന്നതോടെയാണ് കേസ് കോടതിയിലെത്തിയത്. 

തങ്ങളുടെ പേര് ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എത്രയും വേഗം നിര്‍ത്തണമെന്ന് കാണിച്ച് അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലെ ബാറ്ററി നിര്‍മാണ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിന് മറുപടി നല്‍കാതെ അവഗണിച്ച ഇന്ത്യന്‍ കമ്പനി ടെസ്‌ല എന്ന പേര് തങ്ങളുടെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് തുടര്‍ന്നതോടെയാണ് നിയമനടപടികള്‍ക്ക് ടെസ്‌ല തുനിഞ്ഞിറങ്ങിയിരിക്കുന്നത്. 

'ടെസ്‌ല പവര്‍', 'ടെസ്‌ല പവര്‍ യുഎസ്എ' എന്നീ പേരുകളാണ് അനുമതിയില്ലാതെ ഇന്ത്യന്‍ ബാറ്ററി കമ്പനി ഉപയോഗിച്ചതെന്നാണ് ടെസ്‌ല ആരോപിക്കുന്നത്. ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളും ടെസ്‌ല നിയമനടപടിയുടെ ഭാഗമായി കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ അവര്‍ ടെസ്‌ല പവര്‍ യുഎസ്എ എല്‍എല്‍സിയുമായി സഹകരിക്കുന്നുവെന്ന് കാണിക്കുന്നു. ഇന്ത്യന്‍ ബാറ്ററി കമ്പനി അവരുടെ ആസ്ഥാനം ഡെലാവേറിലാണെന്നാണ് അവകാശപ്പെടുന്നത്. ശരിക്കുള്ള ടെസ്‌ലയുടെ ആസ്ഥാനവും ഡെലാവേറിലാണ്.  

ഇന്ത്യന്‍ കമ്പനിയുടെ പ്രതികരണം

കേസ് കോടതിയിലെത്തിയതോടെ ഇന്ത്യന്‍ ടെസ്‌ല തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ട് കോടതിയിലെത്തിയിട്ടുണ്ട്. ലെഡ് ആസിഡ് ബാറ്ററികള്‍ നിര്‍മിക്കുന്ന കമ്പനിയാണ് തങ്ങളുടേതെന്നാണ് ഇന്ത്യന്‍ ടെസ്‌ല കോടതിയില്‍ പറഞ്ഞത്. വൈദ്യുത കാറുകള്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്ക് യാതൊരു പദ്ധതിയുമില്ലെന്നും ഈ കമ്പനി പറയുന്നു. 

ടെസ്‌ലയുടെ പ്രധാന ഉത്പന്നവുമായി ബന്ധമില്ലാത്തതാണ് തങ്ങളുടെ ഉത്പന്നമെന്നും ഇന്ത്യയില്‍ ടെസ്‌ലക്കു മുമ്പേ തങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം. സര്‍ക്കാരിന്റെ എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും എലോണ്‍ മസ്‌കിന്റെ ടെസ്‌ലയുമായി എന്തെങ്കിലും തരത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായി തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ കമ്പനി വാദിക്കുന്നു. 

പ്രതികരണം എഴുതി നല്‍കാന്‍ കോടതി ഇന്ത്യന്‍ കമ്പനിക്ക് മൂന്നാഴ്ച്ചത്തെ സമയം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ കമ്പനിക്ക് തങ്ങളുടെ വാദം നിരത്താന്‍ വേണ്ട തെളിവുകള്‍ ശേഖരിക്കാനും ഈ സമയം ഉപയോഗിക്കാം. മെയ് 22നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക. രണ്ട് കക്ഷികള്‍ക്കും തങ്ങളുടെ വാദം കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ അപ്പോള്‍ അവസരമുണ്ടാവും.

English Summary:

Elon Musk’s Tesla files trademark infringement case against Gurugram-based Tesla Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com