ADVERTISEMENT

ഇന്ത്യന്‍ വിപണിയില്‍ നിന്നും 2021ല്‍ നടത്തിയ ഫോഡിന്റെ പിന്‍വാങ്ങല്‍ കുതിപ്പിനു മുന്നോടിയായുള്ള പതുങ്ങലാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. പലപ്പോഴായി തിരിച്ചുവരവിന്റെ സൂചനകള്‍ ഫോഡ് ഇന്ത്യയും നടത്തിയിരുന്നു. എന്‍ഡവര്‍ എസ്‌യുവി എവറസ്റ്റ് എന്ന പേരിലും റേഞ്ചര്‍ പിക്ക്അപ്പും ഇന്ത്യയില്‍ വീണ്ടും ഫോഡ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഫിഗോ, അസ്പയര്‍, ഇകോസ്‌പോര്‍ട് തുടങ്ങിയ ബജറ്റ് കാറുകളെ ഫോഡ് വീണ്ടും ഇന്ത്യയിലെത്തിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഫോഡിന്റെ ബജറ്റ് കാറുകളുടെ കാര്യത്തില്‍ ശുഭ സൂചനകളല്ല ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ചെറുകാറുകളുടെ അധ്യായം അവസാനിച്ചെന്നാണ് ഫോഡില്‍ നിന്നുള്ള അനൗദ്യോഗിക പ്രതികരണം. ടി 6 പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളേക്കാള്‍ വലിയ വാഹനങ്ങള്‍ മാത്രം രണ്ടാം വരവില്‍ ഫോഡില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയാവും. എവറസ്റ്റ് എസ്‌യുവി, റേഞ്ചര്‍ പിക് അപ് ട്രക്ക് എന്നിവ ഫോഡിന്റെ ടി 6 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെടുന്ന വാഹനങ്ങളാണ്. 

ഇതുവരെ എന്‍ഡവറിന്(എവറസ്റ്റ്) താഴെ ഒരു മോഡലിനെക്കുറിച്ചും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ഫോഡ് ഒരു സൂചനയും നല്‍കിയിട്ടില്ല. ചെറുകാറുകള്‍ ഇന്ത്യയില്‍ വീണ്ടും എത്തില്ലെന്നു കൂടിയാണ് ഇതിലൂടെ ഫോഡ് പറയുന്നത്. ഇതോടെ ഇന്ത്യയിലെ ഫോഡിന്റെ ജനകീയ വാഹനങ്ങളായ ഇകോസ്‌പോര്‍ട്, ഫിഗോ, അസ്പയര്‍ എന്നിവ വീണ്ടും ഷോറൂമുകളിലെത്തില്ല. 

കുറഞ്ഞ ലാഭം കൂടുതല്‍ കാറുകള്‍ വിറ്റ് മറികടക്കുന്ന ഇന്ത്യന്‍ വിപണിയിലെ രീതികളും ഇറക്കുമതിയിലെ നിയന്ത്രണങ്ങളും എന്‍ജിന്‍ കരുത്തിനേക്കാളും പ്രകടനത്തേക്കാളും ഇന്ധനക്ഷമതയോടുള്ള ഇന്ത്യക്കാരുടെ പ്രിയവുമെല്ലാം ഫോഡിന് ഇന്ത്യയെ പിന്നോട്ടടിച്ചിരുന്നു. 2021ല്‍ പിന്‍വാങ്ങിയെങ്കിലും ഒരിക്കലും ഇന്ത്യന്‍ വിപണിയില്‍ നിന്നും ഫോഡ് പൂര്‍ണമായും പിന്മാറുകയും ചെയ്തിരുന്നില്ല. ഒരു കാര്‍ പോലും ഇന്ത്യയില്‍ വില്‍ക്കാതെ 2021-22 സാമ്പത്തിക വര്‍ഷം 505 കോടി രൂപയുടെ ലാഭം നേടിയും ഫോര്‍ഡ് ഞെട്ടിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങളുടെ കയറ്റുമതിയും എന്‍ജിനുകളുടെ നിര്‍മാണവുമാണ് ഫോഡ് ഇന്ത്യക്ക് ലാഭം നല്‍കിയത്. 

ഫിഗോ അടക്കമുള്ള കാറുകള്‍ നിര്‍മിച്ചിരുന്ന സാനന്ദിലെ ഫാക്ടറി ഫോര്‍ഡ് ടാറ്റ മോട്ടോഴ്‌സിന് ഫോഡ് വിറ്റിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഫോഡിന്റെ പിന്മാറ്റത്തിനു ശേഷമുള്ള മൂന്നു വര്‍ഷത്തിനകം തന്നെ ചെറുകാറുകള്‍ ഇവിടെ വലിയ തോതിലാണ് പരിഷ്‌ക്കരിക്കപ്പെട്ടതെന്നതും ഫോഡിന്റെ ജനകീയ കാറുകളുമായുള്ള തിരിച്ചുവരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. കോംപാക്ട് എസ്‌യുവികളായ മഹീന്ദ്ര എക്‌സ് യു വി 3XO, കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യു എന്നിവയിലെല്ലാം അഡാസ് സാങ്കേതികവിദ്യയും 360 ഡിഗ്രി ക്യാമറയും അടക്കമുള്ള പ്രീമിയം സൗകര്യങ്ങളോടെയും താരതമ്യേന കുറഞ്ഞ വിലയിലുമാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 

രണ്ടാം വരവില്‍ കൂടുതല്‍ വൈദ്യുത കാറുകളിലേക്ക് ശ്രദ്ധിക്കാനാണ് ഫോഡിന്റെ പദ്ധതി. 15 ശതമാനം നികുതിയില്‍ 8,000 കാറുകള്‍ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യാമെന്ന പുതിയ ഇവി നയവും ഫോഡിന് ഗുണമാവും. അടുത്ത വര്‍ഷം പകുതിയോടെയോ 2026ലോ ഇന്ത്യയില്‍ പ്രാദേശിക വാഹന നിര്‍മാണം ഫോഡ് പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫോഡിന്റെ ചെന്നൈ പ്ലാന്റിലായിരിക്കും നിര്‍മാണം. ഇറക്കുമതി ചെയ്യുന്ന കാറുകളും ഇന്ത്യന്‍ വിപണിയിലേക്കുള്ള ഫോഡിന്റെ തിരിച്ചുവരവ് വേഗത്തിലാക്കും.

English Summary:

Beyond EcoSport and Figo: Ford's Bold New Indian Market Strategy Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com