ADVERTISEMENT

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗം എസ് യു വികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ എക്സ്‌യുവി 3 എക്സ്ഒ. ബുക്കിങ് ആരംഭിച്ച് ആദ്യ പത്തു മിനുറ്റില്‍ തന്നെ 27,000 ബുക്കിങാണ് എക്സ്‌യുവി 3 എക്സ്ഒയ്ക്ക് ലഭിച്ചത്. ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കും മുമ്പേ അരലക്ഷം ബുക്കിങ് സ്വന്തമാക്കി എക്സ്‌യുവി 3 എക്സ്ഒ റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. 

സബ് കോംപാക്ട് എസ് യു വി വിഭാഗത്തില്‍ പെടുന്ന വാഹനമാണ് മഹീന്ദ്രയുടെ എക്സ്‌യുവി 3 എക്സ്ഒ. ആകര്‍ഷണീയമായ ഡിസൈനും ആഡംബരം നിറഞ്ഞ ഇന്റീരിയറും മികച്ച ഫീച്ചറുകളും ആധുനിക സാങ്കേതികവിദ്യകളും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളുമാണ് ഈ എസ് യു വിയെ തുടക്കത്തിലേ ഹിറ്റാക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് 11,000 രൂപക്ക് എക്സ്‌യുവി 3 എക്സ്ഒ ബുക്കു ചെയ്യാനാകുമെന്ന് മഹീന്ദ്ര അറിയിച്ചത്. 

'ബുക്കിങ് ആരംഭിച്ച് വൈകാതെ തന്നെ 50,000 കടന്നുവെന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പിക്കുന്ന വിശ്വാസ്യതയാണ് ഇത് കാണിക്കുന്നത്. പ്രതീക്ഷക്കും അപ്പുറത്തുള്ള മൂല്യം ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഭാവിയിലെ വാഹനങ്ങളിലേക്കുള്ള തുടക്കമാണ് എക്സ്‌യുവി 3 എക്സ്ഒ' എന്നാണ് എംആന്റ്എം ഓട്ടമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജേ നാക്ര പ്രതികരിച്ചത്. 

പ്രതിമാസം 9,000 എക്സ്‌യുവി 3 എക്സ്ഒ നിര്‍മിക്കാനുള്ള ശേഷിയാണ് മഹീന്ദ്രക്കുള്ളത്. ഇതിനകം തന്നെ 10,000 വാഹനങ്ങള്‍ മഹീന്ദ്ര നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ബുക്കിങ് ആരംഭിച്ചതോടെ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച വലിയ സ്വീകാര്യത മഹീന്ദ്രയെ പോലും അമ്പരപ്പിക്കുന്നതാണ്. മെയ് 26 മുതല്‍ ബുക്കു ചെയ്ത ഉടമകള്‍ക്ക് വാഹനം വിതരണം ചെയ്യുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 

കരുത്തും കാര്യക്ഷമതയുമുള്ള ടര്‍ബോ എന്‍ജിനുകളാണ് എക്സ്‌യുവി 3 എക്സ്ഒയില്‍ മഹീന്ദ്ര നല്‍കിയിരിക്കുന്നത്. അത് എംസ്റ്റാലിയോൺ ടിജിഡിഐ ആണെങ്കിലും ടര്‍ബോ ഡീസല്‍ എന്‍ജിനാണെങ്കിലും മികച്ച പ്രകടനം ഉറപ്പു നല്‍കുന്നുണ്ട്. ഇതില്‍ എംസ്റ്റാലിയോൺ ടിജിഡിഐ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിമി വേഗതയിലേക്കെത്താന്‍ 4.5 സെക്കന്‍ഡ് മാത്രമാണെടുക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഇന്ധനക്ഷമതയുടെ(20.1 കിമി) കാര്യത്തിലും ഒട്ടും പിന്നിലല്ല. 

ഇരട്ട 26.03 സെമി എച്ച്ഡി സ്‌ക്രീനുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആന്റ് ആപ്പിള്‍ കാര്‍പ്ലേ, ബില്‍റ്റ് ഇന്‍ അലക്‌സ, 65 W യുഎസ്ബി-സി ചാര്‍ജിങ് പോയിന്റ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ്, 4 ആംബിയന്റ് സൗണ്ട് മോഡുകളും ബാസ് എന്‍ഹാന്‍സറുമുള്ള ഹര്‍മന്‍ കാര്‍ഡോന്‍ പ്രീമിയം ഓഡിയോ സിസ്റ്റം എന്നിങ്ങനെ മികച്ച ഫീച്ചറുകള്‍ നിരവധിയുള്ള വാഹനമാണ് എക്സ്‌യുവി 3 എക്സ്ഒ. 

സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര ഒട്ടും കുറച്ചിട്ടില്ല. സെഗ്‌മെന്റില്‍ ആദ്യമായി ലെവല്‍ 2 അഡാസ് ഫീച്ചറുകളും 10 അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റ് ഫീച്ചറുകളും മോശം കാലാവസ്ഥയില്‍ സഹായത്തിനെത്തുന്ന റഡാര്‍ സാങ്കേതികവിദ്യയുമെല്ലാം ഈ എസ് യു വിയെ വേറിട്ടതാക്കുന്നുണ്ട്. കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനവും ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങും ഇതിലുണ്ട്. വിഭാഗത്തിലെ തന്നെ വലിയ സ്‌കൈ റൂഫും 360 ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റവും ബ്ലൈന്‍ഡ് വ്യൂ മോണിറ്ററും പുതു അനുഭവങ്ങള്‍ സമ്മാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com