തുരുമ്പുവണ്ടികളെ അണിയിച്ചൊരുക്കാനുള്ള വഴികൾ; ഭാഗം രണ്ട്

bike-restoration-1
SHARE

കഴിഞ്ഞ ലക്കം റീസ്റ്റോറേഷന്റെ പ്രാരംഭ നടപടികളെപ്പറ്റി പറഞ്ഞിരുന്നുവല്ലോ. ഇനി അടുത്ത ഘട്ടത്തിലേക്ക്

വാഹനം പൂർണമായും അഴിച്ചുകഴിഞ്ഞാൽ പിന്നെ വേണ്ടത് ഒരു വിലയിരുത്തലാണ്. എന്തൊക്കെ സാധനങ്ങൾ ഉപയോഗയോഗ്യമാണെന്നും എന്തൊക്കെ നശിച്ചുപോയെന്നും ഇതിലൂടെ മനസ്സിലാക്കാം. നശിച്ച ഭാഗങ്ങൾ നന്നാക്കിയെടുക്കാനാവുമെങ്കിൽ അതിനുള്ള ചെലവ് കണക്കുകൂട്ടണം. ഇതിനായി സമാനമായ വാഹനങ്ങൾ കൈവശമുള്ളവരെയോ ക്ലബ്ബുകളെയോ സമീപിക്കാം. ഒരിക്കലും ഒരാൾ മാത്രം പറയുന്നത് കേട്ട് തീരുമാനങ്ങൾ എടുക്കരുത്. പഴയ വാഹനങ്ങളുടെ പല ഘടകങ്ങളും ഇന്ന് ലഭ്യമല്ലെന്നു കൂടി ഓർക്കണം. അതുകൊണ്ടുതന്നെ അവ വളരെ ശ്രദ്ധാപൂർവം വേണം കൈകാര്യം ചെയ്യാൻ. 

തുരുമ്പ് കളയൽ

ഇനി പെയിന്റ് ചെയ്യാനുള്ള ഭാഗങ്ങളുടെ അവസ്ഥ എങ്ങനെയുണ്ടെന്നു നോക്കാം. ഇരുചക്രവാഹനങ്ങളിൽ ഫ്രെയിമും പാനലുകളുമെല്ലാം പെയിന്റ് ചെയ്യേണ്ടിവരുമ്പോൾ തുരുമ്പ് വില്ലനാകാറുണ്ട്. തുരുമ്പ് കയറി നശിച്ച സ്ഥലങ്ങൾ നല്ലൊരു ഡെന്ററുടെ സഹായത്തോടെ പുനർനിർമിച്ച ശേഷമേ പെയിന്റിങ് ചെയ്യാവൂ. ഇതിനു മുന്നോടിയായി, നിലവിലുള്ള പെയിന്റ് മുഴുവനായി കളയേണ്ടതുണ്ട്. പെയിന്റ് നീക്കം ചെയ്യാൻ പല മാർഗങ്ങളുണ്ട്. പെയിന്റ് റിമൂവറാണ് ഒരു വഴി. ഇത് വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട രാസവസ്തുവായതിനാൽ സേഫ്റ്റി ഗോഗിൾസ്, ഗ്ലൗസ് എന്നിവ തീർച്ചയായും ഉപയോഗിക്കുക. പെയിന്റ് റിമൂവർ ഒരു പാത്രത്തിലെടുത്ത് പഴയൊരു ബ്രഷിന്റെ സഹായത്തോടെ വാഹനഭാഗങ്ങളിൽ പുരട്ടുക. ഏതാനും മിനിറ്റ് കൊണ്ട് പെയിന്റ് പൊരിഞ്ഞിളകി വരുന്നതു കാണാം. ഇത് ഒരു വയർബ്രഷിന്റെ സഹായത്തോടെ ചുരണ്ടിക്കളയുക. ഒന്നുരണ്ടു തവണ ഇത് ആവർത്തിക്കുമ്പോൾ പൂർണ്ണമായും പെയിന്റ് പോയിരിക്കും. ഇപ്പോൾ ലോഹഭാഗങ്ങൾ വ്യക്തമായി കാണാനാവും. തുരുമ്പു കയറി ദ്രവിച്ച സ്ഥലങ്ങൾ വെൽഡ്/പാച്ച് ചെയ്തിട്ട് എൻസി തിന്നർ ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക.

bike

പ്രൈമിങ്

ലോഹത്തിലേക്ക് ഒരിക്കലും പെയിന്റ് നേരിട്ട് ചെയ്യരുത്. നമ്മുടെ നാട്ടിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ, വിളിക്കാത്ത അതിഥിയായി വരുന്ന തുരുമ്പിനെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ ചെയ്യണം. അതിലൊന്നാണ് പ്രൈമിങ്. സിങ്ക് ഫോസ്ഫേറ്റ് അടിസ്ഥാനമാക്കിയ ഇപോക്സി പ്രൈമറായിരിക്കും ഏറ്റവും നല്ലത്. ഇതുപയോഗിക്കും മുമ്പ് വെള്ളമോ ഈർപ്പമോ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇപോക്സി പ്രൈമർ രണ്ടു പായ്ക്കായിട്ടാവും വരിക. പ്രൈമറും ഹാർഡ്നറും 3:1 അനുപാതത്തിൽ ഉപയോഗിക്കണം. ഇതിനെ നേർപ്പിക്കാൻ ഇപോക്സി തിന്നർ മാത്രമേ ഉപയോഗിക്കാവൂ. പ്രൈമിങ്ങിനു ബ്രഷോ ഗണ്ണോ ഉപയോഗിക്കാം. എല്ലായിടത്തും ഒരുപോലെ പ്രൈമർ എത്തണമെന്നു മാത്രം.

പെയിന്റിങ്

ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ജോലിയാണ് പെയിന്റിങ്. പെയിന്റിങ് നിങ്ങൾ തനിയെ ആണ്‌ ചെയ്യുന്നതെങ്കിൽ കംപ്രസർ, ഗൺ, തുടങ്ങിയ ഉപകരണങ്ങൾ വേണ്ടിവരും. പ്രൈമിങ്, പെയിന്റിങ് എന്നീ ജോലികൾക്കായി രണ്ടു ഗണ്ണുകൾ കരുതുന്നത് നന്നായിരിക്കും. പ്രൈമിങ് കഴിഞ്ഞാൽ ഒരു ദിവസമെങ്കിലും പെയിന്റ് ക്യൂർ ആവാൻ വിട്ടേക്കുക. രണ്ടു ദിവസമാണെങ്കിൽ വളരെ നല്ലത്. ഇതിനു ശേഷം പ്രൈം ചെയ്ത ഭാഗങ്ങൾ വിശദമായി പരിശോധിക്കുക. ചളുക്കങ്ങൾ, കുഴികൾ തുടങ്ങിയവ ഒരു പെൻസിലെടുത്ത് മാർക്ക് ചെയ്യുക. ഇവിടെ ബോഡി ഫില്ലർ ഉപയോഗിച്ച് ഫിനിഷ് ചെയ്യാം. ഇതിനായി 2, 3, 4 ഇഞ്ച് അളവുകളിലുള്ള പുട്ടി ബ്ലേഡുകൾ ഉപയോഗിക്കാം.

ബോഡി ഫില്ലർ

പോളിസ്റ്റർ റെസിനാണ് ബോഡിഫില്ലറായി ഉപയോഗിക്കുന്നത്. ഇതിനൊപ്പം ഒരു ഹാർഡ്നറും വരുന്നുണ്ട്. ആനുപാതികമായി മാത്രമേ ഇത് ഉപയോഗിക്കാവൂ. ഹാർഡ്നറിന്റെ അളവു കൂടും തോറും ഫില്ലർ പേസ്റ്റ് വളരെ പെട്ടെന്ന് സെറ്റാവും. ഉദാഹരണത്തിന് ഒരു ടേബിൾസ്പൂണിൽ ഫില്ലറെടുത്താൽ അതിൽ ചേർക്കാൻ ഒരു കടലയുടെ അത്ര പോലും ഹാർഡ്നർ വേണ്ട. ഫില്ലർ സെറ്റാവാൻ സാധാരണഗതിയിൽ 10 മുതൽ 20 മിനിറ്റ് വരെ സമയമെടുക്കും. അരമണിക്കൂർ കഴിഞ്ഞാൽ 80 മുതൽ 120 വരെ ഗ്രിട്ട് ഉള്ള വാട്ടർ പേപ്പർ ഉപയോഗിച്ച് സാൻഡ് ചെയ്യാം. സാൻഡിങ് കഴിഞ്ഞും ചെറിയ പോറലുകൾ, കുഴികൾ ഒക്കെ അവശേഷിക്കുന്നെങ്കിൽ അവിടെ എൻസി പുട്ടി ഉപയോഗിക്കാം.

എൻസി പുട്ടി

നൈട്രോസെല്ലുലോസ് പുട്ടി എന്നാണിതിന്റെ പൂർണനാമം. എസ്ഡീ എന്ന കമ്പനിയുടെ പുട്ടിയാണ് നമ്മുടെ നാട്ടിൽ സർവസാധാരണമായുള്ളത്. പുട്ടിയിടുന്നതിനു മുമ്പായി അതിനുപയോഗിക്കുന്ന ബ്ലേഡിന്റെ അറ്റം ഒരിഞ്ച് വീതിയിൽ സാൻഡ് ചെയ്ത് കനം കുറച്ചാൽ നല്ല വഴക്കം ലഭിക്കും. 20 മുതൽ 30 മിനിറ്റ് വരെയാണ് എൻസി പുട്ടി സെറ്റാകാനുള്ള സമയം. അന്തരീക്ഷ ഊഷ്മാവിനനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികം. എന്തായാലും ഒരു മണിക്കൂർ കഴിഞ്ഞ് എൻസി പുട്ടി വെറ്റ് സാൻഡ് ചെയ്യാം. ഇതിനായി 150 മുതൽ 320 വരെ ഗ്രിട്ട് ഉള്ള വാട്ടർ സാൻഡ് പേപ്പർ ഉപയോഗിക്കാം. എൻസി പുട്ടിയിട്ട ഭാഗം നന്നായി സാൻഡ് ചെയ്ത് ഫിനിഷാക്കിയ ശേഷം നന്നായി ഉണങ്ങാൻ വിടുക. ശ്രദ്ധിച്ചുനോക്കിയാൽ അതിൽ ഇനിയും ചെറിയ പോറലുകളും പാടുകളും കാണാം. ഇതൊഴിവാക്കാൻ സർഫേസർ ഉപയോഗിക്കാം. 

സർഫേസർ

ഇത് എൻസി പുട്ടിയുടെ ദ്രാവകരൂപമാണെന്ന് വേണമെങ്കിൽ പറയാം. പിഎസ് ഗ്രേ എന്ന പേരിലാണ് ഇത് വിപണിയിൽ ലഭിക്കുന്നത്. പിഎസ് ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലും ഇത് ലഭ്യമാണ്. ഇതിനെ നേർപ്പിക്കാൻ എൻസി തിന്നർ ഉപയോഗിക്കാം.

bike-restoration

തിന്നർ

പെയിന്റിനെ നേർപ്പിക്കാനാണ് തിന്നർ ഉപയോഗിക്കുന്നത്. നേരത്തേ പറഞ്ഞ ഇപോക്സി തിന്നർ മുതൽ പോളിയൂറിത്തേയ്ൻ തിന്നറും 2കെ തിന്നറും വരെ ഓട്ടമോട്ടീവ് പെയിന്റിങ്ങിൽ ആവശ്യമാണ്. ഇതിൽ ഏറ്റവുമധികം ആവശ്യം വരുന്നത് എൻസി അഥവാ നൈട്രോസെല്ലുലോസ് തിന്നറാണ്. ഷീൻലാക് എന്ന കമ്പനിയുടെ തിന്നറാണ് ഇവിടെ സാധാരണയായി ഉപയോഗിക്കുക. അവരുടെ ഡി 13, എസ്പി 58 ഗ്രേഡുകളിലുള്ള തിന്നറുകളുണ്ട്. ഇതിൽ ഡി 13 കുറഞ്ഞ നിലവാരമുള്ളതും എസ്പി 58 താരതമ്യേന ഉയർന്ന ഗുണനിലവാരമുള്ളതുമാണ്. പ്രധാന പെയിന്റിലേക്കു കടക്കുമ്പോൾ ബേസ് കോട്ടിന് എസ്പി 58 ഉപയോഗിക്കാറുണ്ട്. എന്നാൽ ഫിനിഷിങ് ടിന്റ് ആയ പെയിന്റിൽ ആ പെയിന്റിന്റെ സ്വഭാവമനുസരിച്ച് പിയു അഥവാ പോളിയുറിത്തേയ്ൻ അല്ലെങ്കിൽ 2കെ തിന്നറുകൾ ഉപയോഗിക്കാറുണ്ട്.

ബേസ് കോട്ട്

സർഫേസറിനു മുകളിൽ 600 ഗ്രിട്ട് ഉള്ള വാട്ടർപേപ്പർ ഉപയോഗിച്ച് വളരെ സൂക്ഷ്മമായി വെറ്റ്സാൻഡ് ചെയ്ത ശേഷം ബേസ് കോട്ടിലേക്കു കടക്കാം. വികസിതരാജ്യങ്ങളിൽ പൊതുവെ ഫൈനൽ ടിന്റ് പെയിന്റ് തന്നെ രണ്ടോ മൂന്നോ കോട്ടായി അടിക്കുകയാണ് പതിവ്. നമ്മുടെ നാട്ടിൽ ചെലവു ചുരുക്കാൻ ഫൈനൽ ടിന്റിനോട് സാമ്യമുള്ള എൻസി ബേസ്ഡ് പെയിന്റ് ആണ് ബേസ് കോട്ടായി പ്രയോഗിക്കുക. നല്ല വൃത്തിയുള്ള പാത്രങ്ങൾ പെയിന്റ് കലക്കാൻ ഉപയോഗിക്കുക. ഗണ്ണിലേക്ക് ഒഴിക്കും മുമ്പേ കോണിക്കൽ ഫിൽട്ടർ ഉപയോഗിച്ച് അരിച്ചെടുക്കയും വേണം.

ഫൈനൽ ടിന്റ്

പ്രധാനമായും രണ്ടു തരം പെയിന്റുകളാണിപ്പോൾ ഓട്ടമോട്ടീവ് ഫിനിഷിനായി ഉപയോഗിക്കുന്നത്. പിയു അഥവാ പോളിയുറിത്തേയ്ൻ പെയിന്റ്, അതല്ലെങ്കിൽ ഡ്യുപോണ്ട്, 2കെ പോലെയുള്ള പെയിന്റുകൾ. പിയു പെയിന്റ് വൺ ടൈം ആപ്ലിക്കേഷനാണ്. രണ്ടു കോട്ട് അടിച്ചാൽ സാമാന്യം നല്ല ഫിനിഷ് തന്നെ ലഭിക്കും. എന്നാൽ മെറ്റാലിക് ഫിനിഷിനും മറ്റും ഡ്യൂപോണ്ട് പോലെയുള്ള പെയിന്റുകൾ തന്നെ വേണം. അവയ്ക്ക് ഒരു ക്ലിയർ കോട്ട് കൂടി വേണ്ടിവരും. അതേപ്പറ്റി വഴിയേ പറയാം. ഫൈനൽ ടിന്റിനുള്ള പെയിന്റ് വളരെ ശ്രദ്ധയോടെ ചെയ്യേണ്ടുന്ന ഒന്നാണ്. ബേസ് കോട്ടടിച്ച പെയിന്റിനു മുകളിൽ എണ്ണമയമോ അഴുക്കോ ഇല്ലെന്നുറപ്പാക്കാൻ സോപ്പോ ഡിഷ് വാഷർ ലിക്വിഡോ ഉപയോഗിച്ചു നന്നായി കഴുകിയുണക്കിയ ശേഷമേ ഫൈനൽ ടിന്റ് പ്രയോഗിക്കാവൂ. ഇതിനു രണ്ടു ദിവസമെങ്കിലും ക്യൂറിങ് ടൈം കൊടുക്കുന്നത് നന്നായിരിക്കും. ഈ സമയത്ത് ഗ്രാഫിക്സോ മറ്റ് സ്റ്റിക്കർ വർക്കുകളോ ചെയ്യാം. പെയിന്റിൽ അധികം ബലം പ്രയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം.

ക്ലിയർ കോട്ട്

ഇതൊരു സുതാര്യമായ പോളിയുറിത്തേയ്ൻ ആവരണമാണ്. പെയിന്റിനു തിളക്കമേകുന്നതോടൊപ്പം ഒരു സംരക്ഷണ കവചമായും ക്ലിയർ കോട്ട് നിലകൊള്ളുന്നു. ക്ലിയറിനും ഒരു ഹാർഡ്നർ വരാറുണ്ട്. ഇതിന്റെ അനുപാതം ഓരോ ബ്രാൻഡിനും വ്യത്യസ്തമായിരിക്കും. കമ്പനിയുടെ നിർദ്ദേശം ഈ കാര്യത്തിൽ കൃത്യമായി പാലിക്കുക. ഫൈനൽ ടിന്റ് ചെയ്ത സ്ഥലങ്ങൾ നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ ക്ലിയർ കോട്ട് കൊടുക്കാവൂ. ഒരു തവണ ക്ലിയറടിച്ചു കഴിഞ്ഞാൽ 15-20 മിനിറ്റിനുള്ളിൽ അടുത്ത കോട്ട് കൂടി കൊടുക്കാം. ഒരു ദിവസമെങ്കിലും ക്യൂറിങ് കൊടുക്കുന്നതാണുത്തമം. 

പോളീഷിങ്

ക്ലിയർകോട്ടിൽ എന്തെങ്കിലും ഫിനിഷിങ് പ്രശ്നങ്ങളുണ്ടെങ്കിൽ 1500 അല്ലെങ്കിൽ 2000 ഗ്രിട്ടിന്റെ പേപ്പർ ഉപയോഗിച്ച് സോപ്പുവെള്ളമോ ഷാമ്പൂവോ ചേർത്ത് ശ്രദ്ധാപൂർവം വെറ്റ് സാൻഡ് ചെയ്യുക. ശേഷം റബ്ബിങ്ങ് കോമ്പൗണ്ട് ഉപയോഗിച്ച് പ്രതലത്തെ ഒരുക്കുക. അതിനു ശേഷം വാക്സ് പോളീഷ് ഉപയോഗിച്ച് ഫിനിഷ് ചെയ്യുക.

മേൽപ്പറഞ്ഞ ജോലികളുടെ വിശദമായ നിർദേശങ്ങൾ അടുത്ത ഭാഗത്തിൽ.

(തുടരും)

കടപ്പാട്: റോഡീസ് ഗാരിജ്, 9447716919

English Summary: Old Vehicle Restoration Tips Part Two

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS