ADVERTISEMENT

നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് ഹോണ്ട. അതിപ്പോൾ ഫോർ‌വീലർ ആയാലും ടൂവീലർ‌ ആയാലും. ലക്ഷോപലക്ഷം വരുന്ന ഹോണ്ട എന്ന ബ്രാൻഡിന്റെ ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? നിരത്തു നിറ​ഞ്ഞോടുന്ന ഹോണ്ട വാഹനങ്ങൾതന്നെയാണ് അതിനുള്ള ഉത്തരം. ടൂവീലർ വിഭാഗത്തിൽ ഹോണ്ട എന്ന പേരിനെക്കാളും ‘ആക്ടീവ’ എന്ന പേരു വളർന്നത് ചെറിയൊരു ഉദാഹരണം മാത്രം. സ്കൂട്ടർ മുതൽ 1800 സിസി മോട്ടർ സൈക്കിളുകൾവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഹോണ്ട ക്രൂസർ‌ നിരയിൽ പുതിയ മോഡലുകളുമായി സജീവമാകുകയാണ്. 350 സിസി സെഗ്‌മെന്റിലെ മൂന്നാമത്തെ മോഡലാണ് പുതിയതായി അവതരിപ്പിച്ച സിബി 350. റോയൽ എൻഫീൽഡിന്റെ തട്ടകമായി 350 സിസി ക്രൂസർ വിഭാഗത്തിൽ ശക്തമായ വെല്ലുവിളിയുമായാണ് സിബി 350യുടെ വരവ്. മികവ് എന്തൊക്കെയെന്ന് ഒാടിച്ചറിയാൻ ഹൈറേഞ്ചിലൂടെയൊന്നു പോയിവരാം.

honda-cb-350-6

ക്ലാസിക് ലുക്ക്

കാഴ്ചയിൽ തനി ക്ലാസിക് മോട്ടർ സൈക്കിളുകളുടെ ലുക്കാണ് സിബി 350യ്ക്ക്. ഒറ്റനോട്ടത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350യോടു സാമ്യം തോന്നാമെങ്കിലും വലുപ്പത്തിലുള്ള എടുപ്പ് സിബി 350 യ്ക്കുതന്നെയാണ്. 15.2 ലീറ്ററിന്റെ മസ്കുലർ ടാങ്കാണ്. ഒപ്പം ഉയരം കൂടിയ വീതിയേറിയ ഹാൻഡിൽ ബാറും ക്രോ ചുറ്റോടുകൂടിയ വലിയ ഹെഡ്‌ലൈറ്റും നല്ല തലയെടുപ്പു നൽകുന്നുണ്ട്. ക്ലാസിക് ശൈലിയിലുള്ള കവറോടുകൂടിയ ടെലിസ്കോപ്പിക് ഫോർക്കും വലിയ ഫെൻഡറും കൂടിച്ചേരുമ്പോൾ മാസ് ലുക്കാണ് സിബി 350 നൽകുന്നത്. നീളവും ഉയരവും ഹൈനസിനെക്കാളുമുണ്ട്. വീതി 12 എംഎം കുറവാണ്. 

ഹെഡ്‌ലാംപ്, മിറർ, പിൻ ഷോക്ക്, സൈലൻസർ, എൻജിൻ കവർ, എൻജിൻ ഫിൻ എന്നിവിടങ്ങളിലെ ക്രോം തിളക്കം ക്ലാസിക് ഫീൽ കൂട്ടുന്നുണ്ട്. പീ ഷൂട്ടർ ടൈപ്പിലുള്ള വലിയ സൈലൻസറാണ്. ഫിനിഷിങ് കേമം. വിഭജിച്ച സീറ്റുകൾ. നല്ല വലുപ്പമുണ്ട്. സൈഡ് പാനലിനും പിൻ ഫെൻഡറിനുമെല്ലാം ഉഗ്രൻ ക്വാളിറ്റിയാണ്. സിംപിളായ ഒറ്റ പൈപ്പിലുള്ള ഗ്രാബ്റെയിൽ. 

ഇൻഡിക്കേറ്ററും ടെയിൽ–ഹെഡ്‍‌ലാംപുമെല്ലാം ഫുള്ളി ഡിജിറ്റലാണ്. ഇൻഡിക്കേറ്റർ കത്തിനിൽക്കുന്നതു കാണാൻ രസമുണ്ട്. ഫയർ റിങ് ടൈപ് എന്നാണ് ഹോണ്ട ഇതിനെ വിശേഷിപ്പിക്കുന്നത്. വലിയ അക്കങ്ങളോടുകൂടിയ സ്പീഡോ‌മീറ്റർ ഡയലും അതിനു കോർണറിലായി ചെറിയ ഡിജിറ്റൽ കൺസോളുമുള്ള അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോളാണ്. ഹൈനസിൽ കണ്ടതുതന്നെ. ഗിയർ‌ ഇൻഡിക്കേഷൻ, ഫ്യുവൽ ഗേജ്, ഒാഡോമീറ്റർ, ട്രിപ് മീറ്റർ, ക്ലോക്ക് എന്നിവയെല്ലാം ഡിജിറ്റൽ കൺസോളിൽ ക്രമീകരിച്ചിരിക്കുന്നു. ശരാശരി ഇന്ധനക്ഷമത, നിലവിലെ ഇന്ധനക്ഷമത എന്നിവ ഇതിലറിയാം. ഹാൻഡിൽബാറിലെ സ്വിച്ചുകളുടെ നിലവാരം എടുത്തുതന്നെ പറയണം.   കൺസോളിലെ വിവരങ്ങൾ അറിയാനുള്ള ബട്ടൺ ഹാൻഡിലിൽ ഇടതു വശത്തു നൽകിയിട്ടുണ്ട്. അലോയ് വീലുകളാണ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും. 

honda-cb-350-5

കരുത്തുറ്റ എൻജിൻ

ഈ സെഗ്‌മെന്റിലെ ഏറ്റവും കരുത്തു കൂടിയ എൻജിനുകളിലൊ ന്നാണ് സിബി 350യിലേത്. 5500 ആർപിഎമ്മിൽ 20.7 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 3000 ആർപിഎമ്മിൽ 29.4 എൻഎം. പവറിൽ ഹൈനസുമായി മാറ്റമില്ല. എന്നാൽ ടോർക്കിൽ നേരിയ കുറവുണ്ട് (ഹൈനസ്–30 എൻഎം). ടോപ് എൻഡിനെക്കാളും ലോഎൻഡിൽ മികച്ച ശേഷി പുറത്തെടുക്കുന്ന രീതിയിലാണ് എൻജിൻ ട്യൂണിങ്. വൈബ്രേഷനില്ല എന്നത് എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്. എതു തിരക്കിലും എടുത്തറിയാവുന്ന ശബ്ദമാണ് ഹോണ്ട ഹൈനസിന്റേത്. ആ ശബ്ദത്തിനേക്കാൾ അൽപം ഗാംഭീര്യം കൂടിയിട്ടുണ്ട് സിബി 350യിൽ. 5 സ്പീഡ് ട്രാൻസ്മിഷനാണ്. സ്മൂത്ത് ഷിഫ്റ്റിങ്. 

honda-cb-350-3

റൈഡ്

187 കിലോഗ്രാമാണ് സിബി 350യുടെ കെർബ് ഭാരം. ഹൈനസിനെക്കാളും 6 കിലോഗ്രാം കൂടുതലുണ്ട്. നിരത്തിലെ പ്രധാന എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസിക്കിനെക്കാളും 8 കിലോഗ്രാം കുറവുണ്ട്. സീറ്റിന്റെ ഉയരം ഹൈനസിനൊപ്പം–800 എംഎം (ക്ലാസിക് 350 യ്ക്ക് 5 എംഎം ഉയരക്കൂടുതലുണ്ട്). റൈഡർസീറ്റിൽ സുഖമായി ഇരിക്കാം. ഉയരം കുറവ് എന്നതിനൊപ്പം വലുപ്പമേറിയതും ഗുണകരമായി. പില്യൺ സീറ്റിനും വലുപ്പവും നീളവുമുണ്ട്. ദീർഘദൂരയാത്ര മടുപ്പിക്കില്ല. നിവർന്നിരുന്ന് ഒാടിക്കാവുന്ന റൈഡിങ് പൊസിഷനാണ്. കോട്ടയത്തെ പുരയ്ക്കൽ ഹോണ്ടയുടെ ബിഗ്‌വിങ് ഡീലർഷിപ്പിൽനിന്നു വണ്ടി സ്റ്റാർട്ട് ചെയ്തത് ഇടുക്കി പീരുമേട്ടിലേക്കാണ്. വളവും തിരിവും കയറ്റവും നിറഞ്ഞ റോഡിലൂടെ അനായാസം സിബി350 കുതിച്ചു. 

ലോ എൻഡിലും മിഡ് റേഞ്ചിലും ഉഗ്രൻ ടോർക്ക് നൽകുന്നുണ്ട് സിബി 350. 36 സിസി എൻജിൻ. കുറഞ്ഞ വേഗത്തിൽ അടിക്കടിയുള്ള ഡൗൺ ഷിഫ്റ്റിങ് വേണ്ടിവരുന്നില്ല. ടോപ് എൻഡിൽ കുറച്ചുകൂടി കരുത്തു കിട്ടിയിരുന്നെങ്കിൽ എന്നു തോന്നി. മിതവേഗത്തിൽ റൈഡ് ചെയ്യുന്നവരെ നോട്ടമിട്ടാണ് സിബി 350യുടെ വരവ്. പൊളിച്ചടുക്കി ഒാടിക്കാനുള്ളതല്ലല്ലോ ഈ റേഞ്ചിലുള്ള ക്രൂസർ മോഡലുകൾ! 

honda-cb-350-1

എതിരാളികളുമായി താരതമ്യം ചെയ്‌താൽ വീൽബേസ് കൂടുതലുണ്ട് സിബി350യ്ക്ക്. നേർരേഖയിലും  വളവുകളിലും നല്ല കൺട്രോളുണ്ട്. വലിയ വളവുകൾ കൂളായി വീശിയെടുത്തുപോകാം. ഉയർന്ന വേഗത്തിൽ പെട്ടെന്നുള്ള ‍‍ഡൗൺ ഷിഫ്റ്റിൽ (പ്രത്യേകിച്ചു ഹൈറേഞ്ച് റൂട്ടിലെ തിരിച്ചിറക്കങ്ങളിൽ) പിൻവീൽ ലോക്കാകാതെ നോക്കുന്ന സ്ലിപ് അസിസ്റ്റ് ക്ലച്ച് സംവിധാനമുണ്ട്. മാത്രമല്ല, പ്രതലമനുസരിച്ചു മികച്ച ട്രാക്‌ഷൻ നൽകുന്ന ഹോണ്ട സെലക്ടബിൾ ട്രാക്‌ഷൻ കൺട്രോൾ സംവിധാനവും സിബി 350യിൽ ഒരുക്കിയിട്ടുണ്ട്. മുൻപിൻ വീലുകളുടെ കറക്കം സെൻസ് ചെയ്ത് അതിനനുസരിച്ച് ടോർക്ക് നൽ‌കുന്ന സംവിധാനമാണിത്. റൈഡ് കൂടുതൽ സുരക്ഷിതമാക്കും ഇത്. ഒപ്പം ഡ്യുവൽ ചാനൽ എബിസിന്റെ സുരക്ഷയുമുണ്ട്. 

165 എംഎം ഗ്രൗണ്ട് ക്ലിയറെൻസുണ്ട് സിബി 350യ്ക്ക്. പീരുമേട്ടിലെ തേയിലത്തോട്ടത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ അടിതട്ടാതെ കൂളായി കയറിപ്പോയി സിബി 350. ടാർ റോഡിലും മൺറോഡിലും മറ്റും നല്ല ഗ്രിപ്പു നൽകുന്ന ടയറുകളാണ്. 130/70  സെക്‌ഷൻ ടയറാണു പിന്നിൽ. 

honda-cb-350-2

ഇന്ധനക്ഷമത

ലീറ്ററിന് 31.2 കിമീയാണ് റൈഡിൽ മീറ്ററിൽ കാണിച്ച ശരാശരി ഇന്ധനക്ഷമത. ടെസ്റ്റ് റൈഡിൽ കൂടുതൽ സമയവും ഹൈറേഞ്ചിലൂടെയാണ് ഒാടിച്ചത്. സാധാരണ റോഡിൽ ഇതിൽ കൂടുതൽ ലഭിച്ചേക്കാം.

വില

രണ്ടു വേരിയന്റുകളുണ്ട്. വില താരതമ്യം ചെയ്താൽ ഹൈനസിനെക്കാളും അൽപം വിലക്കൂടുതലുണ്ട് സിബി 350യ്ക്ക്. 

honda-cb-350-4

ഫൈനൽ ലാപ്

ക്വാളിറ്റിയാണ് സിബി 350യുടെ എടുത്തു‌പറയേണ്ട കാര്യം. കൊടുക്കുന്ന കാശിനു മുതലെന്ന് ഒറ്റവാക്കിൽ പറയാം. സിറ്റിയിലും ഹൈവേയിലും മിതവേഗത്തിൽ പോകാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് രാജകീയ റൈഡ് സമ്മാനിക്കും ഹോണ്ടയുടെ ഈ പുതിയ ക്രൂസർ.

English Summary:

Honda CB 350 Test Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com