ADVERTISEMENT

പൊന്നും കുടത്തിനു പൊട്ട് എന്നതു പോലെയാണ് ഹ്യുണ്ടേയ് ക്രെറ്റയ്ക്ക് എൻ ലൈൻ സീരീസ്. ഒട്ടേറെ സവിശേഷതകളും ആഡംബരങ്ങളും എടുത്തണിഞ്ഞ് അടുത്തിടെ പുതു രൂപത്തിലെത്തിയ ക്രെറ്റയ്ക്ക് ഏതാനും ആഴ്ചകൾ പിന്നിടുമ്പോള്‍ എൻ ലൈൻ ലോഗോ നൽകുന്നത് സൂപ്പർ താര പരിവേഷം. വ്യത്യസ്തത വേണമെന്നു ആഗ്രഹിക്കുന്നവർക്ക് ക്രെറ്റ വിട്ട് ക്രെറ്റ എൻ ലൈൻ തിരഞ്ഞെടുക്കാം.

‘എൻ’ വെറുമൊരു പേരല്ല 

ഹ്യുണ്ടേയ് ആഗോള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന കൊറിയയിലെ നാംയാങ് ജില്ലയുടെ തുടക്കത്തിലുള്ള ‘എൻ’ആണ് ലോഗോയ്ക്കു പിന്നിൽ. പുറമെ ഹ്യുണ്ടേയ് പെർഫോമൻസ് ടെസ്റ്റിങ് നടത്തുന്ന ജർമനിയിലെ ന്യൂർബർഗ്രിങ് റേസ് ട്രാക്കിന്റെ ‘എൻ’ കൂടി ഈ പേരിനു ‘കാരണഭൂത’നാകുന്നുണ്ട്.  പേരെങ്ങനെ വന്നതാണെങ്കിലും ‘എൻ’ എന്നാൽ ഹ്യുണ്ടേയ്ക്ക് പെർഫോമൻസ് കാറുകളാണ്. എൻജിനിലും സസ്പെൻഷനിലും കാര്യമായ മാറ്റങ്ങളും ബോഡിയിൽ അതിനനുസരിച്ച സ്പോര്‍ട്ടി സ്വഭാവവുമുള്ള കാറുകളാണ് ‘എൻ’ സീരീസ്. എൻ ലൈൻ ഒരു പടി താഴെയാണ്. പെർഫോമൻസ് സാധാരണ കാറിനൊപ്പം, എന്നാൽ കാഴ്ചയിൽ ‘എൻ’ സീരീസ്.

hyundai-creta-nline
വാഹനത്തിൽ ഉടനീളമുണ്ട് റെഡ് ലൈൻ

20 യിൽ തുടക്കം

ഇന്ത്യയിലെ ആദ്യ എൻ ലൈൻ ഐ 20 ആണ്. 2021ൽ ആദ്യമായും പിന്നീട് 2023ല്‍ പുതിയ മോഡലിലും എത്തി. 2022ൽ വെന്യു. ഇപ്പോൾ ക്രെറ്റ. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിടും മുൻപേ ക്രെറ്റയ്ക്ക് എൻ ലൈൻ നൽകുന്നത് ആ വാഹനത്തിന്റെ വിജയഗാഥയിൽ ഒരു പൊൻമാല അണിയിക്കുന്നതിനു തുല്യമാണ്. കാരണം ഹ്യുണ്ടേയ് ഇന്ത്യയിലിറക്കിയ വാഹനങ്ങളിൽ ഏറ്റവും വിജയകരമായ മോഡലാണ് ക്രെറ്റ. ഇന്നു വരെ 10 ലക്ഷം ക്രെറ്റകൾ ഇറങ്ങി. പുതിയ ക്രെറ്റ കുറെക്കൂടി വലിയ വിജയ കഥയാണ്. 2015ൽ ആദ്യം ഇറങ്ങിയ ശേഷമുണ്ടായ ഏറ്റവും വലിയ മാസ വിൽപനയായ 15276 ക്രെറ്റ പിന്നിട്ടു. ബുക്കിങ് 80000 കവിഞ്ഞു നിൽക്കുന്നു.

hyundai-creta-nline-11
എൻ ലൈനിന്റെ ചുവപ്പ് ഇൻസേർട്ടുകൾ

എന്തൊക്കെയാണ് എന്‍ ലൈൻ 

ശക്തമായ പുറം കാഴ്ച, മോഹിപ്പിക്കുന്ന ഉൾവശം, ത്രസിപ്പിക്കുന്ന പെർഫോമൻസ്, വശീകരിക്കുന്ന സാങ്കേതികത... ഇതൊക്കെയാണ് ഹ്യുണ്ടേയ് നിർവചനത്തിൽ എൻ ലൈൻ. പുറത്തു നിന്നു നോക്കുമ്പോൾ സ്പോർട്ടിയാണ്, ഡൈനാമിക്കാണ്, വേറിട്ട കാഴ്ചയുമാണ്. എങ്ങനെ? ചുവപ്പു രാശിയുള്ള എൻ ലൈൻ ലോഗോയുടെ തുടർച്ചയായി മാറുന്ന കുറെ ഡിസൈൻ എലമെന്റുകൾ. ചുവപ്പു വരയുള്ള സ്പോർട്ടി എൻ ലൈൻ സ്കിഡ് പ്ലേറ്റും ബംപറും, എൻ ലോഗോയുള്ള ആർ 18 അലോയ് വീലുകൾ, ബ്രേക്ക് കാലിപ്പറുകൾക്കും ചുവപ്പ്. ട്വിൻ ടിപ് ടെയ്ൽ പൈപ്പ്. ഇത്രയും പുറത്ത്.

hyundai-creta-nline-9
ഗിയർനോബിലും സ്റ്റിയറിങ്ങിലും എൻലൈൻ ലോഗോ

മോഹിപ്പിക്കുന്ന ഉൾവശം

സ്പോർട്ടി, പ്രീമിയം, ഹൈ ടെക്. ഇതാണ് തീം. പുറത്തെ ചുവപ്പു വരകൾ ഉള്ളിലും ഭംഗിയിൽ പരക്കുന്നു. സീറ്റുകളിലും സ്റ്റീയറിങ്ങിലും ഗിയർ നോബിലും ഈ വരകളും എൻ ലോഗോയുമുണ്ട്. ഡാഷ് ബോർഡിൽ ചുവപ്പു വരകൾക്കു പുറമെ ആംബിയന്റ് ലൈറ്റിങ്. സ്പോർട്ടി മെറ്റൽ പെഡലുകൾ. സാങ്കേതികതയ്ക്ക് ഒരു കുറവുമില്ല. ഡ്യുവൽ ടോൺ ക്ലൈമാറ്റിക് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, വോയിസ് നിയന്ത്രിത പനോരമിക് സൺ റൂഫ്, ബോസ് 8 സ്പീക്കർ സിസ്റ്റം, ഡ്യുവൽ കാമറയുള്ള ഡാഷ് കാം, 8 വേ സീറ്റ് അഡ്ജസ്റ്റർ...

ഡൽഹി – മുംബൈ എക്സ്പ്രസ് വേ (ചിത്രം: Twitter)
ഡൽഹി – മുംബൈ എക്സ്പ്രസ് വേ (ചിത്രം: Twitter)

ഓടിക്കാൻ വേണം ഒരു എക്സ്പ്രസ് വേ 

ന്യൂഡല്‍ഹി – മുംബൈ എക്സ്പ്രസ് വേയിൽ 100 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു മക്ഡൊണാൾഡ് സിൽ പിറ്റ് സ്റ്റോപ്പ്. പിന്നെ മടക്കം. അതാണ് ഡ്രൈവ്.  രാവിലെ ഒന്‍പതിന് പ്രഭാതഭക്ഷണം കഴിഞ്ഞ് ഹ്യുണ്ടേയ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നാരംഭിച്ച യാത്ര രാവിലത്തെ നഗരത്തിരക്കു പിന്നിട്ട് ഹൈവേയിലെത്തിയപ്പോൾ അര മണിക്കൂറെടുത്തു. നാലു വരി എക്സ്പ്രസ് വേയുടെ ധാരാളിത്തത്തിലും ശൂന്യതയിലും ചിട്ടയിലും പിന്നീടുള്ള 80 കിമി പിന്നിടാൻ വേണ്ടി വന്നത് വെറും 30 മിനിറ്റ്. ഈ എക്സ്പ്രസ് വേ പൂർത്തിയായാൽ ന്യൂഡൽഹിയിൽ നിന്ന് മുംബൈ വരെയുള്ള 1300 കി മി 12 മണിക്കൂറിൽത്താഴെ കൊണ്ട് ഓടിയെത്താം.

hyundai-creta-nline-5
ഡ്യുവൽ ടോൺ എക്സ്റ്റീരിയർ, ബ്ലാക് റൂഫ് നൽകിയിരിക്കുന്നു

ടർബോ കരുത്ത്, ഓട്ടമാറ്റിക്, മാനുവൽ

160 പിഎസ്, 25.8 കെ ജി എം ടോർക്കുള്ള പെട്രോൾ എന്‍ജിന് പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 8.9 സെക്കൻഡ്. ആവശ്യത്തിലുമധികം ശക്തിയുള്ള എന്‍ജിൻ താരതമ്യേന ശബ്ദരഹിതനും സൗമ്യനുമാണ്, പരിഷ്കൃതനായ ഡി സി ടി ഗിയർബോക്സിനു പുറമെ മാനുവൽ ഗിയറുമുണ്ട്. സാധാരണ ക്രെറ്റ പെട്രോളിൽ മാനുവൽ ഗിയർബോക്സില്ല. ഇന്ധനക്ഷമത ഓട്ടമാറ്റിക്കിന് 18.2 കി മിയും മാനുവലിന് 18 കി മിയും ലഭിക്കും. ഡ്രൈവിങ് ഹ്യുണ്ടേയ് സൂചിപ്പിക്കുന്നതു പോലെ ആയാസ രഹിതം അതീവശക്തം.

hyundai-creta-nline-6
പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 8.9 സെക്കൻഡ്

സ്മാർട്ടാണ് സ്മാർട്ട് സെൻസ്

ലോക നിലവാരത്തിൽ ട്രാഫിക് ചിഹ്നങ്ങളും ലൈനുകളുമൊക്കെയുള്ള മൂംബൈ എക്സ്പ്രസ് വേ തിരഞ്ഞെടുക്കാൻ കാരണം ഹ്യുണ്ടേയ് സ്മാർട്ട് സെൻസ് എന്ന അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമായ, അഡാസ് ലെവൽ ടു പൂർണമായും ഇവിടെ പ്രവർത്തിക്കും എന്നതാണ്. മുന്നിൽപ്പോകുന്ന വാഹനത്തെയും യാത്രക്കാരനെയും ഇടിക്കാതിരിക്കാനുള്ള സംവിധാനം, ലൈൻ വിട്ടു പോകുമ്പോളുള്ള വാണിങ്, ക്രൂസ് കൺട്രോളിലാണെങ്കിലും മുന്നിൽ വേറേ വണ്ടിയുണ്ടെങ്കിൽ വേഗം കുറയ്ക്കുന്ന സംവിധാനം, ബ്ലൈൻഡ് സ്പോട്ട് വാണിങ് തുടങ്ങി ഒരു കൈ സഹായം കൂടി ഡ്രൈവർക്കു ലഭിക്കുന്നു. തോന്നിയ പോലെ വണ്ടിയോടിക്കാൻ പറ്റില്ലെന്നു മാത്രം. ലൈൻ മാറണമെങ്കിൽ ഇന്‍ഡിക്കേറ്ററിട്ടു മാറണം. അല്ലെങ്കിൽ വണ്ടി സ്റ്റിയറിങ് തിരിച്ചു പിടിക്കും...

hyundai-creta-nline-8
മുൻ ഗ്രില്ലിന് ഏറെ മാറ്റങ്ങൾ

വില

എൻ 8, എൻ 10 എന്നീ രണ്ടു മോഡലുകളിൽ മാനുവലും ഓട്ടമാറ്റിക്കും ട്രാൻസ്മിഷനുകൾ. എൻ 8 മാനുവലിന് 16.82 ലക്ഷം രൂപയും എൻ 8 ഓട്ടമാറ്റിക്കിന് 18.32 ലക്ഷം രൂപയമാണ് എക്സ്ഷോറൂം വില. എൻ 10 മാനുവലിന്റെ ഷോറൂം വില 19.34 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 20.29 ലക്ഷം രൂപയും. 

hyundai-creta-nline-7
പിൻഭാഗത്തുമുണ്ട് മാറ്റങ്ങൾ

പരിഗണിക്കാവുന്ന മറ്റു വാഹനങ്ങളും വിലയും 

ഈ വിലയിൽ പരിഗണിക്കാവുന്ന മറ്റു വാഹനങ്ങൾ ഇതാ: ഫോക്സ് വാഗൻ ടയ്ഗൂൻ (11.69 ലക്ഷം രൂപ 19.73 ലക്ഷം രൂപ വരെ), സ്കോഡ കുഷാക് (11.89 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെ), ടോയോട്ട ഹൈ റൈഡർ (11.14 ലക്ഷം രൂപ മുതൽ 20.19 ലക്ഷം രൂപ വരെ), സുസുക്കി ഗ്രാൻഡ് വിറ്റാര ( 10.80 ലക്ഷം രൂപ മുതൽ 19.93 ലക്ഷം രൂപ വരെ), കിയ സെൽറ്റോസ് (10.89 ലക്ഷം രൂപ മുതൽ 19.37 ലക്ഷം രൂപ വരെ), ഹോണ്ട എലിവേറ്റ് (11.57 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെ).

English Summary:

Experience the Hyundai Creta N Line, Test Drive Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com