ഹൈറൈഡറുള്ളപ്പോൾ എന്തിന് ഡീസൽ?

HIGHLIGHTS
  • ടൊയോട്ട ഹൈറൈഡർ സ്ട്രോങ് ഹൈബ്രിഡ് ടെസ്റ്റ് ഡ്രൈവ്
  • ടെസ്റ്റ്ഡ്രൈവിന് നിപ്പോൺ ടൊയോട്ട - 9847086007
toyota-hyryder-4
SHARE

മധ്യനിര ഡീസൽ എസ്‌യുവികളുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണ് ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ്. ഒരു ലീറ്റർ പെട്രോളിൽ 28 കിലോമീറ്റർ. പെട്രോളിന്റെ സൗമ്യത, ശക്തി, ലാളിത്യം. വിലയോ, സമാന ഡീസൽ മോഡലിനെക്കാൾ തെല്ലു കുറവ്.

ഹൈബ്രിഡിന്റെ ധനതത്വശാസ്ത്രം

ഹൈബ്രിഡാണോ ഡീസലിലും ലാഭം? ഹൈറൈഡറിനു സമാനമായ രണ്ട് ഡീസൽ എസ്‌യുവികൾ ഉദാഹരണമാക്കി പരിശോധിക്കാം. ഹ്യൂണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്. ഉയർന്ന ഓട്ടമാറ്റിക് മോഡലിന് വില 18.68 ലക്ഷം, 19.15 ലക്ഷം. ഹൈറൈഡറിന് 18.99 ലക്ഷം. കിയ സെൽറ്റോസാണ് വിലക്കൂടുതലിൽ മുന്നിൽ. ഇനി ഇന്ധനക്ഷമത. അവകാശപ്പെടുന്ന 18.5 കി.മി മൈലേജ് കിട്ടിയാൽ ഒരു കിലോമീറ്ററോടാൻ ഇന്നത്തെ ഡീസൽ വിലയിൽ ക്രേറ്റയ്ക്കും സെൽറ്റോസിനും 5.10 രൂപയ്ക്കു മുകളിലാകും. ഹൈറൈഡർ പെട്രോളിനാകട്ടെ 27.97 കി.മി വച്ചുനോക്കുമ്പോൾ പെട്രോളിൽ ഒരു കിലോമീറ്ററിന് 3.70 രൂപ. പെട്രോൾ മോഡലുകളുമായി ഒരു താരതമ്യം ആവശ്യമേയില്ല. കാരണം ഇന്ധനക്ഷമത തീരെക്കുറഞ്ഞ പെട്രോൾ മോഡലുകൾക്ക് കിലോമീറ്ററിന് 8 രൂപയ്ക്കു മുകളിൽ ചെലവു വരും.

toyota-hyryder
Toyota Hyryder

പണലാഭം മാത്രമോ?

അല്ലേയല്ല. ആധുനിക സാങ്കേതികത, അനായാസ ഡ്രൈവിങ്, കുറഞ്ഞ പരിസ്ഥിതി മലിനീകരണം, വലുപ്പം, കൂടുതൽ സുഖസൗകര്യങ്ങൾ, പുതു പുത്തൻ രൂപകൽപന. എല്ലാത്തിനുമുപരി ടൊയോട്ടയുടെ വിശ്വവിഖ്യാത ബ്രാൻഡിങ്ങും ഒന്നാന്തരം വിൽപനാനന്തര സേവനവും. ഇന്ത്യയിൽ സർവീസ് ചെലവ് ഏറ്റവും കുറവുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ടയെന്ന് നാട്ടിലെല്ലാം പാട്ടല്ലേ...

toyota-hyryder
Toyota Hyryder: Manorama Online

ടൊയോട്ട മാരുതിയുമുണ്ടാക്കും

ഇത്ര നാളും ടൊയോട്ടയ്ക്കായി മാരുതി ചില മോഡലുകളുണ്ടാക്കിയെങ്കിൽ ഇതു ടൊയോട്ടയുടെ ഊഴമാണ്. ഹൈറൈഡറിന്റെ രൂപാന്തരമായ ഗ്രാൻഡ് വിറ്റാരയാണ് ഇന്ത്യയിൽ ടൊയോട്ടയുണ്ടാക്കുന്ന ആദ്യ മാരുതി. സത്യത്തിൽ രണ്ടു ജാപ്പനീസ് കമ്പനികളുടെ മികവുകൾ ഈ രണ്ടു വാഹനങ്ങളിലും സമന്വയിക്കുന്നു. ചെറു കാറുകളുടെ നിർമാണത്തിലെ അറിവും ഇന്ത്യയിലെ ദീർഘകാല പ്രവർത്തന പരിചയവും മാരുതിക്കും ആഗോള സാങ്കേതികതയും ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ മികവും ടൊയോട്ടയ്ക്കും കൈമുതൽ. ഈ കാർ വാങ്ങുന്നവർക്ക് രണ്ടു വമ്പൻമാരുടെയും സാങ്കേതികത്തികവ് ഒരുമിച്ച് കയ്യിലാക്കാം.

ഇലക്ട്രിക്കാണ് ഭായ്...

ഹൈറൈഡറിലെ ഏറ്റവും രസകരമായ ഡ്രൈവിങ് അനുഭൂതി സ്റ്റാർട്ടിങ്ങും തുടക്കവുമാണ്. സ്റ്റാർട്ട് സ്വിച്ചമർത്തിയാൽ എൻജിനു ജീവൻ വയ്ക്കില്ല. കൺസോൾ ലൈറ്റുകളൊക്കെ തെളിയും. ഇനി ചെറുതായി ആക്സിലറേറ്റർ കൊടുക്കാം. വാഹനം ചലിച്ചു തുടങ്ങും. ഒച്ചയില്ല, വിറയലില്ല, നിശ്ശബ്ദം 30–40 കി.മി വരെയെത്തുമ്പോൾ എൻജിൻ സ്റ്റാർട്ടാകുന്നതായി അനുഭവപ്പെടും. പിന്നെയാണ് പെട്രോളിൽ ഓട്ടം. അതുവരെ ഇലക്ട്രിക് മോട്ടറിലായിരുന്നു ചലനം. ഡ്രൈവിങ്ങിന്റെ ഓരോ ഘട്ടത്തിലും ഇലക്ട്രിക്കും പെട്രോളുമായി വാഹനം തനിയെ പകർച്ച നടത്തും. അന്തിമ ഫലം: മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പരിസ്ഥിതി മലിനീകരണം.

front-interior-1-hyryder

ഈ ഹൈബ്രിഡ്, ഹൈബ്രിഡ് എന്നാൽ...

ടൊയോട്ട പണ്ടേ ഹൈബ്രിഡ് കാറുകളുണ്ടാക്കുന്നുണ്ട്. പ്രിയുസ്, വെൽഫയർ, കാംമ്രി എന്നീ ഹൈബ്രിഡുകളൊക്കെ ഇന്ത്യയിലും ലഭിക്കും. പുതിയ ഇന്നോവ ക്രിസ്റ്റയും ഹൈബ്രിഡാണ്. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും സമാസമം ചേരുന്ന സാങ്കേതികതയാണ് ഹൈബ്രിഡ്. ഇലക്ടിക് കാറുകളിൽനിന്നു വ്യത്യസ്തമായി ചെറിയൊരു ബാറ്ററി പാക്ക് ഹൈബ്രിഡിനുണ്ടാവും. സൂക്ഷ്മ പരിശോധനയിൽ ഡിക്കിയിലെ കുറച്ചു സ്ഥലം ഈ ബാറ്ററി കയ്യേറിയിരിക്കുന്നതു കണ്ടറിയാം. ഹൈബ്രിഡ് വാഹനങ്ങളെ യഥാർഥത്തിൽ ചലിപ്പിക്കുന്നത് മോട്ടറാണ്. 1.5 ലീറ്റർ പെട്രോൾ എൻജിന്റെ ധർമം അധിക ശക്തി വേണ്ടപ്പോൾ ഇടപെട്ട് മോട്ടറിന് ചാർജിങ് നൽകുകയാണ്. ചാർജ് തീരുന്നതനുസരിച്ച് എൻജിൻ ഇടപെടും. മോട്ടറാണ് ചാലകശക്തി എന്നതിനാൽ ഹൈബ്രിഡുകളെല്ലാം ഓട്ടമാറ്റിക്കാണ്. ഇലക്ട്രിക്കിനു തുല്യം ഡ്രൈവബിലിറ്റിയും നൽകും. എന്നാൽ ഇലക്ട്രിക് കാറുകളെപ്പോലെ വില കൂടിയ ബാറ്ററി മാറ്റി വയ്ക്കൽ ചെലവുകളില്ല, ചാർജിങ്ങും ആവശ്യമില്ല. ചുരുക്കത്തിൽ പെട്രോളിന്റെയും ഇലക്ട്രിക്കിന്റെയും നന്മകളുടെ സങ്കലനമാണ് ഹൈബ്രിഡ്.

01 Carnival Brochure_4PP

എല്ലാം തികഞ്ഞ എസ്‌യുവി

കാണാൻ ചേലുള്ള, ആവശ്യത്തിനു വലുപ്പമുള്ള നല്ലൊരു മധ്യനിര എസ്‌യുവിയാണ് ഹൈറൈഡർ. എല്ലാ ടൊയോട്ടകളെയും പോലെ പ്രായോഗികം, സുന്ദരം, കരുത്തൻ. എൽഇഡി ലൈറ്റുകളും ഉയർന്ന ബോണറ്റും ചതുരവടിവുള്ള വീൽ ആർച്ചുകളും പ്ലാസ്റ്റിക് ബോഡി ക്ലാഡിങ്ങും സിൽവർ റൂഫ് റെയിലിങ്ങും മനോഹരമായ ഡയമണ്ട് കട്ട് അലോയ് വീലുകളും ചേർന്ന് ആഢ്യത്തമുള്ള വാഹനം. ആവശ്യത്തിനു മാത്രമുള്ള ക്രോം ഉപയോഗവും കറുപ്പും സിൽവറും സ്കിഡ് പ്ലേറ്റുകളും കാർബൺഫൈബർ ഫിനിഷുള്ള ഗ്രില്ലും എല്ലാത്തിലുമുപരി അന്തസ്സുള്ള ടൊയോട്ട ലോഗോയും. നീളത്തിൽ കൊറിയൻ സഹോദരന്മാരായ സെൽറ്റോസിനെയും ക്രേറ്റയേയും പിന്തള്ളുമ്പോൾ വീതിയിൽ ഏതാനും മില്ലിമീറ്ററുകളിൽ കൊറിയക്കാർ മുന്നിലാണ്.

hyryder-interior1

പനോരമിക് സൺറൂഫ്

ഉന്നത ശ്രേണി എസ്‌യുവികൾക്കുള്ള പനോരമിക് സൺറൂഫ്, ഹെഡ്സ് അപ് ഡിസ്പ്ലേ, സീറ്റ് വെന്റിലേഷൻ, 360 ഡിഗ്രി ക്യാമറ, ടച് സ്ക്രീൻ എന്നു വേണ്ട എല്ലാ സൗകര്യങ്ങളും. സുഖകരമായ സീറ്റുകളും അന്തസ്സുള്ള ഉൾവശവും. 255 ലീറ്റർ ബൂട്ട് സ്പേസ്. 0.76 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി ബൂട്ട് ഇടം 100 ലീറ്ററോളം കയ്യേറുന്നു. എന്നാൽ പ്രായോഗികമായി മൂന്നു വലിയ പെട്ടികൾ അനായാസം കയറ്റാം. സ്ഥലം വീണ്ടും കുറയ്ക്കാതിരിക്കാൻ ഇന്നോവയെപ്പോലെ ബൂട്ടിനടിയിലാണ് സ്പെയർ വീൽ.

toyota-hyryder-3

പട്ടു പോലെ മൃദുലം

ഇലക്ട്രിക് ഓടിച്ചവർ പിന്നെ അതേ ഓടിക്കൂ. എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും ഡ്രൈവിങ് അനുഭൂതിയാണ്. ഒച്ചയും ബഹളവുമില്ലാതെ അനായാസം പറക്കുന്ന കാർ. ഇതേ അനുഭവമാണ് ഹൈറൈഡറും. സ്പോർട്ട് മോഡിലിട്ടാൽ കുതിക്കും. നോർമൽ, ഇക്കോ, സ്പോർട്ടി മോഡുകളുണ്ട്. സ്പോർട്ട് മോഡിൽ 116 ബിഎച്ച്പി വരെയെത്തും. 100 കി.മി വേഗമെത്താൻ 12.10 സെക്കൻഡ് മതി. സെൽറ്റോസിനെയും ക്രേറ്റയെയും പിന്നിലാക്കും. നാലു വീലുകൾക്കും ഡിസ്ക് ബ്രേക്കുകളാണ്. ഹിൽ ഹോൾഡ് അടക്കമുള്ള സൗകര്യങ്ങളും 360 ഡിഗ്രി ക്യാമറയും നഗരത്തിരക്കിലും ഡ്രൈവിങ് അനായാസമാക്കുന്നു.

hyryder-interior

പ്രായോഗികം

ഇലക്ട്രിക് സാങ്കേതികത പൂർണതയിലെത്താൻ ഏതാനും വർഷങ്ങൾ കൂടിയെടുക്കുമെന്നതിനാൽ ഹൈബ്രിഡാണ് പ്രായോഗികം. ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയടക്കമുള്ള പ്രതിസന്ധികൾ ബാധിക്കയുമില്ല. സമാനമായ ഇലക്ട്രിക് മോഡലുകളെക്കാൾ ലക്ഷങ്ങളുടെ വിലക്കുറവുമുണ്ട്. സ്ട്രോങ് ഹൈബ്രിഡ് വേണ്ടാത്തവർക്ക് സെമി ഹൈബ്രിഡ് മോഡലുമുണ്ട്. 15 ലക്ഷത്തിൽ വിലയാരംഭിക്കുന്ന ആ മോഡലിന് 21 കി.മി ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.

ടെസ്റ്റ്ഡ്രൈവ്: നിപ്പോൺ ടൊയോട്ട - 9847086007

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA