ADVERTISEMENT

വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ എല്ലാം വിസ്മയമാണ്. പാലു കുടി, ആദ്യ രാത്രി, ആദ്യ യാത്ര, ഷോപ്പിങ്... ഇങ്ങനെ എല്ലാത്തിനും പുതുമ.. ഇങ്ങനെ ഒരു ദിവസമാണ് ശ്രീകാന്തിന്റെ വീട്ടിലെ പഴയ സൈക്കിൾ നീലിമയുടെ ശ്രദ്ധയാകർഷിച്ചത്.  ഔട്ട്ഹൗസിൽ പൊടിയടിക്കാതിരിക്കാൻ തുണി കൊണ്ട് പൊതി‍ഞ്ഞു വച്ചിരിക്കുകയായിരുന്നു അത്. ശ്രീകാന്ത് പറ‍ഞ്ഞു... ഇവനാണ് ഹീറോ, മുത്തച്ഛന്റെ ആദ്യ വാഹനം, നമ്മുടെ അച്ഛനെക്കാൾ പ്രായമുണ്ട്.

 

അവൾ സംശയിച്ചപ്പോൾ ശ്രീ വിശദീകരിച്ചു... മുത്തച്ഛൻ ഈ സൈക്കിളിൽ കേരളം മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്. ചെറിയ തുടക്കത്തിൽ നിന്ന് ആരംഭിച്ച് വലിയ ബിസിനസുകാരനായി മാറിയ ആളാണ് ശ്രീകാന്തിന്റെ മുത്തച്ഛൻ എന്ന് അവൾ കേട്ടിട്ടുണ്ട്. ജീവിതത്തിൽ വിജയിച്ച എല്ലാ വ്യവസായികളുടെയും തുടക്കം അങ്ങനെയാണ്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പഴയ സ്കൂട്ടറിൽ നടന്നാണ് ആദ്യം സ്റ്റെബിലൈസർ വിറ്റിരുന്നത്. ധിരുബായ് അംബാനി ആദ്യം പെട്രോൾ പമ്പിൽ ജോലിക്കാരനായിരുന്നു.  

 

ചിട്ടിയിലൂടെയായിരുന്നു ശ്രീകാന്തിന്റെ മുത്തച്ഛന്റെ തുടക്കം. വീടുകളിലെത്തി ചിട്ടിത്തുക പിരിക്കാൻ വേണ്ടിയാണ് സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയത്. തൃക്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ ഉപയോഗിച്ചിരുന്ന പഴയ സൈക്കിൾ അഞ്ചു രൂപയ്ക്ക് ലേലത്തിൽ പിടിക്കുകയായിരുന്നു. ആ  സൈക്കിളിനു ബൈൽ ഉണ്ടായിരുന്നില്ല. പകരം ഹാൻഡിലിൽ ചെറിയൊരു മണി കെട്ടിത്തൂക്കിയിട്ടുണ്ട്.  വീട്ടുപടിക്കലെത്തുമ്പോൾ പോസ്റ്റ്മാൻ മണിയടിക്കും. ഒരു മണിയടിച്ചാൽ പോസ്റ്റ് കാർഡ്, രണ്ടെങ്കിൽ ഇൻലൻഡ്. കൂട്ടമണിയടിച്ചാൽ ആളുകൾ ഓടി വരും. കാരണം ടെലിഗ്രാം വന്നതാണ്. 

 

ആ സൈക്കിളിന് വിശ്രമം കൊടുക്കാതെ ശ്രീയുടെ മുത്തച്ഛൻ ഓടിച്ചു. രാവിലെ ഇതേ സൈക്കിളിൽ പത്രം വിതരണം. പിന്നെ പശുവുള്ള വീടുകളിൽനിന്ന് ഫ്രഷ് പാൽ വാങ്ങി ആവശ്യക്കാർക്കു വിൽക്കും, ബാക്കി സമയം സൈക്കിൾ വാടകയ്ക്കു കൊടുക്കും. വൈകുന്നേരം ചിട്ടി ബിസിനസ്. ഒരു ദിവസം രാവിലെ പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. അന്ന് കക്ഷി പഠിക്കുന്ന സമയമാണ്. വീട്ടിൽ വന്ന് കുളി കഴിഞ്ഞു വേണം സ്കൂളിൽ പോകാൻ. സമയം വൈകിയതിന്റെ വെപ്രാളത്തിൽ പാഞ്ഞു വരുമ്പോൾ വളവിൽ വച്ച് ഒരാളെ ഇടിച്ചു വീഴ്ത്തി. അതൊരു പെൺകുട്ടിയായിരുന്നു. അവൾ രാവിലെ സ്കൂളിൽപ്പോകാൻ ഇറങ്ങിയതാണ്. പെൺകുട്ടിയുടെ കൈയും മുഖവുമൊക്കെ മുറി‍ഞ്ഞു. അവൾ ഉറക്കെ കരയാൻ തുടങ്ങി. അന്ന് അവൾക്കു ജോഗ്രഫി പരീക്ഷയാണ്. 

 

സൈക്കിൾ മറി‍ഞ്ഞ് പയ്യനും വീണു. അവൻ ആദ്യം വിചാരിച്ചു, ഓടിക്കളഞ്ഞാലോ? വേണ്ട. അവളെ എഴുന്നേൽപ്പിച്ച് സൈക്കിളിൽ ഇരുത്തി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. മുറിവുകൾ ഡ്രസ് ചെയ്ത് സ്കൂളിൽ കൊണ്ടുവിട്ടു. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ഇറങ്ങിവന്ന പെൺകുട്ടി ഞെട്ടിപ്പോയി.  സൈക്കിൾ ഇടിപ്പിച്ച പയ്യൻ സ്കൂൾ ഗേറ്റിനു പുറത്തു കാത്തുനിൽക്കുന്നു. ഇത്രയും നേരം നിന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു മനസ്സിലായില്ല. ചോദിച്ചിട്ടും പയ്യൻ ഒന്നും പറഞ്ഞതുമില്ല. 

പരീക്ഷ നന്നായി എഴുതാൻ പറ്റിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ സങ്കടം.  ആഫ്രിക്കയുടെ ഭൂപടം വരയ്ക്കാനും സാവന്ന പുൽമേടുകൾ അടയാളപ്പെടുത്താനുമൊക്കെ ചോദ്യമുണ്ടായിരുന്നു. കൈയുടെ വേദന കൊണ്ട് ഗ്രാഫുകളും മാപ്പും വരയ്ക്കാനേ പറ്റിയില്ല.

 

അന്ന് ആ പയ്യനും പെൺകുട്ടിയുടെ കൂടെ വീടുവരെ ചെന്നു.  റോഡിൽ കാലു തെന്നി വീണപ്പോൾ ഈ കുട്ടിയാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത് എന്നാണ് പെൺകുട്ടി വീട്ടുകാരോടു പറഞ്ഞത്.

പയ്യൻ പറഞ്ഞു... അല്ല. എന്റെ സൈക്കിൾ ഇടിച്ചു വീണതാണ്. എന്റെ തെറ്റാണ്. ബ്രേക്ക് പിടിച്ചെങ്കിലും നിന്നില്ല. പെൺകുട്ടി പറഞ്ഞു..  ഈ കുട്ടിക്കും ഇന്നു പത്താം ക്ളാസിലെ പരീക്ഷയായിരുന്നു. എഴുതാൻ കഴി‍ഞ്ഞില്ല. വീട്ടുകാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞിട്ടാണ് അവർ പയ്യനെ വിട്ടത്. പെൺകുട്ടിയുടെ വീട്ടുകാർ സമ്പന്നരായിരുന്നു. സത്യസന്ധനായ ആ പയ്യന് അവർ പുതിയൊരു സൈക്കിൾ വാങ്ങി സമ്മാനമായിക്കൊടുത്തു. 

 

അങ്ങനെ അവൻ രണ്ടു സൈക്കിളുകളുടെ ഉടമയായി.  ഒരു ദിവസം പഴയ സൈക്കിളുമായി പയ്യനെ കണ്ടപ്പോൾ പെൺകുട്ടി അടുത്തു ചെന്നു. രണ്ടു ടയറിന്റെയും കാറ്റഴിച്ച് വിട്ടിട്ട് ചിരിച്ചുകൊണ്ട് ഓടിപ്പോകുമ്പോൾ അവൾ വിളിച്ചു പറഞ്ഞു... ഈ സൈക്കിൾ  ഇനി ഓടിക്കണ്ട. 

 

ഒരു വിഷയത്തിനു തോറ്റതോടെ അവൻ പഠിത്തം നിർത്തി. ചെറിയ ചെറിയ ബിസിനസുകളിലേക്കു തിരിഞ്ഞു.  പെൺകുട്ടി പഠനം തുടർന്നു. ഒപ്പം പയ്യനോടുള്ള ഇഷ്ടവും കൂടിക്കൂടി വന്നു. ഒടുവിൽ അവർ വിവാഹം കഴിച്ചു. അപ്പോഴേക്കും അവൻ ഒരു കാർ സ്വന്തമാക്കിയിരുന്നെങ്കിലും കല്യാണപ്പന്തലിൽ നിന്ന് വരനും വധുവും വീട്ടിലേക്കു പോയത് പഴയ സൈക്കിളിലാണ് ! 

 

തന്റെ ഐശ്വര്യം ആ പഴയ സൈക്കിളാണെന്നു വിശ്വസിച്ച ശ്രീയുടെ മുത്തച്ഛൻ അത് തുടച്ചും മിനുക്കിയും സർവീസ് ചെയ്തും എന്നും പുത്തനാക്കി വച്ചു. സ്വന്തം സ്ഥാപനങ്ങളിലെല്ലാം ഒരു തവണയെങ്കിലും ഈ പഴയ സൈക്കിളിൽ‍ അദ്ദേഹം പോയിട്ടുണ്ട്. അങ്ങനെ കേരളത്തിലെ പല ജില്ലയിലും ഈ സൈക്കിൾ യാത്ര ചെയ്തിട്ടുണ്ട്. ശ്രീകാന്ത് പറഞ്ഞു... ആ സൈക്കിളാണ് ഈ സൈക്കിൾ !

 

നീലിമ ചോദിച്ചു.. ആ കഥാനായികയാണോ നമ്മുടെ വീട്ടിലുള്ള ഈ മുത്തശ്ശി ?! അന്നു രാത്രി മുത്തശ്ശിയുടെ മുറിയിൽ ചെന്ന് തൊട്ടും തലോടിയും നിന്നിട്ട് തരംകിട്ടിയപ്പോൾ നീലിമ ചോദിച്ചു... ആ സൈക്കിൾ എടുക്കരുതെന്ന് മുത്തച്ഛനോടു പറഞ്ഞത് എന്തിനാ?  വേറെ ആരെയങ്കിലും ഇടിച്ചിട്ടാലോ എന്നു പേടിച്ചിട്ടല്ലേ ! മുത്തശ്ശി കറന്ന പാലുപോലെ ചിരിച്ചു... പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു... ആ സൈക്കിളിന് ഒരു അപകടം മതി !

 

English Summary: Coffee Brake by Vinod Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com