ADVERTISEMENT

പെട്രോൾ ഡീസൽ വില വാണം വിട്ടപോലെ കുതിച്ചുയരുമ്പോഴാണ് നമ്മൾ ചിന്തിച്ചുതുടങ്ങുന്നത്... വേറെ ബദൽ ഒന്നുമില്ലേ? ഈ ചിന്ത ഒരുവർഷം മുൻപ് ആലോചിച്ചു നടപ്പാക്കിയ ഒരു ടീമുണ്ട് ഇവിടെ കൊല്ലത്ത്.നാലു ചക്രമുണ്ട് പക്ഷേ കാറല്ല. ഓടിക്കാൻ ലൈസൻസോ റജിസ്ട്രേഷനോ വേണ്ട, എന്നാൽ ഓട്ടോയുമല്ല... വെയിൽ കൊള്ളാതെ യാത്ര ചെയ്യാം. മൂന്നു മണിക്കൂർകൊണ്ട് ചാർജ് ചെയ്യാം. ഇന്ധനക്ഷമത കണക്കാക്കുകയാണെങ്കിൽ കിലോമീറ്ററിന് ഏകദേശം പത്തു പൈസയേ ചെലവ് വരൂ. ഫുൾ ചാർജ് ചെയ്താൽ 50–60 കിലോമീറ്റർ വരെ ഓടിക്കാം. ഒരാൾക്കും രണ്ടോ മൂന്നോ കുട്ടികൾക്കും സഞ്ചരിക്കാം. അതാണ് ‘പുൽക്കൂട് ഇലക്ട്രിക്’ എന്നു പേരിട്ടിരിക്കുന്ന ഇ–വാഹൻ. 

വാഹനത്തിന്റെ കെർബ് ഭാരം 100 കിലോഗ്രാം. 130 വരെ ഭാരം വഹിക്കാൻ ശേഷിയുണ്ട്. 25 കിലോമീറ്ററാണ് കൂടിയ വേഗം. സാധാരണ പ്ലഗിൽ ചാർജ് ചെയ്യാം.  ഏകദേശം രണ്ടര ലക്ഷം രൂപ ചെലവു വന്നു

പ്രചോദനമായത് ആ വാർത്ത

കൊല്ലം രാമൻകുളങ്ങര സ്വദേശിയായ ആന്റണി ജോണിന്റെ ഒരു വർഷത്തെ സ്വപ്നമാണ് ഈ വൈദ്യുത വാഹനം. വാഹന ഉപയോഗത്തെക്കുറിച്ച് അമേരിക്കയിൽ നടന്ന ഒരു പഠനത്തിന്റെ പിൻബലത്തിലാണ് ഇലക്ട്രിക് വാഹനം എന്ന ആശയം തോന്നിയത്. പഠനത്തിൽ പെട്രോൾ എൻജിനെക്കാൾ എനർജി എഫിഷെൻസി കൂടുതൽ വൈദ്യുത വാഹനങ്ങൾക്കാണെന്നായിരുന്നു കണ്ടെത്തൽ. കൂടാതെ അന്തരീക്ഷ മലിനീകരണം, റോഡിലെ തിരക്ക്, യാത്രച്ചെലവ് എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ ഒരു ഇലക്ട്രിക് വാഹനം സ്വന്തമായി നിർമിക്കാം എന്നുതീരുമാനിച്ചു. 

e-vahan-1
സിയാദ്, രമേശ്, ആന്റണി ജോൺ, വിശ്വനാഥൻ ആചാരി

കൺസെപ്റ്റ് റെഡി

കൺസെപ്റ്റ് മനസ്സിൽ രൂപംകൊണ്ടപ്പോൾ വീടിനു മുന്നിലുള്ള ബസ് ബോഡി നിർമിച്ചുകൊടുക്കുന്ന ജെവിഎസ് ബോഡി ബിൽഡിങ്ങിനെ സമീപിച്ചു. ജെവിഎസിലെ ജോലിക്കാരായ വിശ്വനാഥൻ ആചാരി, രമേശ് എന്നിവരാണ് ബോഡി നിർമിച്ചത്. ഇലക്ട്രിക് വിഭാഗം ടെക്നീഷനായ ചവറ സിയാദിനെ ഏൽപിച്ചു. 

ജിഐ പൈപ്പ് ഉപയോഗിച്ചു ഷാസി ഉണ്ടാക്കി. ഭാരം കുറയ്ക്കുന്നതിനായി ഗാൽവനൈസ് ചെയ്ത ഉരുക്കു ഷീറ്റ് ഉപയോഗിച്ചു. ബോഡി തുരുമ്പിക്കില്ല എന്നാണ് ഇതിന്റെ പ്രത്യേകത. 250 വാട്ടിന്റെ ഓട്ടമാറ്റിക് ഗിയർ മോട്ടോറാണ് ഇതിൽ. ഫോർവേഡ്, റിവേഴ്സ്, സ്റ്റോപ് മോഡുണ്ട്. ഫോർവേഡിലിട്ട് ആക്സിലറേറ്റർ കൊടുത്താൽ മതി. വാഹനം ഓടിത്തുടങ്ങും. ഡ്രം ബ്രേക്കുകളാണ് ഇതിൽ. സ്റ്റിയറിങ്ങിനു താഴെയായി സാധാരണ കാറുകളിലേതുപോലെ ഇൻഡിക്കേറ്റർ, ഹെഡ്‌ലാംപ്, ഹോൺ സ്വിച്ചുകൾ എല്ലാം ഉണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ ചെറിയ ഗ്ലവ് ബോക്സും ഡാഷ് ബോഡിൽ ഒരുക്കിയിരിക്കുന്നു. എൽഇഡി ഹെഡ്‌ലാംപാണ് ഇതിൽ. മുൻസീറ്റ് മടക്കി പിന്നിലേക്കു കയറാം. പിന്നിൽ കൊച്ചുകുട്ടികൾക്ക് ഇരിക്കാവുന്ന സ്ഥലമേ ഉള്ളൂ. 

250 വാട്ടിന്റെ ഓട്ടമാറ്റിക് ഗിയർ മോട്ടോറാണ് ഇതിൽ. ഫോർവേഡ്, റിവേഴ്സ്, സ്റ്റോപ് മോഡുണ്ട്. ഫോർവേഡിലിട്ട് ആക്സിലറേറ്റർ കൊടുത്താൽ മതി. വാഹനം ഓടിത്തുടങ്ങും

ഒരു യൂണിറ്റ് കറന്റ് മാത്രം

ആദ്യം ലെഡ് ആസിഡ് ബാറ്ററിയായിരുന്നു ഉപയോഗിച്ചിരുന്നത്. ബാറ്ററിയുടെ ഭാരം കൂടുതലായതിനാൽ (40 കിഗ്രാം) ഡൽഹിയിൽനിന്നു ലിഥിയം അയൺ ബാറ്ററി (7 കിഗ്രാം) വരുത്തിച്ചു. വാഹനത്തിന്റെ കെർബ് ഭാരം 100 കിലോഗ്രാം. 130 വരെ ഭാരം വഹിക്കാൻ ശേഷിയുണ്ട്. 25 കിലോമീറ്ററാണ് കൂടിയ വേഗം. ഫുൾ ചാർജ് ആകാൻ ഒരു യൂണിറ്റ് കറന്റ് മതി. സാധാരണ പ്ലഗിൽ ചാർജ് ചെയ്യാം. സ്പെയർ ബാറ്ററി സൂക്ഷിക്കാനും സീറ്റിനടിയിൽ സ്ഥലമുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപ ചെലവു വന്നു. ചില പാർട്സുകൾ വേസ്റ്റ് ആയി. ഇനി നിർമിക്കുകയാണെങ്കിൽ ഒന്നര ലക്ഷത്തിൽ കൂടുതൽ ആകില്ല. സോളർ പാനൽ പിടിപ്പിക്കാനും പറ്റും. 

കൊല്ലത്ത് കരിയർ കൺസൽറ്റന്റ് ആണ് ആന്റണി ജോൺ. 2014 ൽ സ്വന്തമായി മാലിന്യ നിർമാർജനത്തിൽ യൂണിറ്റ് (എയ്റോബിക് ബയോ കംപോസ്റ്റിങ്) വികസിപ്പിച്ചതിനു കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ അവാർഡ് (ആത്മ) ലഭിച്ചിട്ടുണ്ട്. ഭാര്യ എൽസമ്മയും എൻജിനീയറിങ് വിദ്യാർഥിനിയായ മകൾ ക്രിസ്റ്റീനയും ആന്റണിയുടെ നവീന ആശയങ്ങൾക്കു പിന്തുണയേകുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com