sections
MORE

വിമാന എൻജിൻ, കരുത്ത് 300 ബിഎച്ച്പി; ഇത് ലോകത്തെ അദ്ഭുതപ്പെടുത്തിയ ട്രക്ക്

HIGHLIGHTS
  • 1939 പ്ലേമൌത്ത് പിക്ക് അപ്
  • സീ പ്ലെയിനിന്‍റെ 300 ഹോഴ്സ് പവറുള്ള ഈ റേഡിയല്‍ എൻജിന്
airplane-engine-1939-plymouth-pickup-2
Airplane Engine 1939 Plymouth Pickup
SHARE

എഴുപതു വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള മിനി ട്രക്കിന്‍റെ ബോഡി, 1950കളില്‍ പറക്കല്‍ അവസാനിപ്പിച്ച ഒരു വിമാനത്തിന്‍റെ എൻജിന്‍ ഇവ രണ്ടും ചേര്‍ത്തുവച്ചാണ് അസാധാരണമായ ഒരു പുതിയ ട്രക്കിന് അമേരിക്കയിലെ നാലംഗ കുടുംബം രൂപം നല്‍കിയത്. പാരമ്പര്യമായി കിട്ടിയ ട്രക്ക് പ്രേമത്തോടൊപ്പം വിമാനഭ്രാന്തും തലയ്ക്ക് പിടിച്ചതാണ് ഇത്തരമൊരു ആശയം ഇവരുടെ തലയിലേക്കെത്താന്‍ കാരണം. ഈ വ്യത്യസ്ത നിര്‍മിതിക്കായി കുടുംബം കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല മറിച്ച് പതിറ്റാണ്ടുകളാണ്. പക്ഷേ ഈ കാത്തിരിപ്പും അവരുടെ ശ്രമവും വെറുതെ ആയില്ലെന്ന് ഇവര്‍ നിര്‍മിച്ച എയര്‍പ്ലേന്‍ എൻജിന്‍ 1939 പ്ലിമത്ത് പിക്ക് അപ് ട്രക്കിന്‍റെ പ്രകടനം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

വിമാനത്തിന്‍റെ എൻജിന്‍ കാറില്‍ എങ്ങനെ ഉപയോഗിക്കും എന്ന് ഗാരിയുടെ മക്കള്‍ പോലും ആദ്യം അമ്പരന്നു. എന്നാല്‍ ഈ ചുമതല മക്കളായ ആദമിനും എറിക്കും തന്നെയാണ് ഗാരി നല്‍കിയത്

കോണ്‍സ് കുടുംബം

ട്രക്കിനെ കുറിച്ച് പറയും മുന്‍പ് ഈ കുടുംബത്തെ കുറിച്ച് ആദ്യം അറിയണം. എങ്കില്‍ മാത്രമേ വിമാനവും ട്രക്കും കൂട്ടിയിണക്കുക എന്ന ഏറെക്കുറെ ഭ്രാന്തമായ ആശയത്തിലേക്ക് ഇവര്‍ എങ്ങനെയെത്തി എന്നു വ്യക്തമാകൂ. ഗാരി കോണ്‍സ്, ആലീസ് എന്നിവരും മക്കളായ ആദമും എറിക്കും ചേര്‍ന്നതാണ് കോണ്‍സ് കുടുംബം. വിവാഹത്തിന് ശേഷം ആലീസിന്‍റെ കുടുംബത്തിന്‍റേതായിരുന്ന വാഹനഗാരേജ് ഗാരിയും ആലീസും ചേര്‍ന്ന് ഏറ്റെടുത്തു. വാഹനങ്ങളോടുള്ള പ്രണയമാണ് ഇരുവരും ചേര്‍ന്ന് ഈ ഗാരേജ് ഏറ്റെടുക്കാന്‍ കാരണം. ഗാരേജുകളുടെ വാഹനങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെയാണ് കഥയിലെ നായകനായ 1939 പ്ലേമൌത്ത് ട്രക്കിന്‍റെ വരവ്.

airplane-engine-1939-plymouth-pickup
Airplane Engine 1939 Plymouth Pickup

എൺപതുകളുടെ ആദ്യത്തിൽ 500 ഡോളറിനാണ് ഈ ട്രക്കിനെ ഗാരി വാങ്ങുന്നത്. കണ്ടപ്പോഴുള്ള കൊതി കൊണ്ടു വാങ്ങിയെങ്കിലും ഈ ട്രക്ക് എന്തു ചെയ്യണമെന്ന ധാരണ ഗാരിയ്ക്ക് ഉണ്ടായിരുന്നില്ല. കാരണം ട്രക്കിന്‍റെ സ്പെയര്‍ പാര്‍ട്ടുകളൊന്നും കിട്ടാനുണ്ടായിരുന്നില്ല. ഏതായാലും പിന്നീട് 30 വര്‍ഷത്തോളം ഈ ട്രക്ക് ഗാരേജില്‍ പൊടി പിടിച്ച് കിടന്നു. എന്നാല്‍ ഗാരേജിലേക്ക് മറ്റൊരു അതിഥി എത്തിയതോടെ ട്രക്കിന്‍റെ വിശ്രമജീവിതം അവസാനിച്ചു. 2009 ഗാരി കോണ്‍സ് വാങ്ങിയ 1950 മോഡല്‍ സീ പ്ലെയിനായിരുന്നു ആ അതിഥി. ട്രക്കില്‍ വിമാനത്തിന്‍റെ എൻജിന്‍ ഘടിപ്പിക്കുക എന്ന ഭ്രാന്തമായ ആശയത്തിന്‍റെ ഭാഗമായാണ് ഗാരി ഈ വിമാനം ഗാരേജിലേക്ക് കെട്ടി വലിച്ച് എത്തിച്ചത്.

പറക്കാത്ത വിമാനവും ഓടാത്ത കാറും

വിമാനത്തിന്‍റെ എൻജിന്‍ കാറില്‍ എങ്ങനെ ഉപയോഗിക്കും എന്ന് ഗാരിയുടെ മക്കള്‍ പോലും ആദ്യം അമ്പരന്നു. എന്നാല്‍ ഈ ചുമതല മക്കളായ ആദമിനും എറിക്കും തന്നെയാണ് ഗാരി നല്‍കിയത്. വൈകാതെ സംശയങ്ങള്‍ മാറ്റി വച്ച് ഇരുവരും ജോലി തുടങ്ങി. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആ ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ഇതിനിടെ വിമാനത്തിന്‍റെ എൻജിന്‍ മുന്‍ഭാഗത്തെ ബോണറ്റില്‍ കൊള്ളിക്കുന്നതിനായി ബോണറ്റിന്‍റെ പകുതി മുറിച്ച് മാറ്റേണ്ടി വന്നു. കൂടാതെ ബോണറ്റിന് പുറകിലേക്കുള്ള ഭാഗത്തിന്‍റെ ഉയരം വർധിപ്പിക്കുകയും ചെയ്തു. പക്ഷെ ഇതെല്ലാം പുറമേ കാഴ്ചയ്ക്കുള്ള മാറ്റങ്ങളായിരുന്നു, നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയത് എൻജിന്‍ കാറില്‍ ഘടിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു.

പല വാഹനങ്ങളുടെയും സ്പെയര്‍ പാര്‍ട്ടുകള്‍ പല ഘട്ടങ്ങളിലായി ഉപയോഗിച്ചിട്ടുണ്ട്. ഭൂരിഭാഗവും ഗാരേജില്‍ നിന്നു തന്നെ കണ്ടെത്തിയതും ചുരുക്കം ചിലത് പുറത്തു നിന്ന് വാങ്ങിയതുമാണ്

വിമാനം മാത്രമല്ല ബോട്ടും ട്രക്കിന്‍റെ ഭാഗമാണ്

ഒരു ചെറിയ കാറ്റാടിക്ക് തുല്യമായിരുന്നു സീ പ്ലെയിനിന്‍റെ 300 ഹോഴ്സ് പവറുള്ള ഈ റേഡിയല്‍ എൻജിന്‍. വിമാനത്തിന്‍റെ ഈ സെവന്‍ സിലിണ്ടര്‍ എൻജിന്‍ ഒരു പ്രൊപ്പല്ലര്‍ പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപം നല്‍കിയിരുന്നത്. ഇതിനെ കാറിന് അനുയോജ്യമാക്കി മാറ്റുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.  വി ഡ്രൈവ് പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഇതിന് സഹായകമായത്. ബോട്ടുകളില്‍ ഉപയോഗിക്കുന്ന വി ഡ്രൈവ് പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഈ ട്രക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു ഡ്രൈവ് ഷാഫ്റ്റുകളും, ഗിയര്‍ബോക്സും, ഒരു പ്രൊപ്പല്ലറും അടങ്ങുന്നതാണ് ഈ വി ഡ്രൈവ് സിസ്റ്റം. ഈ വി ഡ്രൈവ് സിസ്റ്റത്തെ പ്രൊപ്പല്ലര്‍ ഷാഫ്റ്റുമായി ബന്ധിപ്പിച്ചരിക്കുന്നത് ഒരു കണ്‍വേയര്‍ ബെല്‍റ്റ് വഴിയാണ്.

പല വാഹനങ്ങളുടെയും സ്പെയര്‍ പാര്‍ട്ടുകള്‍ പല ഘട്ടങ്ങളിലായി ഉപയോഗിച്ചിട്ടുണ്ട്. ഭൂരിഭാഗവും ഗാരേജില്‍ നിന്നു തന്നെ കണ്ടെത്തിയതും ചുരുക്കം ചിലത് പുറത്തു നിന്ന് വാങ്ങിയതുമാണ്. വാഹനത്തിന്‍റെ സ്റ്റിയറിങ്ങില്‍ നിന്നു ടയറുകളിലേക്കുള്ള നിയന്ത്രണം എത്തിക്കുന്ന പിനിയന്‍ ഷെവര്‍ലെയില്‍ നിന്നാണ് കണ്ടെത്തിയത്. ഷെവര്‍ലെയിലെ പിനിയനുകള്‍ക്കുള്ള നീളക്കൂടുതലാണ് ഇതു തിരഞ്ഞെടുക്കാന്‍ കാരണം. 12 ഇഞ്ച് വലുപ്പമുള്ള ടോര്‍ക്ക് കണ്‍വേര്‍ട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത് ഫോര്‍ഡില്‍ നിന്നുള്ള ബയറിംഗുകളാണ്. ഇങ്ങനെ ട്രക്കിന്‍റെ ബോഡിയും വിമാനത്തിന്‍റെ എൻജിനും മാത്രമല്ല പല വാഹനങ്ങളില്‍നിന്നുമുള്ള പല പാര്‍ട്സുകളാണ് വിവിധ ഇടങ്ങളിലായി ഉപയോഗിച്ചിരിക്കുന്നത്.

1939 Plymouth Radial Air

വാഹനത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വ്യാഴാഴ്ചകളിലെ സുഹൃദ് സദസ്സുകളാണ്. വ്യാഴാഴ്ച തോറും ഒത്തു കൂടുന്ന ഗാരിയുടെ സുഹൃത്തുക്കള്‍ സൗഹൃദം പങ്കുവയ്ക്കുന്നതിനൊപ്പം വാഹന നിര്‍മാണത്തിലും സഹകരിക്കും. അതുകൊണ്ട് തന്നെ രാവിലെ കുറച്ച് സമയം മാത്രം ട്രക്ക് നിര്‍മാണത്തിനായി മാറ്റി വയ്ക്കുന്ന കോണ്‍സ് സഹോദരന്‍മാര്‍ക്ക് ഏറെ സഹായകരമാണ് വ്യാഴാഴ്ചകളിന്‍റെ അച്ഛന്‍റെ ഈ സൗഹൃദ സദസ്സ്.

പരീക്ഷണം വിജയം

നിര്‍മാണം പുരോഗമിക്കുമ്പോഴും എല്ലാവര്‍ക്കും ഉണ്ടായിരുന്ന സംശയം ഈ പരീക്ഷണം വിജയിക്കുമോ എന്നതാായിരുന്നു. 300 കുതിരശക്തിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്തിന്‍റെ എൻജിനെ താങ്ങാന്‍ ട്രക്കിന്‍റെ പഴയ ബോഡിക്ക് കഴിയുമോ തുടങ്ങിയ ആശങ്കകളും നിരവധിയായിരുന്നു. എന്നാല്‍ ഇവയെല്ലാം അവസാനിപ്പിക്കുന്നതായിരുന്നു ട്രക്കിന്‍റെ പ്രകടനം. ഒരു ഫ്ലൈറ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എന്നത് പോലെയുള്ള ശബ്ദവുമായി ചലിച്ച് തുടങ്ങിയാല്‍ പിന്നെ അതിവേഗതയിലായിരിക്കും ട്രക്കിന്‍റെ കുതിപ്പ്. വാഹനം നിർമാണത്തിലിരിക്കുമ്പോള്‍ ഉണ്ടായിരുന്ന സംശയങ്ങളെല്ലാം ദൂരീകരിക്കപ്പെട്ടു. ഇന്നു രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായ ട്രക്കുകളുടെ മേളകള്‍ എവിടെ നടന്നാലും വിശിഷ്ടാതിഥിയായി കോണ്‍സ് കുടുംബത്തിന്‍റെ ഈ 1939 പ്ലേ മൌത്ത് ട്രക്കുണ്ടായിരിക്കും. 

2015 ലാണ് 1939 പ്ലേ മൌത്ത് മേക്കോവര്‍ കഴിഞ്ഞ് ചിറകില്ലാത്ത വിമാനവേഗതയുമായി പുറത്തിറങ്ങുന്നത്. അന്നു മുതല്‍ ഇങ്ങോട്ട് അമേരിക്കയിലെ വാഹനമാസികകളും, ഓടോമൊബൈല്‍ പ്രോഗ്രാം ചെയ്യുന്ന ചാനലുകളും ഒന്നൊന്നായി ഈ ട്രക്കിനെ പിന്തുടര്‍ന്ന് ഫീച്ചറുകള്‍ തയാറാക്കിയിരുന്നു. ഇന്നും ലോകത്തെ ഏറ്റവും കരുത്തുറ്റ കാര്‍ ട്രക്ക് ബാന്‍ഡുകളില്‍ ആദ്യത്തെ പത്തെണ്ണമെടുത്താല്‍ അവയില്‍ പലതും 300 ഹോഴ്സ് പവറിനും താഴെയുള്ള എഞ്ചിനുള്ളവയാണ്. അത് കൊണ്ട് തന്നെ കോണ്‍ കുടുംബത്തിന്‍റെ ഈ1939 പ്ലേ മൌത്ത് ട്രക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ കാര്‍ ട്രക്കുകളിലൊന്നാണെന്ന് നിസ്സംശയം പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA