sections
MORE

പൈലറ്റില്ലാതെ പറക്കുന്ന പ്രേത വിമാനം, ചെറിയ അശ്രദ്ധയിൽ പൊലിഞ്ഞത് 121 ജീവൻ

helios-flight-522
Helios Flight 522
SHARE

വിമാനത്തെ പ്രേതബാധ പിടികൂടാറുണ്ടോ! ഇല്ലെന്ന് എത്ര തറപ്പിച്ച് പറയുന്നവരും ഈലിയോസ് 522 വിമാനത്തിന് സംഭവിച്ചത് കേട്ടാല്‍ ഒന്നു സംശയിച്ചേക്കും. വിശ്വസിക്കാന്‍ പോലും കഴിയാത്തത്ര നിരവധി സാങ്കേതിക പിഴവുകള്‍ തുടര്‍ച്ചയായി സംഭവിച്ചതാണ് ഈ വിമാനം 2005ല്‍ തകരുന്നതിനും 121 പേര്‍ മരിക്കുന്നതിനും ഇടയാക്കിയത്. ഈ പിഴവുകള്‍ക്കെല്ലാം കാരണവും വിശദീകരണവും പിന്നീട് വിദഗ്ധര്‍ നല്‍കിയെങ്കിലും വിമാനത്തെ ഏതോ നിഗൂഢശക്തി തകര്‍ത്തതാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രമാർഗമാണ് വിമാനം എന്നാണ് പറയുന്നതെങ്കിലും സാങ്കേതികമായോ അല്ലാതെയോ സംഭവിക്കുന്ന നിസ്സാരമായൊരു പിഴവ് മതി നൂറു കണക്കിനാളുകളുടെ ജീവന്‍ പൊലിയാന്‍. ഇത്തരം പിഴവുകൾ വരാതിരിക്കാൻ നിരവധി പരിശോധനകള്‍ കഴിഞ്ഞാണ് ഓരോ വിമാനവും പറന്നുയരുന്നതെങ്കിലും ചെറിയൊരു അശ്രദ്ധയ്ക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. ഇത്തരത്തില്‍ ഒരു പിഴവാണ് പിന്നീട് തുടര്‍ച്ചയായ നിരവധി പിഴവുകളിലേക്ക് നയിച്ചതും സൈപ്രസില്‍ നിന്നു ഏതന്‍സിലേക്ക് പറന്ന ഹെലിയോസ് 522 വിമാനം തകരുന്നതിന് കാരണമായതും. യൂറോപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടങ്ങളിലൊന്നായി മാറി ഇത്. വിമാനത്തിന്‍റെ മുന്‍വശത്തെ ഡോറുകളില്‍ ഒന്നിന് സംഭവിച്ച ചെറിയ തകരാറിലായിരുന്നു സംഭവത്തിന്റെ തുടക്കം.

സൈപ്രസ് ആസ്ഥാനമായുള്ള വിമാന കമ്പനിയാണ് ഈലിയോസ്. സൈപ്രസിലെ ലാർനക്കയിൽ നിന്നു ഏതൻസിലേക്ക് പറക്കാനായി തയാറെടുക്കുകയായിരുന്നു  ഫ്ലൈറ്റ് 522

കാബിന്‍ പ്രഷര്‍ താഴുന്നു ഒപ്പം ഓക്സിജനും

സൈപ്രസ് ആസ്ഥാനമായുള്ള വിമാന കമ്പനിയാണ് ഈലിയോസ്. സൈപ്രസിലെ ലാർനക്കയിൽ നിന്നു ഏതൻസിലേക്ക് പറക്കാനായി തയാറെടുക്കുകയായിരുന്നു  ഫ്ലൈറ്റ് 522. പരിചയ സമ്പന്നനായ ക്യാപ്റ്റൻ ഹാൻസ്‌ മെർട്ടെനും സഹ വൈമാനികൻ പാംപോസ്‌ കരലാമ്പോസുമായിരുന്നു വിമാനത്തെ പറത്തുന്ന പൈലറ്റുമാർ. പരിശോധന കഴിഞ്ഞ് വിമാനം ആകാശത്തേക്ക് പറന്നു. അസ്വഭാവികതകളൊന്നുമില്ലാത്ത ടേക്ക്ഓഫ്. എന്നാൽ വിമാനം കൂടുതല്‍ മുകളിലേക്ക് എത്തിയതോടെ വിമാനത്തിനകത്തെ മര്‍ദ്ദം കുറയാനാരംഭിച്ചു. ഇതോടൊപ്പം ഓക്സിജനും കുറഞ്ഞു തുടങ്ങി. വിമാനം 10,040 അടി മുകളിലെത്തിയപ്പോള്‍ വിമാനത്തിനകത്തെ മുന്നറിയിപ്പ് സംവിധാനം അലേര്‍ട്ട് നല്‍കി. പക്ഷേ അതുകൊണ്ടു ഫലം ഉണ്ടായില്ല.

ടേക്ക്ഓഫ് സമയത്തുണ്ടാകുന്ന ആള്‍ട്ടിട്ട്യൂഡ് വാണിങ് മാത്രമായി ഇതിനെ പൈലറ്റുമാര്‍ കരുതി. തുടര്‍ന്ന് വിമാനം 18000 അടി ഉയരത്തിലെത്തിയപ്പോഴേക്കും യാത്രക്കാര്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട് തുടങ്ങി. അപ്പോഴും വിമാനിനകത്തെ പ്രശ്നം എന്തെന്ന് തിരിച്ചറിയാന്‍ പൈലറ്റുമാര്‍ ശ്രമിച്ചില്ല. വൈകാതെ വിമാനത്തിലെ ഓക്സിജന്‍ മാസ്കുകള്‍ തനിയെ പുറത്ത് വരികയും യാത്രക്കാര്‍ ഇതു ധരിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

മാസ്ക് ധരിക്കാതെ പൈലറ്റുമാര്‍

യാത്രക്കാര്‍ മാസ്ക് ധരിച്ചപ്പോഴും പൈലറ്റുമാര്‍ ഇതിന് തയാറായില്ല. ഇതുമൂലം ഇവര്‍ക്ക് തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെയാണ് ഇവര്‍ വിമാനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചത്. പക്ഷേ അപ്പോഴേക്കും പൈലറ്റുമാരുടെ മാനസിക നിലയിലും ഓക്സിജന്‍ കുറവു മൂലം മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രശ്നം തിരിച്ചറിഞ്ഞ് മര്‍ദ്ദ നിയന്ത്രണം ഓട്ടോയിലാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഓക്സിജന്‍ കുറവു മൂലം ഉണ്ടാകുന്ന ഹൈപോക്സിയ അവസ്ഥയില്‍ മര്‍ദ്ദ നിയന്ത്രണം "ഓട്ടോ"യില്‍ ആക്കാനുള്ള നിര്‍ദ്ദേശം അവഗണിക്കുകയും പകരം വിമാനത്തിന്‍റെ കൂളിങ് സര്‍ക്യൂട്ട് ബ്രേക്കര്‍ സംവിധാനം എവിടെയെന്ന് അന്വേഷിക്കുകയുമാണ് ഇവര്‍ ചെയ്തത്.

വിമാനം നിയന്ത്രിക്കാന്‍ പൈലറ്റ് സീറ്റില്‍ ഉണ്ടായിരുന്നില്ല. കോ-പൈലററ്റാകട്ടെ ബോധം നഷ്ടപ്പെട്ട് സീറ്റില്‍ ചാരി ഇരിക്കുന്ന നിലയിലായിരുന്നു

ഇതിനിടെ വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായി. വിമാനം 34000 അടി ഉയരത്തില്‍ എത്തിയിരുന്നു. വിമാനം ഏതന്‍സ് എയര്‍പോര്‍ട്ടിന്‍റെ പരിധിയില്‍ എത്തി പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കുന്നതും കാത്തിരിക്കുകയായിരുന്നു. വിമാനത്തിന്‍റെ ഇന്ധനവും കുറഞ്ഞു തുടങ്ങി. എന്നാൽ വിമാനത്തിന്‍റെ സിഗ്നല്‍ നഷ്ടമായ സാഹചര്യത്തില്‍ രണ്ടു ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളെ വിമാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ അയച്ചു.

വിമാനത്തിലെ കാഴ്ച

ബോധരഹിതരായ യാത്രക്കാരെയാണ് വിമാനത്തിന്‍റെ ജനാലയിലൂടെ ഫൈറ്റര്‍ ജറ്റ് പൈലറ്റുമാര്‍ കണ്ടത്. വിമാനം നിയന്ത്രിക്കാന്‍ പൈലറ്റ് സീറ്റില്‍ ഉണ്ടായിരുന്നില്ല. കോ-പൈലററ്റാകട്ടെ ബോധം നഷ്ടപ്പെട്ട് സീറ്റില്‍ ചാരി ഇരിക്കുന്ന നിലയിലായിരുന്നു. ഇതോടെ വിമാനം നിയന്ത്രണമില്ലാതെ തകരാന്‍ പോവുകയാണെന്ന് ഫൈറ്റര്‍ ജെറ്റ് പൈലറ്റുമാര്‍ തിരിച്ചറിഞ്ഞു. പക്ഷേ അവര്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനോ കഴിയുമായിരുന്നുള്ളൂ.

എന്നാൽ ഇതിനിടെ ആരോ പൈലറ്റ് സീറ്റിലേക്ക് കയറി വന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കി. ഇത് പോര്‍ട്ടബിൾ ഓക്സിജന്‍ മാസ്ക് ഉപയോഗിച്ചെത്തിയ ഒരു ഫ്ലൈറ്റ് അറ്റന്‍റന്‍റ് ആയിരുന്നു. ഇന്ധനം തീരാറായ വിമാനത്തില്‍ ഫ്ലൈറ്റ് അറ്റന്‍റന്‍റിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

എൻജിന് തീ പിടിക്കുന്നു

ഇന്ധനം ഇല്ലാത വന്നതോടെ വിമാനത്തിന്‍റെ ഇടത് എൻജിന്‍റെ ചൂടു വര്‍ദ്ധിച്ചു. വൈകാതെ തീ പിടിക്കുകയും ചെയ്തു. പത്തു മിനിറ്റ് കഴിഞ്ഞ് വലതു വശത്തെ എൻജിനും തീപിടിച്ചു. നാലു മിനിറ്റിന് ശേഷം വിമാനം തകര്‍ന്നു വീണു. തകരുമ്പോള്‍ യാത്രക്കാരില്‍ ആര്‍ക്കും തന്നെ ബോധം ഇല്ലായിരുന്നുവെന്ന് പിന്നീട് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. എല്ലാവരും തിരിച്ചു വരാനാകാത്ത വിധം കോമയിലേക്ക് വീണു പോയിരുന്നു. പോര്‍ട്ടബിള്‍ ഓക്സിജന്‍ മാസ്ക് ഉപയോഗിച്ച രണ്ടു കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് മാത്രമാണ് ബോധം ഉണ്ടായിരുന്നത്. ഇവര്‍ക്കാകട്ടെ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തക്ക പരിചയമോ സമയമോ ഇല്ലായിരുന്നു.

ജീവനെടുത്ത കൈയബദ്ധം

ലണ്ടനില്‍ നിന്നു സൈപ്രസിലേക്ക് രാവിലെ എത്തിയ വിമാനത്തിന്‍റെ അപ്പോഴത്തെ ക്രൂ മുന്‍വശത്തെ വാതിലുകളില്‍ ഒന്ന് തുറക്കാന്‍ വിഷമമുള്ളതായും തുറക്കുമ്പോള്‍ ശബ്ദം ഉണ്ടാകുന്നതായും പരാതി പറഞ്ഞു. വൈകാതെ തന്നെ എൻജിനീയര്‍ പരിശോധനയ്ക്കെത്തി. പരിശോധനയ്ക്കായി വിമാനകത്തെ മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം "ഓട്ടോ" യില്‍ നിന്ന് "മാനുവല്‍" ആക്കേണ്ടതുണ്ട്. വിമാനത്തിന്‍റെ വാതിലിന്‍റെ കുഴപ്പം മാറ്റിയ ശേഷം എൻജിനീയര്‍ മര്‍ദ്ദ നിയന്ത്രണം തിരികെ "ഓട്ടോ"യിലാക്കാന്‍ മറന്നു. ഇതായിരുന്നു പിന്നീടുണ്ടായ വന്‍ ദുരന്തത്തിലേക്കുള്ള ആദ്യ പടി.

പിഴവ് പൈലറ്റുമാരുടേത്

പൈലറ്റുമാരുടെ പിഴവ് തന്നെയാണ് വിമാനം തകര്‍ന്നു വീഴാന്‍ ഇടയാക്കിയത്. വിമാനത്തില്‍ റിയപ്പയറിന് എത്തിയ എൻജിനീയറാണ് ആദ്യ പിഴവ് വരുത്തിയതെങ്കിലും പറന്നുയരും മുന്‍പ് മര്‍ദ്ദ സംവിധാനം പോലും വിലയിരുത്താന്‍ പൈലറ്റുമാര്‍ തയാറായില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. തുടര്‍ന്ന് പല തവണ മുന്നറിയിപ്പ് ലഭിച്ചപ്പോഴും അതിനെ നിസ്സാരമായി അവഗണിച്ചതും പൈലറ്റുമാരുടെ കഴിവ് കേടായി. പിന്നീട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴും ഓക്സിജന്‍ മാസ്ക് ധരിക്കാത്തതിനാല്‍ നടപടികള്‍ കൃത്യമായി എടുക്കാനുള്ള ബോധം ഇരു പൈലറ്റുമാര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പൈലറ്റുമാരുടെ ആശയക്കുഴപ്പവും നിരുത്തരവാദിത്ത്വപരമായ പെരുമാറ്റവും ആണ് ദുരന്തത്തിന് കാരണമായതെന്നാണ് അപകടത്തെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാനത്തിലെ പ്രേത സാന്നിദ്ധ്യം

വിമാനത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രീയമായ വിശദീകരണം ഉണ്ടെങ്കിലും ചിലര്‍ അതില്‍ തൃപ്തരല്ല. ഇത്രയധികം വീഴ്ചകള്‍ തുടര്‍ച്ചയായി സംഭവിച്ചത് യാദൃശ്ചികമല്ലെന്ന് ഇവര്‍ കരുതുന്നു. വിമാനത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായതും പൈലറ്റുമാരെ നിയന്ത്രിച്ച് നടപടികള്‍ വൈകിച്ചതും വിമാനത്തിലെ പ്രേതസാന്നിദ്ധ്യമാണെന്നാണ് ഇവര്‍ പറയുന്നത്. ഏതായാലും ഈ വാദങ്ങള്‍ മുഖവിലയ്ക്ക് പോലും എടുക്കാനാകില്ല, പക്ഷേ ഇന്നേവരെയുണ്ടായതില്‍ വച്ച് ഏറ്റവും നിഗൂഢമായ വിമാന അപകടമായാണ് ഹെലിയോസ് 522 ന് സംഭവിച്ച അപകടത്തെ വിലയിരുത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA