sections
MORE

അച്ഛനും മകനും അധ്വാനിച്ചു വാങ്ങിയ ലംബോർഗിനി

HIGHLIGHTS
  • ലംബോർഗനി ഹറാകാന്റെ ഏറ്റവും പുതിയ 610–4 എന്ന വകഭേദം
  • 5200 സിസിയുമുള്ള എൻജിന് 640 കുതിരശക്തി
lamborghini-huracan
സിറിൽ ഫിലിപ്പ് ലംബോർഗിനിക്കൊപ്പം, ചിത്രങ്ങൾ ജിബിന്‍ ചെമ്പോല
SHARE

കോട്ടയം ∙ ഭയപ്പെടുത്തുന്ന വന്യമായ മുരുൾചയും ഞെട്ടിക്കുന്ന അമിട്ടും ഒത്തു ചേർന്ന് കുമാരനല്ലൂരിലെ നാട്ടുവഴിയിലൂടെ ഒഴുകിവരുന്ന ലംബോർഗിനി നാട്ടുകാർക്ക് ഒരു കാഴ്ചയാണ്. ആഡംബര വാഹന പ്രേമികളുടെ സ്വപ്ന വാഹനമായ ഏറ്റവും പുതിയ ലംബോർഗിനി 610–4 മോഡൽ കുമാരനല്ലൂർ ചെറുകര 5 കോടി രൂപയ്ക്ക് സിറിൽ ഫിലിപ്പ് ആണ് സ്വന്തമാക്കിയത്. പ്രവാസി വ്യവസായിയായ സിറിലും മകൻ എൻജിനീയറിങ് വിദ്യാർഥിയായ സൂരജിനും 5 വർഷത്തെ ആഗ്രഹ സാഥല്യമാണ് ലംബോർഗിനി സ്വന്തമാക്കുന്നതിനു പിന്നിലുള്ളത്.

സ്വപ്നം ഇങ്ങനെ

സൂരജിന്റെ കിടപ്പു മുറിയിൽ കണ്ണുതുറന്ന് നോക്കിയാൽ കാണുന്ന വിധത്തിൽ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ലംബോർഗിനിയുടെ ചെറു മാതൃക ഇപ്പോഴുമുണ്ട്. അഞ്ച് വർഷം മുൻപ് സൂരജ് ലംബോർഗിനി സ്വന്തമാക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അതിനായി അച്ഛൻ സിറിലിന്റെ പിന്തുണ ഇപ്രകാരമായിരുന്നു. ലംബോർഗിനി എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നമ്മുക്ക് ഇരുവർക്കും ചേർന്ന് അധ്വാനിക്കാനായിരുന്നു ഉപദേശം. ഒപ്പം സ്വന്തം പരസ്യ കമ്പനിയിൽ നിന്ന് ലംബോർഗിനിയുടെ ചെറു മാതൃക തയാറാക്കി അതിൽ ലൈറ്റും സ്ഥാപിച്ചു. ഗൾഫിലെ പരസ്യ ബിസിനസും നാട്ടിലെ ബിസിനസിലും കൂടുതൽ കഠിനപ്രയത്നം ചെയ്തു. ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യുന്നതിന് നീക്കിവച്ചു. അങ്ങനെ ഘട്ടം ഘട്ടമായി ലംബോർഗിനിക്കായി പണം കണ്ടെത്തി. സ്വപ്ന സാഫല്യമായി കാർ ലഭിക്കുന്നതിന്റെ തലേന്ന് ബാംഗ്ലൂരിൽ പഠിക്കുന്ന സൂരജ് ലംബോർഗിനി സ്വപ്നം കണ്ട് രാത്രി മുഴുവൻ ഉറങ്ങാതെ നേരം വെളിപ്പിക്കുകയായിരുന്നെന്ന് സിറിൽ പറയുന്നു. കിടങ്ങൂരിലെ കർഷക കുടുംബത്തിൽ ജനിച്ച്  കഠിനധ്വാനത്തിലൂടെ സ്വന്തം ബിസിനസ് ലോകം വളർത്തിയെടുക്കുകയായിരുന്നു സിറിൽ.

lamborghini-huracan-2
സിറിൽ ഫിലിപ്പ് ലംബോർഗിനിക്കൊപ്പം, ചിത്രങ്ങൾ ജിബിന്‍ ചെമ്പോല

യുദ്ധ വിമാനം പോലെ ലംബോർഗിനി

ലംബോർഗനി ഹറാകാന്റെ ഏറ്റവും പുതിയ മോഡലാണ് സിറിൽ സ്വന്തമാക്കിയത്. റോഡിലിറങ്ങിയ ചെറു യുദ്ധവിമാനം പോലെയാണ് ലംബോർഗിനിക്കുളളിലെ ഡ്രൈവർ സീറ്റ്. ചുറ്റും കാറിനെ നിയന്ത്രിക്കുന്ന ചെറു ബട്ടറുകളും സ്വിച്ചുകളുമാണ്. വെറും മൂന്ന് സെക്കൻഡ് സമയം കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്ന ലംബോർഗിനി ഹുറാകാന് കഴിയും.രണ്ട് പേർക്ക് മാത്രമാണ് ഇതിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്നത്.

ഏറ്റവും പുതിയ 610–4 എന്ന വകഭേദമാണ് സിറിൽ സ്വന്തമാക്കിയിരിക്കുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗീയർ സംവിധാനമുള്ള കാർ ഫോർ വീൽ ഡ്രൈവാണ്. കാർബൺ ഫൈബർ, അലുമിനിയം എന്നിവയാണ് ബോഡി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 10 സിലിൻഡറുകളും 5200 സിസിയുമുള്ള എൻജിന് 640 കുതിരശക്തി പുറത്തെടുക്കാൻ ശേഷിയുണ്ട്. ഏറ്റവും സുരക്ഷിതമായ കാർബൺ ബ്രേക്ക് സിസ്റ്റമാണ് ലംബോർഗിനിക്കുള്ളത്. 

ഡ്രൈവിങ് സീറ്റിനു ചുറ്റുമുള്ള ചെറുബട്ടണുകൾ കൊണ്ട് കാറിന്റെ പ്രവർത്തനങ്ങൾ മുഴുവൻ നിയന്ത്രിക്കാം. കാറിന്റെ ഡാഷ് ബോർഡിൽ തെളിയുന്ന ക്യാമറ ദൃശ്യങ്ങൾക്ക് ഒരു എച്ച്ഡി ചാനലിന്റെ ദൃശ്യമിഴിവാണ്. 80 ലീറ്ററിന്റെ പെട്രോൾ ടാങ്കാണ് ഇതിനുള്ളത്. മൈലേജ് എത്രയെന്ന് ചോദിച്ചാൽ കമ്പനി പോലും ആ കോളം ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് സിറിലിന്റെ മറുപടി. എങ്കിലും ഒരു ലീറ്റർ പെട്രോളിന് രണ്ടോ മൂന്നോ കിലോമീറ്റർ മൈലേജിൽ കൂടില്ലത്രെ. ബാംഗ്ലൂരിലും ഡെൽഹിയിലുമാണ് ലംബോർഗിനിക്ക് ഷോറും ഉള്ളത്. ബാംഗ്ലൂരിൽ നിന്ന് കാർ വാങ്ങിയ സിറിലിനെയും കുടുംബത്തെയും ജയ്പൂരിലെ ലംബോർഗിനി ഷോയിലേക്ക് വിളിച്ച് രാജകീയ വിരുന്നും കമ്പനി നൽകിയിരുന്നു.

lamborghini-huracan-1
സിറിൽ ഫിലിപ്പ് ലംബോർഗിനിക്കൊപ്പം, ചിത്രങ്ങൾ ജിബിന്‍ ചെമ്പോല

ആഡംബരം കാറുകൾ സ്വപ്നം

ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ ഇതര ആഡംബര മോഡലുകളും സിറിലിന്റെ ഗാര്യേജിലുണ്ട്. കേരളത്തിൽ പലർക്കും ലംബോർഗിനി സ്വന്തമായി ഉണ്ടെങ്കിലും ഇവിടെ റജിസ്ട്രേഷൻ നടത്തുന്നത് അപൂർവമാണ്. കോട്ടയം ആർടി ഓഫിസിലാണ് റജിസ്ട്രേഷൻ നടത്തുന്നത്. 80 ലക്ഷം രൂപയാണ് നികുതിയായി മോട്ടർ വാഹന വകുപ്പിൽ അടയ്ക്കുന്നത്. സിറിലിന്റെയും മകൻ സൂരിന്റെയും വാഹന പ്രമേത്തിന് പിന്തുണയുമായി ഭാര്യ സോളിയും മറ്റ് മക്കളായ ശ്രൂതിയും ശ്രേയയും ഉണ്ട്. 

എല്ലാം കൊള്ളം പക്ഷേ

ലംബോർഗനി ഹുറാകാനിൽ കേരളത്തിലെ റോഡിൽ ഇറക്കി കാലൊന്നു കൊടുക്കാമെന്ന് വിചാരിച്ചാൽ മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ക്യാമറുകളും അപ്പോൾ തന്നെ പടമെടുക്കും. തിരികെ എത്തുന്നതിലും വേഗത്തിൽ പിഴ നോട്ടീസുകളും തപാലിൽ വീട്ടിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA