sections
MORE

ടെസ്‍‌ല സ്വന്തമാക്കുന്ന ആദ്യ മലയാളി നടൻ

HIGHLIGHTS
  • കലിഫോർണിയയിൽ നിന്നു ലാസ്‌വേഗസിലേയ്ക്കു ടെസ്‌ലയിൽ
  • അമേരിക്കയിൽ ടെസ്‌ലയ്ക്കു ഡിമാൻഡ് കൂടുതൽ
thambi-antony-tesla
Thampy Antony With Tesla Model X
SHARE

നടൻ, എഴുത്തുകാരൻ എന്നിങ്ങനെയുള്ള സർഗാത്മക മേഖലകളിലൂടെയാണ് തമ്പി ആന്റണി എന്ന പേര് മലയാളികൾക്ക് ഏറെ പരിചിതം. മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയപാടവം വെളിപ്പെടുത്തുന്നതിനൊപ്പം തന്നെ കവിതകളിലൂടെയും നാടകങ്ങളിലൂടെയും നർമവും കാലികപ്രസക്തിയുള്ള വിഷയങ്ങളുമായി തമ്പി ആന്റണി തന്റെ വായനക്കാരോടു എപ്പോഴും സംവദിക്കാറുണ്ട്. മലയാളിയെങ്കിലും യുഎസിൽ സ്ഥിരതാമസക്കാരനായ അദ്ദേഹം, തികഞ്ഞൊരു വാഹനപ്രേമി കൂടിയാണ്. തനിക്കേറ്റവും പ്രിയപ്പെട്ട, ടെസ്‌ല മോഡൽ എക്സ് 90 ഡി എന്ന ആഡംബര ഇലക്ട്രിക് വാഹനത്തിന്റെ വിശേഷങ്ങൾ തമ്പി ആന്റണി മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുന്നു.

എന്തുകൊണ്ട് ടെസ്‌ല?

ഭാര്യയ്ക്ക് വേണ്ടിയാണ് ടെസ്‍ലയുടെ എസ്‌യുവി മോഡൽ എക്സ് വാങ്ങിയത്. പുത്തൻ സാങ്കേതികവിദ്യകൾ ഇത്രയധികം ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള വാഹനങ്ങൾ ഇന്നു വിരളമാണ്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും എന്നതുതന്നെയാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല, കാലിഫോർണിയയിൽ ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയുമില്ല. ദൂരയാത്രകളിൽ വാഹനത്തിന്റെ ചാർജ് തീർന്നുപോയാലും ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുണ്ട്. അതുകൂടി പരിഗണിച്ചുകൊണ്ടാണ് ടെസ്‌ല എന്ന വാഹനത്തിലേക്കെത്തിയത്. സ്വന്തമാക്കിയത് മോഡൽ എക്സ് 90 ഡി എന്ന മോഡലാണ്. ഇന്ത്യൻ രൂപ ഏകദേശം ഒരു കോടിയാണ് ഈ മോഡലിനു വില.

thambi-antony-tesla-1

ഫുൾ ഇലക്ട്രിക് ടെസ്‌ല 

വാഹനത്തിനു പവർ വളരെ കൂടുതലാണ്. ഇലക്ട്രിക് വാഹനം വാങ്ങുന്നതിനു മുൻപ് എനിക്ക് ആശങ്ക ഉണ്ടായിരുന്നതു വാഹനത്തിന്റെ പവറിലായിരുന്നു. എന്നാൽ ആ ആശങ്കകൾക്കു വിരാമമിടുന്ന തരത്തിലുള്ള കരുത്താണ് വാഹനത്തിന്. കൂടാതെ, സുരക്ഷയ്ക്കും വളരെയധികം പ്രാധാന്യം നൽകുന്ന വാഹനമാണിത്. ചെറിയ ഉരസലുകളോ ഇടിയോ ഒന്നും തന്നെയും യാത്രക്കാരെയോ വാഹനത്തെയോ സാരമായി ബാധിക്കുകയില്ല എന്നുതന്നെ പറയാം. അഞ്ചു മുതൽ ഏഴുപേർക്ക് വരെ സുഖമായി യാത്ര ചെയ്യാം. എല്ലാത്തിനുമപരിയായി മലിനീകരണങ്ങൾ കുറയ്ക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ നഗരങ്ങളെ സംബന്ധിച്ച് ഇതൊരു സുപ്രധാന ഘടകം തന്നെയാണ്. 

വാഹനത്തിന്റെ സവിശേഷതകൾ‌

പൂർണമായും സുരക്ഷിതമായൊരു വാഹനമാണ് ടെസ്‌ല. ഓട്ടോ പൈലറ്റും ഓട്ടമാറ്റിക്ക് ബ്രേക്കിങ്ങുമെല്ലാം ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കുന്നു.  വാഹനത്തിന്റെ നാലുഭാഗത്തും സെൻസറുകറുകളുള്ളതുകൊണ്ട് അപകടങ്ങൾ ഒഴിയുന്നു. പെട്രോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ചു ശബ്ദം വളരെ കുറവാണ്. വാഹനം ഓടുമ്പോൾ വലിയ ശബ്‍ദമില്ലാത്തതു കൊണ്ടുതന്നെ സംഗീതാസ്വാദനം സുഗമമാകും. വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലെ വളരെ നിശബ്ദമാണ്. മികച്ച കരുത്തു നൽകുന്നുണ്ട് വാഹനം അതുകൊണ്ടു തന്നെ എക്സ്പ്രെസ് ഹൈവേകളിലൊക്കെ ലൈൻ ചെയ്ഞ്ച് ചെയ്യാൻ വളരെ എളുപ്പമാണ്. കൂടാതെ വളരെ ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നതും ഇതിന്റെ സവിശേഷതയാണ്. കൂടാതെ വാഹനത്തിന്റെ മുൻഭാഗത്തും ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യങ്ങളുണ്ട്. യാത്രാസുഖവും വളരെ കൂടുതലാണ്.

മറ്റൊരിടത്തു ഇരുന്നുകൊണ്ട് വാഹനത്തെ ചലിപ്പിക്കാനും ഗാരേജിൽ നിന്നും വാഹനമിറക്കാനുമൊക്കെ ഈ ആപ്ലിക്കേഷൻ സഹായിക്കും

ടെസ്‌ലയ്ക്കു കൂട്ടായി

ടെസ്‌ലയ്ക്കു കൂട്ടായി ഒരു ബി എംഡബ്ല്യു എം 6 ഉം മകനൊരു 85 മോഡൽ ജീപ്പുമുണ്ട്. ഇനിയൊരു ടെസ്‌ല കൂടി ഉടൻ വാങ്ങണമെന്ന് ആഗ്രഹമുണ്ട്. ടെസ്‌ലയുടെ മോഡൽ 3 ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ രൂപ ഏകദേശം ഇരുപത്തിയെട്ടു മുതൽ മുപ്പതുലക്ഷം വരെയാണ് അതിനു വിലവരുന്നത്. വാഹനം നൽകുന്ന സുരക്ഷയും സൗകര്യങ്ങളും കണക്കിലെടുത്തു കൊണ്ടാണ് ടെസ്‌ലയുടെ ഒരു വാഹനം കൂടി വാങ്ങുന്നത്. ദൂരയാത്രകളിൽ ഇടയ്ക്കിടെ ചാർജ് ചെയ്യണമെന്നുള്ളത് മാത്രമാണ് ടെസ്‌ലയുടെ ഒരു പോരായ്മയായി ചൂണ്ടികാണിക്കപ്പെടുന്നത്. വലിയ യാത്രകളിൽ ഭക്ഷണം കഴിക്കാനായി നിർത്തിയിടുമ്പോഴൊക്കെ 40 മിനിറ്റ് എടുത്തുകൊണ്ടുള്ള ഫാസ്റ്റ് ചാർജിങ് ഓപ്ഷൻ ഉപയോഗിച്ച് ചാർജ് ചെയ്യാം.

കാലിഫോർണിയയിൽ നിന്നു ലാസ്‌വേഗാസിലേയ്ക്കു ടെസ്‌ലയിൽ

ഈ വാഹനത്തിലെ ആദ്യ ദൂരയാത്ര ലാസ്‌വേഗസിലേക്കായിരുന്നു. കലിഫോർണിയയിൽ നിന്നു ഏകദേശം 1000 കിലോമീറ്ററോളം വരുന്ന ആ വലിയ യാത്ര ആസ്വദിച്ചത് ടെസ്‌ലയുടെ ഈ വാഹനത്തിലായിരുന്നു. ഇടയ്ക്കിടെ വിശ്രമിച്ചുകൊണ്ടായിരുന്നു ഡ്രൈവിങ്. ആ സമയങ്ങളിൽ വാഹനം ചാർജ് ചെയ്യുകയും ചെയ്തിരുന്നു.

പരിപാലന ചെലവ് കുറവ്

മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ചു ടെസ്‌ലയുടെ ഒരു പ്രധാന സവിശേഷത പരിപാലന ചെലവ് വളരെ കുറവാണെന്നത് തന്നെയാണ്. സാധാരണ വാഹനങ്ങൾക്കു ഇടയ്ക്കിടെ ഓയിൽ മാറ്റങ്ങൾ പോലുള്ള പരിപാലനങ്ങൾ ആവശ്യമാണ്. എന്നാൽ ഈ വാഹനത്തിനു അങ്ങനെയൊരു പരിചരണം ആവശ്യമേയില്ല. ബ്രേക്ക് സംബന്ധിയായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, വാഹനത്തിലെ കമ്പ്യൂട്ടറിൽ അതു കാണാൻ കഴിയുന്നതാണ്. അപ്പോൾ ബ്രേക്ക് മാറേണ്ടതാണ്. കൂടാതെ, വർഷത്തിൽ ഒരുതവണ വാഹനം മുഴുവനായും സർവീസ് ചെയ്യേണ്ടതായി വരും. ബാറ്ററിയുടെ ആയുസ് കമ്പനി അവകാശപ്പെടുന്നത് പത്തു വർഷമാണ്. അതുകൊണ്ടു തന്നെ ബാറ്ററിയും ഇടയ്ക്കിടെ മാറേണ്ടതായി വരുന്നില്ല.

സോഫ്റ്റ് വെയർ അപ്ഡേഷനുകൾ, ആപ്ലിക്കേഷൻ... ടെസ്‌ല വേറെ ലെവൽ

ഇടയ്ക്കിടെ വാഹനത്തിന്റെ പെർഫോമൻസിനെ അപ്ഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള അപ്ഡേഷൻ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. അന്നേരങ്ങളിൽ ആ സോഫ്റ്റ് വെയർ അപ്ഡേഷനുകൾ നടപ്പിലാക്കിയാൽ വാഹനത്തിന്റെ പ്രകടനങ്ങളിൽ മാറ്റങ്ങൾ കാണാൻ കഴിയുന്നതാണ്. കൂടാതെ, വാഹനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളുണ്ട്. മറ്റൊരിടത്തു ഇരുന്നുകൊണ്ട് വാഹനത്തെ ചലിപ്പിക്കാനും ഗാരേജിൽ നിന്നും വാഹനമിറക്കാനുമൊക്കെ ഈ ആപ്ലിക്കേഷൻ സഹായിക്കും. ഇന്റർനെറ്റുമായി വാഹനം എപ്പോഴും ബന്ധപ്പെട്ടിരുന്നാലേ ഇതെല്ലാം ഫലപ്രദമായി പ്രവർത്തിക്കുകയുള്ളൂ. വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതായത്, വാഹനത്തിന്റെ ഉൾവശത്തെ ചൂട്, എവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നത്, വാഹനത്തിന്റെ ലൊക്കേഷൻ തുടങ്ങിയവയെല്ലാം മനസിലാക്കാൻ ഈ ആപ്ലിക്കേഷൻ കൊണ്ടു സാധിക്കും. ചുരുക്കത്തിൽ ഒരു ഓടുന്ന കംപ്യൂട്ടറിനോട് ഉപമിക്കാൻ കഴിയുന്ന വാഹനമാണിത്.

നാലു മണിക്കൂറുകൾ കൊണ്ട് വാഹനം പൂർണമായും ചാർജാകും. വേഗത കുറച്ചു വാഹനം ഡ്രൈവുചെയ്താൽ കൂടുതൽസമയം ബാറ്ററി ചാർജ് നിലനിൽക്കും

അമേരിക്കയിൽ ടെസ്‌ലയ്ക്കു ഡിമാൻഡ് കൂടുതൽ

അമേരിക്കയിലെ ഏറ്റവും ജനപ്രിയ വാഹനനിർമാതാക്കളാക്കി മാറിക്കൊണ്ടിരിക്കുകയാണ് ടെസ്‌ല. ബുക്കു ചെയ്തു രണ്ടുമാസം വരെ സമയമെടുത്താണ് ഉപഭോക്താക്കൾക്കു കാറുകൾ നൽകപ്പെടുന്നത്.

220 വാട്ട് പ്ലഗ്ഇൻ ഉപയോഗിച്ചുള്ള ചാർജിങ് 

അമേരിക്കയിൽ 110 വാട്ട് പ്ളഗ് ഇൻ ആയതുകൊണ്ട് വാഹനത്തിന്റെ ചാർജിങ്ങിനായി 220 വാട്ട് പ്ല‌ഗ്ഇൻ പ്രത്യേകം ഉപയോഗിക്കേണ്ടതായി വരും. സൂപ്പർ ചാർജിങ് 40 മിനിറ്റ് കൊണ്ടുനടക്കുമ്പോൾ, ഒരു മണിക്കൂർ കൊണ്ട് 40 മൈൽ ദൂരം സഞ്ചരിക്കാൻ സാധാരണ രീതിയിലെ ചാർജിങ് കൊണ്ടുസാധിക്കും. ദൂരയാത്രകളിൽ മാത്രമേ ഫാസ്റ്റ് ചാർജിങ് രീതി സ്വീകരിക്കാറുള്ളൂ. നാലു മണിക്കൂറുകൾ കൊണ്ട് വാഹനം പൂർണമായും ചാർജാകും. വേഗത കുറച്ചു വാഹനം ഡ്രൈവുചെയ്താൽ കൂടുതൽസമയം ബാറ്ററി ചാർജ് നിലനിൽക്കും. അതുകൊണ്ടു തന്നെ സിറ്റി ഡ്രൈവിങ്ങിനു ഉചിതമായ ഒരു വാഹനമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA