ADVERTISEMENT

ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥാലത്തേക്ക് ഫ്ലൈറ്റിനേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച് എത്താനാകും എന്നു പറഞ്ഞാല്‍ ആരും ഒന്ന് സംശയിച്ചേക്കാം, എങ്ങനെയെന്ന്. പക്ഷേ യൂറോപ്പിലും മറ്റും പല സ്ഥലത്തും വിമാനത്തേക്കാള്‍ വേഗത്തില്‍ ട്രെയിനിൽ എത്താം. ഇതു വേഗം കൂടുതലായതു കൊണ്ടല്ല മറിച്ച് കണക്ടിങ് ഫ്ലൈറ്റിനുള്ള കാലതാമസം കൂടി കണക്കിലെടുത്താണ്. പക്ഷേ വേഗത്തിന്‍റെ കാര്യത്തിലും ഇപ്പോള്‍ തീവണ്ടികള്‍ വിമാനത്തേക്കാൾ ഏറെ പിന്നിലൊന്നും അല്ല. ഒരു യാത്രാവിമാനത്തിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 800 - 900  കിലോമീറ്ററിന് ഇടയിലാണെങ്കില്‍ പല ട്രെയിനുകളുടെയും ശരാശരി വേഗത മണിക്കൂറില്‍ 500 കിലോമീറ്റര്‍ വരെ വരും.

ലോകത്തെ ഏറ്റവും വേഗമേറിയ തീവണ്ടി ഇപ്പോള്‍ ഓടുന്നത് ചൈനയിലാണ്. എന്നാല്‍ 2020 ഒളിപിക്സിന് ഒരുങ്ങുന്ന ജപ്പാന്‍ വേഗത്തിന്‍റെ കാര്യത്തില്‍ ചൈനയെ തോല്‍പ്പിക്കുന്ന ഒരു തീവണ്ടി കൂടി തയാറാക്കിയിട്ടുണ്ട്. ഒരുപക്ഷേ ഇതിന്‍റെ വേഗം മണിക്കൂറില്‍ 600 കിലോമീറ്റര്‍ കടന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് കരുതുന്നത്. ഒളിംപിക്സിനോട് അനുബന്ധിച്ച് തന്നെയാകും ഈ ട്രെയിൻ സര്‍വീസ് ആരംഭിക്കുക. ജപ്പാന്‍റെ അദ്ഭുത ട്രെയിന് വേണ്ടിയുള്ള കാത്തിരിപ്പിനു മുന്‍പ്, ഇപ്പോള്‍ ലോകത്ത് ഓടുന്ന ഏറ്റവും വേഗമേറിയ 10 ട്രെയിനുകളെ പരിചയപ്പെടാം. 

shanghai-maglev-express

ഷാങ്ഹായ് മാഗ്ലേവ്

ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ അത് ദീർഘദൂര ട്രെയിനാണെന്ന ചിന്ത വന്നേക്കും. അങ്ങനെയല്ല. ലോകത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ ചൈനയിലെ ഷാങ്ഹായ് മാഗ്ലേവിന്‍റെ ശരാശരി വേഗം മണിക്കൂറില്‍ 430 കിലോമീറ്ററാണ്. എന്നാല്‍ ഇതു സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 40 കിലോമീറ്റര്‍ മാത്രമാണ്. പുഡോങ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലോംഗ്യാങ് മെട്രോ സ്റ്റേഷനിലേക്കാണ് ഈ ട്രെയിന്‍. 2004 ല്‍ സര്‍വീസ് ആരംഭിച്ച ഈ ട്രെയിനില്‍ ഒരു തവണ യാത്ര ചെയ്യാന്‍ 8 ഡോളര്‍ മാത്രമാണ് ചാർജ്.

fuxing

ഫുക്സിങ് ഹാവോ

ലോകത്തെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രെയിനും ചൈനയിലാണ്. ഫുക്സിങ് ഹാവോ ഇനത്തില്‍ പെട്ട രണ്ടു ട്രെയിനുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഡോള്‍ഫിൻ, ബ്ലൂ ഗോള്‍ഡന്‍ ഫോണിക്സ് എന്നിവയാണ് ഈ ട്രെയിനുകളുടെ വിളിപ്പേരുകള്‍. ബെയ്ജിങ് സൗത്തില്‍ നിന്ന് ഷാങ്ഹായ് വരെയാണ് സര്‍വീസ്. മണിക്കൂറില്‍ 400 കിലോമീറ്ററാണ് ശരാശരി വേഗം. ബെയ്ജിങ്ങില്‍നിന്നു ഷാങ്ഹായിലേക്കുള്ള 1210 കിലോമീറ്റര്‍ താണ്ടാന്‍ ഈ ട്രെയിനുകള്‍ക്ക് വേണ്ടത് 5 മണിക്കൂറില്‍ താഴെ സമയം മാത്രമാണ്. അതും ഇടയ്ക്കുള്ള 9 സ്റ്റോപ്പുകളില്‍ നിര്‍ത്തിയിടുന്ന സമയം കൂടി ചേര്‍ത്ത്.

shinkansen-e2

ജപ്പാന്‍റെ "ഷിംകാസെന്‍"

അതിവേഗ ട്രെയിനുകളുടെ മത്സരത്തിലേക്ക് ചൈന കടന്ന് വരും മുന്‍പ് ഈ മേഖല അടക്കി വാണിരുന്നത് ജപ്പാനായിരുന്നു. ജപ്പാനില്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് ഇത് 54 ാം വര്‍ഷമാണ്. ടോക്കിയോ, ഒസാക എന്നീ നഗരങ്ങള്‍ക്കിടയില്‍ 1964 ല്‍ ആരംഭിച്ച ഹികാരി എന്ന ട്രെയിനാണ് ജപ്പാന്‍റെ ആദ്യത്തെ അതിവേഗ റെയില്‍. എച്ച് 5, ഇ 5 സീരീസുകളിലുള്ള ഷിംകാന്‍സെന്‍ ബുള്ളറ്റ് ട്രെയിനുകളാണ് ജപ്പാനിലെ ഇപ്പോഴത്തെ ഏറ്റവും വേഗയേറിയ ട്രെയിനുകള്‍. മണിക്കൂറില്‍ 365 കിലോമീറ്ററാണ് ഇവയുടെ വേഗം.

frecciarossa

ഇറ്റലിയുടെ ഫ്രെസിയാറോസ

എന്‍ടിവി, ട്രെനിറ്റാലിയ എന്നിവയാണ് ഇറ്റലിയിലെ ട്രെയിന്‍ ഓപ്പറേറ്റിങ് കമ്പനികള്‍. ഇവയ്ക്ക് രണ്ടിനും രണ്ട് അതിവേഗ ട്രെയിനുകളുണ്ട്. ഇറ്റാലിയോ, ഫ്രെസിയോ റോസ എന്നീ ട്രെയിനുകള്‍ യൂറോപ്പിലെ തന്നെ ഏറ്റവും വേഗം കൂടിയവയാണ്. ഏതാണ്ട് 320 കിലോമീറ്ററാണ് മണിക്കൂറില്‍ ഇവയുടെ വേഗം. ഇതില്‍ ഫ്രെസിയാറോസയാണ് വേഗത്തിന്‍റെ കാര്യത്തില്‍ അല്‍പം മുന്നില്‍. ഫ്രെസിയാറോസയ്ക്ക് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ഫ്രെസിയാറോസ ഉണ്ടാക്കിയിരിക്കുന്നത് പൂര്‍ണമായും പുനരുപയോഗ സാദ്ധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ്. റെഡ് ആരോ എന്നതാണ് ഫ്രെസിയാ റോസയുടെ വിളിപ്പേര്.

renfe-ave

റെന്‍ഫെ അവെ

സ്പെയിനിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ് റെന്‍ഫെ അവെ. മണിക്കൂറില്‍ ഏതാണ്ട് 355 കിലോമീറ്ററാണ് ഈ അതിവേഗ ട്രെയിന്‍റെ വേഗത. സ്പെയിനിന് പുറത്തേക്കും സര്‍വീസ് നടത്തുന്ന റെന്‍ഫെ അവെ പ്രധാനമായും ബാഴ്സലോണയ്ക്കും പാരിസിനും ഇടയിലാണ് സഞ്ചരിക്കുന്നത്. ആറ് മണിക്കൂറാണ് ഈ നഗരങ്ങള്‍ക്കിടയില്‍ ഓടിയെത്താന്‍ റെന്‍ഫെ അവെ എടുക്കുന്ന സമയം.

സൗദി അറേബ്യയിലെ ഹരാമിന്‍ വെസ്റ്റേണ്‍ റെയില്‍വേ

സൗദി അറേബ്യയിലെ പ്രശസ്ത നഗരങ്ങളായ മക്കയും മദീനയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് റെയില്‍ ലിങ്കാണ് പശ്ചിമ റെയില്‍ ലിങ്ക്. അഞ്ഞൂറ് കിലോമീറ്ററോളം ദൂരമാണ് ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ളത്. റോഡ് മാര്‍ഗം 5 മണിക്കൂറിലേറെ എടുക്കുന്ന യാത്ര റെയില്‍മാര്‍ഗ്ഗമായാല്‍ രണ്ടര മണിക്കൂറിലൊതുങ്ങും. വേഗം മാത്രമല്ല തീർഥാടനകാലത്ത് റോഡിലെ തിരക്ക് കുറയ്ക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് ഈ ഹൈസ്പീഡ് റെയിലിന്‍റെ നിര്‍മാണം 2017ല്‍ പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ഈ ട്രെയിനിന്‍റെ വേഗം.

ഡ്യൂഷേബാന്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ്

ജര്‍മനിയുടെ ഇന്‍റര്‍സിറ്റ് അതിവേഗ ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 330 കിലോമീറ്ററാണ്. ബര്‍ലിനും മ്യൂണിക്കിനും ഇടയിലാണ് ഈ ട്രെയിന്‍റെ സഞ്ചാരം. ഡ്യൂഷേബാന്‍ എന്നത് ജര്‍മനിയിലെ റെയില്‍വേ ഏജന്‍സിയുടെ പേരാണ്. ഡ്യൂഷേബാനിന്‍റെ തന്നെ വെലാരോ എന്ന ട്രെയിനും ഇന്‍റര്‍സിറ്റിയോട് കിടപിടിക്കുന്ന വേഗമുണ്ട്. ഒരു ടണ ല്‍ട്രെയിനായി സഞ്ചരിക്കാന്‍ കഴിയുന്ന മാതൃകയിലാണ് വെലാരോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൈകാതെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ലണ്ടനിലേക്ക് ഈ രണ്ട് ട്രെയിനുകളും ഉപയോഗിച്ചുള്ള സര്‍വീസ് ഡ്യൂഷേബാന്‍ പരിഗണിക്കുന്നുണ്ട്.

കൊറെയില്‍ കെടിഎക്സ്

കൊറിയന്‍ റെയില്‍വേ വിഭാഗമായ കൊറെയില്‍ രൂപം നല്‍കിയ അതിവേഗ ട്രെയിനാണ് കെടിഎക്സ്. 2004ല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ഇപ്പോഴും ലോകത്തെ അതിവേഗ ട്രെയിനുകളുടെ പട്ടികയില്‍ ഇടം നേടാന്‍ തക്ക വേഗമുണ്ട് കെ.ടിഎക്സിന്. മണിക്കൂറില്‍ 330 ആണ് കെടിഎക്സിന്‍റെയും വേഗത. ഇഞ്ചിയോണില്‍ നിന്ന് ഗാങ്‌യുങ്ങിലേക്കാണ് കെ.ടി.എക്സ് ഏറ്റവും ഒടുവിൽ സര്‍വീസ് ആരംഭിച്ചത്. സിയോളില്‍ നിന്ന് പ്യോഗ് ചാംഗിലേക്കും ഈ ട്രെയിന്‍റെ സേവനം ലഭ്യമാണ്. 

eurostar
Euro Star

യൂറോസ്റ്റാര്‍

പേര് സൂചിപ്പിക്കുന്നത് പോലെ യൂറോപ്പിന്‍റ ട്രെയിനാണ് യൂറോസ്റ്റാർ. ട്രെയിന്‍റെ ഉടമസ്ഥാവകാശം ഫ്രാന്‍സ്, ബെല്‍ജിയം, യുകെ എന്നീ രാജ്യങ്ങള്‍ക്കാണ്. ബ്രിട്ടൻ‍, ഫ്രാന്‍സ്, ലില്ലെ, ബ്രസ്സല്‍സ് എന്നീ നഗരങ്ങളെയാണ് യൂറോ സ്റ്റാര്‍ ബന്ധിപ്പിക്കുന്നത്. മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്ററാണ് യൂറോസ്റ്റാറിന്‍റെ വേഗം. 22 വര്‍ഷം മുന്‍പാണ് യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചത്. പക്ഷേ ഇപ്പോഴത്തെ വേഗത്തിലേക്ക് യൂറോസ്റ്റാര്‍ എത്തിയത് 2015 ലാണ്.

താലിസ്

ഫ്രഞ്ച് - ബെല്‍ജിയം സംയുക്ത ട്രെയിന്‍ സംരഭമാണ് താലിസ്. ആംസ്റ്റര്‍ഡാം, ബ്രസല്‍സ്, പാരിസ്, ഡോര്‍ട്മുണ്ട് എന്നീ നഗരങ്ങളെയാണ് ഈ ട്രെയിന്‍ ബന്ധിപ്പിക്കുന്നത്. ഏതാണ്ട് 300 കിലോമീറ്ററാണ് മണിക്കൂറില്‍ ഈ ട്രെയിന്‍റെ വേഗത. യൂറോപ്പിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ട്രെയിന്‍ സര്‍വീസ് കൂടിയാണ് താലിസ്. 2015 വരെ രണ്ടാം സ്ഥാനം ഉണ്ടായിരുന്നു എങ്കിലും പിന്നീട് യൂറോസ്റ്റാറിന് വഴിമാറുകയായിരുന്നു താലിസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com