ADVERTISEMENT

റെയിൽവേ സ്റ്റേഷന്റെ ചുവരിലെ പഴയ ക്ലോക്കിൽ സമയം പുലർച്ചെ 5.00. കൊങ്കൺ മലകളുടെ തണുപ്പും വിയർപ്പും പുകച്ചു തുപ്പി ഒരു ട്രെയിൻ വന്നു നിന്നു. കേരളത്തിലേക്കുള്ളതാണ്. ഡീസൽ എൻജിൻ മാറ്റി ഇലക്ട്രിക്കിൽ വേണം ഇനിയുള്ള യാത്ര. ലോക്കോ പൈലറ്റുമാർ രണ്ടുപേരും പുറത്തിറങ്ങി. പകരം എൻജിൻ ക്യാബിനിലേക്കു നിറഞ്ഞ ചിരിയുമായി കയറിയത് ഒരു യൂണിഫോമിട്ട ‘പെൺകുട്ടി’. കയ്യിലെ വോക്കി ടോക്കിയിൽ എന്തൊക്കെയോ നിർദേശങ്ങൾ നൽകിയ ശേഷം അവളും പുറത്തേക്കു വന്നു, പാളത്തിലേക്ക് ഇറങ്ങി. ഒരു പൊക്കിൾക്കൊടി മുറിക്കുന്നതുപോലെ ലളിതമായി എൻജിൻ വേർപെടുത്തി. ക്യാബിനിൽ കയറി മെല്ലെ അതിനെ മുന്നോട്ടെടുത്തു കൊണ്ടുപോയി. തലയറ്റൊരു സർപ്പം പോലെ ട്രെയിൻ കിടന്നു. മിനിറ്റുകൾക്കുള്ളിൽ ഉഷാറുള്ള ഒരു ഇലക്ട്രിക് എൻജിനുമായി അവൾ തിരികെയെത്തി. വീണ്ടും ചെറിയ ശസ്ത്രക്രിയ. ‘തല’ ഉറപ്പിച്ചു. ലോക്കോ പൈലറ്റുമാരോട് ‘ഓകെ’ പറഞ്ഞു. സിഗ്‌നൽ കിട്ടി ട്രെയിൻ മുന്നോട്ടു നീങ്ങിയപ്പോൾ പ്ലാറ്റ്ഫോമിലേക്കു കയറി പുഞ്ചിരിയോടെ അവൾ നിന്നു.

ഇതു വനിതശ്രീ... മംഗളൂരു ജംക്‌ഷനിലെ (കങ്കനാടി സ്റ്റേഷൻ) ലോക്കോ പൈലറ്റ് ഷണ്ടർ. കണ്ടാൽ കൊച്ചു പെൺകുട്ടിയെന്നു തോന്നുമെങ്കിലും 13 വർഷമായി ട്രെയിൻ ഓടിക്കുന്നുണ്ട് പാലക്കാട് റെയിൽവേ ഡിവിഷനിലെ ഈ മുപ്പത്തിനാലുകാരി. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരായ വനിതകൾ ഉണ്ടെങ്കിലും ഷണ്ടിങ് നടത്തി പരിചയമുള്ള വനിതാ ലോക്കോ പൈലറ്റ് കേരളത്തിലോ കർണാടകയിലോ വേ‌റെയില്ല. മംഗളൂരുവിൽ ജനിച്ചുവളർന്നിട്ടും മലയാളം പച്ചവെള്ളമാണു വനിതശ്രീക്ക്. ‘‘തമിഴും എനക്കു നല്ലാവേ തെരിയും..’’ആ വാക്കുകളിൽ ഒരു ചുണക്കുട്ടിയുടെ പ്രസരിപ്പ്.

മലയാളത്തിന്റെ ചൂളംവിളി ഒരു പാലക്കാടൻ തെന്നൽ പോലെയാണു മലയാളം വനിതശ്രീയുടെ നാവിൽ അലിഞ്ഞത്. 2006ൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎൽപി) ആയി ആദ്യത്തെ നിയമനം തമിഴ്നാട്ടിലെ ഈറോഡിൽ. അന്നു പ്രായം 22. രണ്ടു വർ‌ഷത്തോളം അവിടെ നിന്നു പാലക്കാട്ടേക്കും തിരിച്ചും വന്നുപോയി. ഗുഡ്സ് ട്രെയിനുകളായിരുന്നു കൂടുതൽ. തമിഴ്നാടിന്റെയും കേരളത്തിന്റെയും ഭൂപ്രകൃതി പോലെ തന്നെ സംസ്കാരത്തിന്റെ വ്യത്യാസവും മനസ്സിലാക്കി. പാലക്കാട്ടെ ജീവനക്കാരോടുള്ള മുറിയാത്ത സൗഹൃദത്തിലൂടെ മലയാളം പെട്ടെന്നു വഴങ്ങി. 2008 ൽ മംഗളൂരു ജംക്‌ഷനിലേക്കു മാറ്റം കിട്ടിയപ്പോഴേക്കും ‘പുന്നെല്ലിൻ പൂങ്കരളേ...’ എന്നു പാടാൻ വനിതശ്രീ പഠിച്ചിരുന്നു.

ജാഗ്രതയോടെ, കരുത്തോടെ

കഴിഞ്ഞ 13 വർഷവും അപകടരഹിത സർവീസാണു വനിതശ്രീ റെയിൽവേയ്ക്കു നൽകിയത്. എഎൽപി ആയിരുന്ന സമയം ദീർഘദൂരം യാത്രക്കാരെ വഹിച്ചു പോയപ്പോഴും കൺമുന്നിൽ ഒരു അപകടവും വന്നില്ല എന്നതാണ് അതിലേറെ ആശ്‌ചര്യം. ‘‘ദൈവത്തിന് എന്നോട് എന്തോ ഒരു പ്രത്യേക സ്നേഹമുണ്ട്. ഇനിയും ഇങ്ങനെ നന്നായി പോകണമെന്നു മാത്രമേയുള്ളൂ.’‌‌‌‌‌ വീണ്ടും അതേ ചിരി. 2010 ൽ ആണു ലോക്കോ പൈലറ്റ് ഷണ്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. ഇതുവരെ വിവിധ മോഡൽ എൻ‌ജിനുകൾ ഓടിച്ചു. എട്ടു മണിക്കൂറാണ് ഡ്യൂട്ടി. മിക്കവാറും ദിവസങ്ങളിൽ പിടിപ്പതു പണി തന്നെയാകും. എട്ടും ഒൻപതും വണ്ടികളുടെ എൻജിനും ബോഗികളും മാറേണ്ടി വരാറുണ്ട്. വൈദ്യുതി കണക്‌ഷൻ മാറ്റിക്കൊടുക്കണം, ഡീസൽ പോയിന്റിൽ കൊണ്ടുപോകണം തുടങ്ങി വേറെയും ജോലികൾ. ഓരോന്നിനും 20 മിനിറ്റ് വരെയെടുക്കും.

കൊങ്കൺ വഴി പോകുന്ന ട്രെയിനുകൾ മംഗളൂരു സെൻട്രലിൽ കയറാറില്ല. മംഗളൂരു ജംക്‌ഷനിലൂടെയാണ് അവയുടെ പോക്കും വരവും. കൊങ്കൺ പാതയിൽ വൈദ്യുതീകരണം നടത്തിയിട്ടില്ലാത്തതിനാൽ ഡീസൽ എൻജിൻ മാത്രമാണ് ആശ്രയം. ഓരോ വണ്ടി വരുമ്പോഴും മറ്റൊരു എൻജിനുമായി വനിതശ്രീ റെഡിയാണ്. ‘‘സ്റ്റേഷനിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയാണു ഷണ്ടിങ് നടത്തേണ്ടത്. ശ്രദ്ധയോടെ ചെയ്യണമെന്നേയുള്ളൂ. പുരുഷൻമാർ മാത്രം ചെയ്യുന്ന ജോലികൾ എന്നൊന്നുണ്ടോ?’’ വനിതശ്രീ ചോദിക്കുന്നു.

ഫാമിലി എക്സ്പ്രസ് എന്നുമിഷ്ടം 

ലോക്കോ പൈലറ്റ് ആകണമെന്നായിരുന്നോ ആഗ്രഹമെന്നു ചോദിച്ചാൽ ഇല്ലെന്നു പറയാൻ വനിതശ്രീക്ക് മടിയില്ല. ‘‘അച്ഛന്റെ ആഗ്രഹമായിരുന്നു എല്ലാം. ആദ്യമൊക്കെ ദൂരെയുള്ള ജോലിയുടെ വിരസത ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഐ ലവ് മൈ ജോബ്’’. വനിതശ്രീയുടെ ഭർത്താവ് സതീഷ് കർണാടക പൊലീസിലെ ഉദ്യോഗസ്ഥനാണ്. മക്കളായ ഹിതേഷ് ആറിലും ദിവ്യേഷ് ഒന്നിലും പഠിക്കുന്നു. ‘‘ കുടുംബവുമായി ആഴമേറിയ ബന്ധം സൂക്ഷിക്കാൻ മംഗളൂരുവിലായതുകൊണ്ടു കഴിയുന്നുണ്ട്. അടുത്ത മാറ്റം ലോക്കോ പൈലറ്റ് ഗുഡ്സ് ആയിട്ട് ആകാം. ദൂരെയൊക്കെ ട്രെയിനുമായി പോകേണ്ടി വരും. അതിലൊന്നും പേടിയില്ല. പക്ഷേ ഗുഡ്സ് ഒക്കെ എപ്പോഴാ എത്തുന്നതെന്ന് ആർക്കറിയാം. അതുവരെ കുടുംബത്തെ പിരിഞ്ഞ് ഇരിക്കണ്ടേ?’’ മുഖത്തെ കുട്ടിത്തം ഒരു കണ്ണീർത്തുള്ളിയായി മാറി.

രണ്ടു മണിക്കൂർ വൈകിയെത്തുന്ന മറ്റൊരു ദീർഘദൂര ട്രെയിനിന്റെ അനൗൺസ്മെന്റ് വന്നു. ‘‘ഇപ്പൊ വരാം, ഒരു10 മിനിറ്റ്’’ വനിതശ്രീ വേഗം എഴുന്നേറ്റു. പത്തിരുന്നൂറു ടൺ ഭാരമുള്ള ഒരു എൻജിൻ ‘ദേ അപ്പുറത്തോട്ടു’ മാറ്റിയിടാനുള്ള പോക്കാണ് അതെന്ന് ആരെങ്കിലും കണ്ടാൽ പറയുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com