ADVERTISEMENT

സോഷ്യൽ മീഡിയ വന്നതോടെ ‘ക്യൂട്ടി’ എന്ന വിളി നാട്ടിൽ പാട്ടാണ്. പക്ഷേ അതിനുമെത്രയോ വർഷം മുൻപ് യുവത്വത്തിനു പരിചിതമായിരുന്നു സ്കൂട്ടി എന്ന വാക്ക്. ഏതു വിദ്യാർഥിനിയുടെയും കൗമാരക്കാരിയുടെയും യുവതിയുടെയും സ്വപ്നങ്ങളിലുണ്ടായിരുന്നു സ്കൂട്ടി. ടിവിഎസ് മോട്ടോർ കമ്പനിയുടെ സ്കൂട്ടി എന്ന സ്കൂട്ടർ ഇന്ത്യൻ വനിതയുടെ യാത്രാസാതന്ത്ര്യത്തിന്റെ പ്രതീകമായിട്ട് വർഷം 25.

scooty

ഓട്ടമാറ്റിക് ഗിയറുമായി കൈനറ്റിക് ഹോണ്ട വന്നതോടെ സ്ത്രീകൾ ധാരാളമായി സ്കൂട്ടറോടിക്കാൻ തുടങ്ങിയെങ്കിലും കയ്യിലൊതുങ്ങുന്ന, അഥവാ കാലിലൊതുങ്ങുന്ന‌ കുഞ്ഞു സ്കൂട്ടർ ആയി സ്കൂട്ടി 1993ൽ അവതരിച്ചതോടെ അന്തരീക്ഷമാകെ മാറി. സ്ത്രീകളെയാണു ലക്ഷ്യമിടുന്നതെന്നു തുടക്കത്തിൽ പറഞ്ഞില്ലെങ്കിലും വിപണി അത് ആ രീതിയിലാണു സ്വീകരിച്ചത്. അതോടെ സ്കൂട്ടി ഒരു പ്രിയപ്പെട്ട കൂട്ടുകാരിയായി. 

പെപ്, ഇഎസ്, പെപ് പ്ലസ്, സ്ട്രീക്ക് എന്നിങ്ങനെ പല പല മോഡലുകളും വിംബിൾഡൻ, ബേബ്‌ലീഷ്യസ്, സ്റ്റാർലെറ്റ് എന്നിങ്ങനെ പല പ്രത്യേക എഡിഷനുകളുമൊക്കെയായി ഓരോ കാലത്ത് നിരത്തിലും പെൺഹൃദയങ്ങളിലും നിറഞ്ഞ സ്കൂട്ടി 2014ൽ കരുത്തന്മാരുടെ നിരയിലേക്കും ചുവടുവച്ചു. സ്കൂട്ടി സെസ്റ്റ് 110 സിസി. ചുമ്മാ ഒരു ചുവടുവയ്ക്കലായിരുന്നില്ല, ലോകത്തെ ഏറ്റവുമുയരമേറിയ പാതയായ, ഹിമാലയത്തിലെ ഖാർദുങ് ലാ കീഴടക്കിയ ആദ്യ സ്കൂട്ടറായി അത്. ഇപ്പോൾ പെപ് പ്ലസ് എന്ന നിത്യഹരിത താരവും സെസ്റ്റുമാണ് സ്കൂട്ടി ശ്രേണിയിലുള്ളത്.

വിമൻ ഓൺ വീൽസ് എന്ന ക്യാംപെയ്നും വനിതകളെ സ്കൂട്ടറോടിക്കാൻ പരീശീലിപ്പിക്കുന്ന കേന്ദ്രവും 2007ൽ ടിവിഎസ് അവതരിപ്പിച്ചു. തിരഞ്ഞെടുക്കാൻ 99 നിറങ്ങൾ അവതരിപ്പിച്ച മാസ് കസ്റ്റമൈസേഷൻ പരിപാടി മറ്റൊരു പുതുമയായി. ഒട്ടേറെ സിനിമകളിൽ നായികമാരുടെ വാഹനമായ സ്കൂട്ടിയുടെ പരസ്യങ്ങളും എക്കാലവും ശ്രദ്ധേയമായിരുന്നു.2002ൽ എത്തിയ 75 സിസി പെപ് മോഡലിന്റെ പിൻഗാമിയായി 2005ലാണ് നിലവിലെ പെപ് പ്ലസിന്റെ ആദ്യപതിപ്പ് എത്തിയത്. വിൽപന ഇതുവരെ 45 ലക്ഷം കടന്നു. ഇതിൽ മിക്കവരുടെയും ആദ്യവാഹനമായിരിക്കും സ്കൂട്ടി എന്നതിൽ സംശയം വേണ്ട. ശരാശരി ഉയരവും ആരോഗ്യവുമുള്ളവർക്കും അനായാസം കൈകാര്യം ചെയ്യാമെന്നതാണ് സ്കൂട്ടി പെപ്പിന്റെ എക്കാലത്തെയും പ്ലസ്. 

87.8 സിസി ‘ഇക്കോത്രസ്റ്റ്’ എൻജിനാണിതിന്. ഭാരം വെറും 95 കിലോഗ്രാം. കാലെത്തുന്നില്ല എന്ന് ആരും പരാതി പറയാത്തത്ര സൗകര്യപ്രദമായ ഉയരം. 5 എച്ച്പി കരുത്തുണ്ട്. മികച്ച പിക്കപ്പുണ്ട്. തിരഞ്ഞെടുക്കാൻ ഇക്കോണമി മോഡും പവർ മോഡും ഉണ്ട്. ടെലിസ്കോപ്പിക് സസ്പെൻഷന്റെ സുഖവുമുണ്ട്. ഏതു തിരക്കിലും പുഷ്പം പോലെ ഓടിക്കാവുന്ന സ്കൂട്ടി പെപ് പ്ലസിന് എൽഇഡി ഡേ ടൈം ലാപ്, മൊബൈൽ ചാർജിങ് പോയിന്റ്, ഈസി സെന്റർ സ്റ്റാൻഡ്, രണ്ടു ബ്രേക്കും ഒന്നിച്ചുപ്രവർത്തിക്കുന്ന സംവിധാനം തുടങ്ങിയവയൊക്കെയുണ്ട്. ലീറ്ററിന് ശരാശരി 50–55 കിലോമീറ്റർ മൈലേജ് കിട്ടും. 

25 വർഷം തികഞ്ഞതിന്റെ ആഘോഷ സൂചകമായി ചുവപ്പിലും സ്വർണനിറത്തിലും സ്കൂട്ടി പെപ് പ്ലസ് എത്തിച്ചിട്ടുണ്ട്. ഷോറൂം വില 42,772 രൂപ.ടൂ വീലർ ലോകത്തേക്കുള്ള താക്കോൽ തിരിക്കാൻ ഏറ്റവും മികച്ചത് മിക്കവർക്കും സ്കൂട്ടിതന്നെ; ഇരുപത്തഞ്ചിലും ടീനേജ് നിലനിർത്തുന്ന ക്യൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com