ADVERTISEMENT

പ്രായം കൂടിയാലും ചുറുചുറുക്കിനു കുറവൊട്ടുമില്ല. കേരളത്തിനപ്പുറം പഞ്ചാബും ഹരിയാനയും കശ്മീരും ലഡാക്കുമൊക്കെ താണ്ടി ആ അപ്പൂപ്പൻ കൂളായി തന്നെ തിരികെയെത്തി. 89 മോ‍ഡൽ കറുത്ത അംബാസിഡർ കാറായിരുന്നു 12,000 കിലോമീറ്റർ ഓടിയെത്തിയ ആ അപ്പൂപ്പൻ. ഒപ്പം കൂട്ടായി മൂന്നു യുവാക്കളും. വെറും കയ്യോടെയായിരുന്നില്ല ആ അപ്പൂപ്പനും കൊച്ചുമക്കളുമെത്തിയത്. പ്രളയത്തിൽ നിന്നു കര കയറാൻ ശ്രമിക്കുന്ന കേരളത്തിന് ആ കാർ നിറയെ സഹായങ്ങളുമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ടു ലക്ഷത്തോളം രൂപ സംഭാവന ചെയ്ത ക്യാംപെയ്ൻ കൂടിയായിരുന്നു ഈ യാത്ര. സെപ്റ്റംബർ ആറിനു പുറപ്പെട്ട യാത്ര തിരികെയെത്തിയത് ഒക്ടോബർ രണ്ടിന്.

മൂന്നു പേരുടെ സ്വപ്നം

ambi-travel-1
നിയാസ് ഖാൻ, മുഹമ്മദ് ഷാഫി, ഇജാസ് അബ്ദുൽ നിസാർ എന്നിവർ വാഗാ ബോർഡറിൽ

ഏതൊരു യുവാക്കളെയുംപോലെ ഞങ്ങളും സ്വപ്നം കണ്ടിരുന്നു, ഒരു കശ്മീർ യാത്ര. കൊല്ലം സ്വദേശിയും എ‍ൻജിനീയറുമായ നിയാസ് ഖാൻ പറയുകയാണ്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ഇജാസ് അബ്ദുൽ നിസാർ, ജെ. മുഹമ്മദ് ഷാഫി എന്നീ സുഹൃത്തുക്കളായിരുന്നു ഈ സ്വപ്നത്തിനു നിയാസിന്റെ കൂട്ടുകാർ. മൂന്നു വർഷം മുൻപേ ഇതിനായി പദ്ധതികൾ തയാറാക്കി. പണം സ്വരുക്കൂട്ടി തുടങ്ങി. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്നു പറയുന്നതു പോലെ അവരുടെ യാത്രയ്ക്കുള്ള സമയം അപ്പോഴും ആയിട്ടില്ലായിരുന്നു. പോകാനുള്ള സമയമായപ്പോൾ  കേരളത്തോടു പ്രകൃതി പിണങ്ങി നിൽക്കുക ആയിരുന്നു. മലയാളികളെ തീരാദുഃഖത്തിലാക്കി കേരളത്തിൽ പ്രളയം. വീണ്ടും യാത്ര മാറ്റേണ്ടി വന്നു. പ്രളയം കഴിഞ്ഞു രണ്ടാഴ്ചകൾക്കു ശേഷം വീണ്ടും യാത്ര പ്ലാൻ ചെയ്തു തുടങ്ങി. നാടിനെ പ്രളയം തളർത്തിയപ്പോൾ ആ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ എന്തെങ്കിലും ചെയ്യേണ്ടതു ഞങ്ങളുടെ കടമയാണെന്നു തോന്നി. ചെറിയ മാറ്റങ്ങളോടെയാണു വീണ്ടും യാത്രയ്ക്കൊരുങ്ങിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം സമാഹരിക്കാനുള്ള ക്യാംപെയ്ൻ ആയാലോ എന്നായി പിന്നീടു ചിന്ത.’യാത്രയ്ക്കായി തയാറെടുത്ത വണ്ടി തന്നെ മാറ്റിപ്പിടിച്ചാലോ എന്നവർ ചിന്തിക്കാൻ കാരണവും ഈ ക്യാംപെയ്ൻ തന്നെയാണ്. എക്സ്‌യുവി 500 എന്ന വാഹനമല്ലെങ്കിൽ പിന്നെന്ത്? ‘പിന്നെന്തിനാ ചക്കരേ, ചേട്ടൻ ഇവിടെ കിടക്കുന്നത്?’ എന്ന ഡയലോഗ് പോലെയായിരുന്നു ആ അംബാസഡർ കാറിന്റെ രംഗപ്രവേശം. യാത്രാസംഘത്തിലുണ്ടായിരുന്ന മുഹമ്മദ് ഷാഫിയുടെ മുത്തച്ഛന്റെ കാറായിരുന്നു അത്. വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ ഷാഫിയും. മുൻപ് ഗോവ, മുംബൈ, ബെംഗളൂരു തുടങ്ങിയ ദീർഘദൂരയാത്രകൾ ഈ അംബാസഡറിൽ പ്രശ്നങ്ങളേതുമില്ലാതെ നടത്തിയിരുന്നതിനാൽ വണ്ടി ചതിക്കില്ലെന്ന പ്രതീക്ഷയായിരുന്നു മൂവർക്കും. 

എന്നാപ്പിന്നെ ഞങ്ങളങ്ങോട്ട്...ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനാണു യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നായിരുന്നു ഫ്ലാഗ് ഓഫ്. ഇതൊരു അടിച്ചുപൊളി യാത്രയായിരുന്നില്ല. പ്രളയത്തിൽ നിന്നു കര കയറാൻ ശ്രമിക്കുന്ന നാടിനു വേണ്ടി തങ്ങളാലാകുന്നതു ചെയ്യുക. അതിനായി അംബാസഡർ കാറിനു ചുറ്റും യാത്രാ ഉദ്ദേശ്യം എഴുതിഒട്ടിച്ചു. പോയ വഴികളിലുടനീളം വിതരണം ചെയ്യുന്നതിനായി 10,000 നോട്ടിസുകൾ അച്ചടിച്ചു. ദൂരം കൂടുന്തോറും നമ്മുടെ നാടിനോടു മറ്റുള്ളവർക്കുള്ള സ്നേഹത്തിന്റെ തോതു മനസ്സിലാക്കുകയായിരുന്നുവെന്നാണു മൂവർ സംഘം പറയുന്നത്. മെഡിക്കൽ കോളജുകൾ, എൻജിനീയറിങ് കോളജുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയവർ എത്തി. പ്രളയത്തിൽ നിന്നു കര കയറാൻ ശ്രമിക്കുന്ന നാടിന്റെ കഥ പോയവഴിയെല്ലാം അവർ പറഞ്ഞു. വിദേശികളുൾപ്പെടെയുള്ളവരിൽ നിന്നു പണം സ്വരുക്കൂട്ടി. സാധിക്കുന്നവരെക്കൊണ്ടെല്ലാം അവിടെ വച്ചു തന്നെ ഓൺലൈനായി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.യാത്രയിലെ ചെലവുകൾ പരമാവധി കുറച്ചു. യാത്രയെന്ന സ്വപ്നം മനസ്സിൽ മൊട്ടിട്ട സമയം മുതൽ ഇതിനായി അവർ പണം സ്വരുക്കൂട്ടിയിരുന്നു. ഈ പണമാണു യാത്രയുടെ ചെലവുകൾക്കായി ഉപയോഗിച്ചത്. ഹോട്ടലുകളിൽ റൂമെടുത്തു താമസിക്കുന്നത് ആഡംബരം ആയാലോ എന്നു കരുതി അതു വേണ്ടെന്നു വച്ചു. കാറിലായിരുന്നു ഉറക്കമെല്ലാം. അഞ്ചു ദിവസം മാത്രമാണു റൂമെടുത്തു താമസിച്ചത്. യാത്ര ആരംഭിച്ചപ്പോൾ ലക്ഷ്യസ്ഥാനം ജമ്മു കശ്മീരായിരുന്നു. എന്നാൽ അപ്പൂപ്പൻ വണ്ടിയിൽ അവർ ലേ – ലഡാക്ക് വരെ യാത്ര നടത്തി. ഇടയ്ക്കു മണ്ണിടിച്ചിലെത്തി ഇവരെ പേടിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. മൂവർ സംഘം യാത്ര തുടരുക തന്നെ ചെയ്തു. കറുത്ത അംബാസഡർ കാറിലായിരുന്നു യാത്ര എന്നതിനാൽ ഇടയ്ക്കു പട്ടാള സംഘമെത്തി പരിശോധിക്കുകയും ചെയ്തു. എന്നാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ കാര്യം അറിഞ്ഞപ്പോൾ അവരും യാത്രയ്ക്കു പച്ചക്കൊടി കാട്ടി. വണ്ടിയുടെ പ്രത്യേകതയും കൂടുതൽപ്പേർ തങ്ങളുടെ യാത്രയെ ശ്രദ്ധിക്കാൻ കാരണമായെന്നും ഇവർ പറയുന്നു.  

ഇനി ചില രഹസ്യങ്ങൾ

കേട്ടവർക്കെല്ലാം അദ്ഭുതമായിരുന്നു അംബാസഡർ കാറിലെ ഈ ദൂരയാത്ര. എന്നാൽ ആരും വിചാരിക്കുന്ന പോലുള്ള പ്രശ്നങ്ങളൊന്നും തങ്ങളുടെ വണ്ടിയുണ്ടാക്കിയിട്ടില്ലെന്നാണു നിയാസ് പറയുന്നത്. ചില കാര്യങ്ങളിൽ അൽപം ശ്രദ്ധ, അത്രമാത്രം മതിയായിരുന്നു ഈ യാത്രയുടെയും വണ്ടിയുടെയും സുരക്ഷയ്ക്ക്. 1800 സിസി അംബി, ഡിഎൻസി എൻജിൻ, 4 ഗിയർ വിത്തൗട്ട് എസി. പഴയ മോഡൽ വാഹനമായിരുന്നതിനാൽ പലവിധത്തിലുള്ള പ്രതിബന്ധങ്ങളെയായിരുന്നു ഇവർക്കു മറികടക്കാനുണ്ടായിരുന്നത്. മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ഭാരമൽപം കൂടുതലായിരുന്നു ഇവരുടെ 89 മോഡൽ അംബാസഡർ കാറിന്. ഭാരം കുറയ്ക്കുകയായിരുന്നു ഇവരുടെ ആദ്യത്തെ ലക്ഷ്യം. ആവശ്യമില്ലാത്ത ഭാരങ്ങളൊക്കെ ഒഴിവാക്കി. എൻജിനു നേരിട്ടു കാറ്റു കിട്ടാനായി ഗ്രിൽ ഊരിമാറ്റി. ബോണറ്റ് കുറച്ചു തുറന്നു വച്ചു. വാഹനമോടിക്കുന്നത് 65 – 70 കിലോമീറ്റർ വേഗത്തിലും. വണ്ടിക്കു പരമാവധി വിശ്രമവും നൽകി. ഹീറ്റിങ് ഒഴിവാക്കാൻ ഇതേറെ സഹായിച്ചു. ഇതൊക്കെയായപ്പോൾ ഏതു മലയും കയറാൻ ഞാൻ റെഡിയാണെന്നായി അപ്പൂപ്പൻ കാർ. ഓയിൽ ചെയ്ഞ്ചിങ്ങും ടയർ ചെയ്ഞ്ചിങ്ങുമല്ലാതെ മറ്റൊന്നും യാത്രയ്ക്കിടയിൽ വാഹനത്തിൽ ചെയ്യേണ്ടതായി വന്നില്ല. മൂന്നു സുഹൃത്തുക്കളും അവരുടെ ആ അംബാസഡർ കാറും അടുത്ത യാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണുകയാണ്. എവിടേക്കാണു യാത്ര എന്നു ചോദിച്ചാൽ മറുപടിയിങ്ങനെ:. ‘അതു സർപ്രൈസ്..!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com