ADVERTISEMENT

വാഹനം സർവീസ് ചെയ്യാൻ കൊടുക്കുമ്പോൾ നൂറായിരം പ്രശ്നങ്ങൾ പറയാറില്ലേ...? ആരോടെങ്കിലും ചോദിക്കുമ്പോൾ അറിയാം, സമാന തകരാറുകൾ മറ്റു മോഡലുകൾക്കും ഉണ്ടെന്ന്. പ്രധാനമായും കാറുകളിൽ കണ്ടുവരുന്ന സർവീസ് സംബന്ധമായ പത്തു പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും. 

1.ഇലക്ട്രിക് പവർ സ്റ്റിയറിങ് 

സ്റ്റിയറിങ് പ്രവർത്തിക്കുന്നില്ല എന്നു പറഞ്ഞു ധാരാളം പരാതികൾ സർവീസ് സെന്ററിൽ എത്താറുണ്ട്. ഇപ്പോൾ എല്ലാ വാഹനങ്ങളിലും ഇലക്ട്രോണിക് പവർ സ്റ്റിയറിങ് ആണ്. ഒരു മോട്ടോറും മൊഡ്യൂളുമാണ് സ്റ്റിയറിങ്ങിനെ നിയന്ത്രിക്കുന്നത്. ഇതിൽ ഫ്ലൂയിഡ് ഇല്ലാത്തതിനാൽ സ്റ്റിയറിങ് ഒരിക്കലും ടൈറ്റ് ആകില്ല. പവർ സ്റ്റിയറിങ് വർക്ക് ചെയ്യാതിരിക്കുക, സ്റ്റിയറിങ് തിരിക്കുമ്പോൾ ബെയറിങ്ങിൽ ശബ്ദവും ഉണ്ടാകുക എന്നിവയാണ് സാധാരണമായി കാണുന്ന തകരാറുകൾ.

മൊഡ്യൂൾ തകരാറിലാകുകയോ മോട്ടോർ കംപ്ലെയിന്റ് ആകുകയോ ചെയ്യുമ്പോഴാണ് സ്റ്റിയറിങ് പ്രവർത്തിക്കാതിരിക്കുന്നത്. ഓട്ടം കുറഞ്ഞ വാഹനങ്ങളിലാണ് ഈ തകരാർ കൂടുതൽ. സ്റ്റിയറിങ്ങിനു പ്രശ്നമുണ്ടെങ്കിൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ ഇപിഎസ് ലൈറ്റ് തെളിയും. വാഹനം നിർത്തി തിരിക്കുമ്പോൾ ബെയറിങ്ങിൽനിന്നു ശബ്ദം ഉണ്ടാകാം. മോട്ടോർ തകരാറിലാകുന്നതിന്റെ സൂചനയാണിത്. തുടർന്നും ഓടിക്കുക യാണെങ്കിൽ പവർ സ്റ്റിയറിങ് കട്ട് ആകും. ശബ്ദം കേൾക്കുമ്പോൾത്തന്നെ സർവീസ് സെന്ററിൽ പരിശോധിപ്പിച്ചു മോട്ടോർ മാറ്റിവയ്ക്കുക. ഏകദേശം 6000 രൂപ ചെലവു വരും. 

2. മൈലേജ് 

മറ്റൊരു പ്രശ്നം മൈലേജാണ്. ഇപ്പോഴുള്ള വണ്ടികളിൽ തൊണ്ണൂറു ശതമാനം വാഹനങ്ങളിലും മൈലേജ് ട്യൂൺ ചെയ്യാൻ സാധിക്കാത്തവയാണ്. ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് മൈലേജ് കൂട്ടാനും കുറയ്ക്കാനും പറ്റില്ല. മറിച്ച് വാഹനം ഉപയോഗിക്കുന്ന രീതി അനുസരിച്ച് അതു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. പഴയ വാഹനങ്ങളിൽ മൈലേജ് ട്യൂൺ ചെയ്യാൻ പറ്റുമായിരുന്നു. 

മൈലേജ് വർധിക്കാൻ 

∙ സിറ്റി ഉപയോഗം കുറയ്ക്കുക. 

∙ ടോപ് ഗിയറിൽ കൂടുതൽ നേരം വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക.

∙ വാഹനത്തിന്റെ ടയർ പ്രഷർ കൃത്യമാക്കുക.

 ∙ പെട്ടെന്നുള്ള ആക്സിലറേഷനും ബ്രേക്കിങ്ങും ഒഴിവാക്കുക. 

∙ ഓവർലോഡ് ഒഴിവാക്കുക.

 ∙ കൃത്യസമയത്ത് സർവീസ് ചെയ്യുക. 

മൈലേജ് കണക്കാക്കാം 

ഇന്ധനം ഫുൾടാങ്ക് നിറയ്ക്കുക ട്രിപ് മീറ്റർ പൂജ്യം ആയി സെറ്റ് ചെയ്യുക. എന്നിട്ടു കുറഞ്ഞത് 100 കിലോമീറ്റർ ദൂരം ഓടിക്കുക. വീണ്ടും ടാങ്ക് നിറയ്ക്കുക. എത്ര ലീറ്ററാണോ നിറയ്ക്കാൻ ആവശ്യമായി വന്നത് അത് x ആയി കണക്കാക്കുക. ട്രിപ് മീറ്റർ റീഡിങ് y ആയി എടുക്കുക. മൈലേജ് = y/x (Mpi) 

3. കറുത്ത പുക (ബ്ലാക്ക് സ്മോക്ക്) 

ഡീസൽ വാഹനങ്ങളിൽ കറുത്ത പുക (ബ്ലാക്ക് സ്മോക്ക്) ഉണ്ടാകുന്നതാണ് സാധാരണമായി കണ്ടുവരുന്ന മറ്റൊരു തകരാർ. എയർ ഫിൽറ്റർ ബ്ലോക്ക് ആകുകയോ മോശമാകുകയോ ചെയ്യുമ്പോഴാണ് കറുത്ത പുക ഉണ്ടാകുന്നത്. കൃത്യമായി സർവീസ് ചെയ്യാത്ത വാഹനങ്ങളിലാണ് കറുത്ത പുക കൂടുതലായും കാണുന്നത്. ഓരോ സർവീസിലും എയർ ഫിൽറ്റർ ക്ലീൻ ചെയ്യുക. കാലാവധി കഴിഞ്ഞ എയർഫിൽറ്റർ മാറ്റുക. ഗുണമേന്മ കുറഞ്ഞ എയർ ഫിൽറ്ററുകൾക്കു പകരം മികച്ചവ തിരഞ്ഞെടുക്കുക. ഹാച്ച്ബാക്കുകളുടെ എയർഫിൽറ്ററിന് 500 രൂപയിൽ താഴെയേ ചെലവു വരൂ. മോഡൽ അനുസരിച്ചു വിലയിൽ വ്യത്യാസം വരും. 

4. വെളുത്ത പുക (വൈറ്റ് സ്മോക്ക്) 

ഓയിൽ കത്തുമ്പോഴാണ് വെളുത്ത പുക (വൈറ്റ് സ്മോക്ക്) ഉണ്ടാകുന്നത്. സാധാരണയായി പിസ്റ്റൺ റിങ്സ്, സിലിണ്ടർ ബോർ തുടങ്ങിയവയിൽ തേയ്മാനം സംഭവിക്കുമ്പോഴാണ് ഓയിൽ കത്തുന്നത്. അല്ലെങ്കിൽ കൂളന്റ് കുറവായി എൻജിൻ അമിതമായി ചൂടാകുകയോ, ഓയിൽ ലീക്ക് ആകുകയോ ചെയ്യുമ്പോഴും ഓയിൽ കത്താം. എൻജിൻ അഴിച്ചു തകരാർ ഉള്ള ഭാഗം മാറ്റേണ്ടി വരും. ഓട്ടം കൂടുതലുള്ള വാഹനങ്ങളിലാണ് വൈറ്റ് സ്മോക്ക് കണ്ടുവരുന്നത്. തകരാർ പരിഹരിക്കുന്നതിന് എസ്‌യുവിയാണെങ്കിൽ ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്തു ചെലവു വരും. 

5. എബിഎസ് 

എബിഎസിനു തകരാറുണ്ടെങ്കിൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ എബിഎസ് ലൈറ്റ് കത്തിക്കിടക്കും. കാരണം, എബിഎസ് ഉള്ള വാഹനങ്ങളിൽ നാലു വീലുകളിലും നാല് സെൻസറുകൾ ഉണ്ട്. ഏതെങ്കിലും സെൻസർ പ്രവർത്തിക്കുന്നില്ലെങ്കിൽ ക്ലസ്റ്ററിലെ ലൈറ്റ് തെളിയും. എബിഎസ് ജി സ്കാൻ എന്ന ഉപകരണമുപയോഗിച്ച് സ്കാൻ ചെയ്താൽ മാത്രമേ തകരാർ കണ്ടുപിടിക്കാൻ കഴിയൂ. സാധാരണ രണ്ട് എബിഎസ് സെൻസറുകൾ ഒരുമിച്ചു പ്രവർത്തനരഹിതമായാൽ ബ്രേക്ക് ലൈറ്റും ഹാൻഡ് ബ്രേക്ക് ലൈറ്റും കൂടി ഓൺ ആകും. സെൻസറുകൾക്ക് എപ്പോൾ വേണമെങ്കിലും തകരാർ സംഭവിക്കാം. സർവീസ് കൃത്യമായി ചെയ്യുന്ന വാഹനങ്ങൾക്കു വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എബിഎസ് സെൻസറുകൾക്ക് 2,000 – 2,500 രൂപ വില വരും. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ജി സ്കാനിൽ സ്കാൻ ചെയ്ത് ചെക്ക് ചെയ്യാറുണ്ട്. 

6. ബ്രേക്ക്

 ഓരോ സർവീസിലും നാലു വീലുകളുടെയും ബ്രേക്കിങ് പരിശോധിക്കണം. തേയ്മാനം ഉണ്ടെങ്കിൽ ബ്രേക്ക് പാഡ് മാറണം. ബ്രേക്ക് പാഡ് മാറുമ്പോൾ ഡിസ്ക് അല്ലെങ്കിൽ റോട്ടർ, പോളിഷ് (സ്കിൻ) ചെയ്തിടണം. ബ്രേക്ക് ചവിട്ടുമ്പോഴുള്ള വൈബ്രേഷൻ കുറയ്ക്കാനും ബ്രേക്കിങ് എഫിഷൻസി കൂട്ടാനും റോട്ടർ സ്കിൻ ചെയ്യുന്നതു നല്ലതാണ്. ഉപയോഗിക്കുന്നതിന് അനുസരിച്ചാണ് ബ്രേക്ക് പാഡിനു തേയ്മാനം സംഭവിക്കുക. മാന്വൽ മോഡലുകളെ അപേക്ഷിച്ച് ഓട്ടമാറ്റിക് മോഡലുകളുടെ ബ്രേക്ക് പാഡുകൾക്കു പെട്ടെന്നു തേയ്മാനം സംഭവിക്കും. ബ്രേക്ക് പാഡ് മാറ്റിവയ്ക്കുന്നതിന് 2000–2500 രൂപ വരെ ചെറുകാറുകൾക്കും വലിയ വാഹനങ്ങൾക്ക് 4000–5000 രൂപ വരെയും ചാർജ് ആകാം. 

7. പാനിക് ബ്രേക്കിങ്

522120668

 ഉയർന്ന വേഗത്തിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ ബ്രേക്കിനു തകരാർ ഉണ്ടാകും. ബ്രേക്ക് പാഡ് ചൂടാകുകയും, ഊഷ്മാവ് വർധിച്ച് മെറ്റലിന്റെ സ്വഭാവത്തിനു മാറ്റം ഉണ്ടാകുകയും ചെയ്യും. തന്മൂലം ബ്രേക്ക് ഡിസ്ക് വളയുകയും അതിനു തേയ്മാനം സംഭവിക്കുകയും ചെയ്യും. റോട്ടർ തന്നെ മാറേണ്ടിവരാം. ഒപ്പം ബ്രേക്ക് പാഡും മാറ്റണം. വാഹനം കുറഞ്ഞ വേഗത്തിൽ ആയിരിക്കുമ്പോൾ ബ്രേക്കിൽ കാൽ വയ്ക്കുമ്പോൾ ചെറിയ വെട്ടലോ വിറയലോ തോന്നുന്നുണ്ടെങ്കിൽ ബ്രേക്ക് പാഡിനു തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. ചെറിയ തേയ്മാനമാണെങ്കിൽ സ്കിൻ ചെയ്താൽ മതിയാകും. രണ്ട് റോട്ടർ – 10,000 രൂപ, ബ്രേക്ക് പാഡ് – 5000 രൂപ. സ്കിൻ ചെ യ്യാൻ 300–500 വരെ ചെലവു പ്രതീക്ഷിക്കാം. 

8. ക്ലച്ച്

 ഉപയോഗിക്കുന്നതിന് അനുസരിച്ചാണ് ക്ലച്ചിനു തേയ്മാനം സംഭവിക്കുന്നത്. ഓരോരുത്തരുടെയും ഡ്രൈവിങ് ശീലം ഇതിനെ സ്വാധീനിക്കുന്നു. ക്ലച്ചിൽ കാലുവച്ച് ഡ്രൈവ് ചെയ്യുന്നവരുടെ കാറുകളിൽ തേയ്മാനം വളരെ കൂടുതൽ ആയിരിക്കും. നഗരയോട്ടം കൂടുതലുള്ള കാറുകളിൽ ക്ലച്ച് തേയ്മാനം കൂടുതലായിരിക്കും. ഹാഫ് ക്ലച്ച് കൂടുതലായി ഉപയോഗിക്കുമ്പോഴും തേയ്മാനം വരും. ക്ലച്ചും പ്രഷർ പ്ലേറ്റും തമ്മിലുള്ള ഘർഷണം മൂലം ക്ലച്ച് കരിഞ്ഞുപോകാറും ഉണ്ട്. ഗിയർ ചെയി ഞ്ച് ചെയ്തുകഴിഞ്ഞാൽ ക്ലച്ചിൽനിന്നു കാലെടുത്തു മാറ്റുക. ക്ലച്ച് കട്ടിയാകുമ്പോൾ സ്മൂത്ത്നെസ് കുറയും. ക്ലച്ച് ബേൺ ആകും. എപ്പോഴും ക്ലച്ച് താങ്ങി ഓടിക്കുമ്പോൾ ഫുൾ അസംബ്ലിയും മാറേണ്ടിവരും. 

car-ac
Car AC

ആക്സിലറേഷൻ നൽകിയാലും വാഹനം കയറാതിരിക്കുക, വാഹനം റെയിസ് ആയാലും മുന്നോട്ടു നീങ്ങാതിരിക്കുക, റൈഡിങ് കംഫർട്ട് ഇല്ലാത്തതായി തോന്നുക, മൈലേജ് കുറവ്, ഗിയർ ചെയി ഞ്ച് ചെയ്യാൻ ബുദ്ധിമുട്ട് എന്നിവയെല്ലാം ക്ലച്ചിനു പ്രശ്നമായാൽ പ്രതീക്ഷിക്കാം. ഏകദേശം 60,000 – 80,000 കിലോ മീറ്റർ ഓടിയ കാറുകൾക്ക് ക്ലച്ചിനു തേ യ്മാനം ഉണ്ടാകാം. മറ്റുള്ളവയെ അപേ ക്ഷിച്ചു ഹൈഡ്രോളിക് ക്ലച്ചിനു തേയ്മാ നം കൂടുതലായിരിക്കും. ക്ലച്ച് പാർട്സുകൾക്ക് പെട്രോൾ മോഡലിന് 5000–7000 രൂപ വരെയും ഡീസൽ മോഡലുകൾക്ക് 13,000 രൂപവരെയും ചാർജ് വരും. 

9. എസി 

എസി കൂളിങ് കുറവാണെന്നുള്ള കംപ്ലെയിന്റാണ് മറ്റൊരു പ്രധാന പ്രശ്നം. ആദ്യം ചെക്ക് ചെയ്യുന്നത് ഗ്യാസ് ആണ്. ഗ്യാസ് കുറയുന്നുണ്ടെങ്കിൽ എവിടെയെങ്കിലും ലീക്ക് ഉണ്ടെന്ന് അനുമാനിക്കാം. ലീക്ക് ടെസ്റ്റ് നടത്തി എവിടെയാണു ലീക്ക് എന്നു കണ്ടുപിടിക്കാം. മൂന്നു കാരണങ്ങൾകൊണ്ട് എസി ഗ്യാസ് ലീക്ക് വരാം. കൂളിങ് കോയിലിൽ ലീക്ക് വരാം. അല്ലെങ്കിൽ കംപ്രസറിൽ ലീക്ക് വരാം. കംപ്രസറിലേക്കു വരുന്ന എക്സ്പാൻഷൻ വാൽവുകളിലോ പൈപ്പുകളിലോ ലീക്ക് ഉണ്ടാകാം. ഏറ്റവും കൂടുതൽ തകരാർ കണ്ടുവരുന്നത് കൂളിങ് കോയിലിലാണ്. നഗര ഉപയോഗത്തിലുള്ള കാറുകളിലാണ് ഇത് ഏറ്റവും കൂടുതൽ കാണുന്നത്. പൊടിയും മറ്റും എസി ഫിൽറ്ററിൽ അടിയുമെങ്കിലും ശേഷിക്കുന്നവ കൂളിങ് കോയിലിൽ അടിഞ്ഞുകൂടി അവിടെ ബ്ലോക്ക് ആയി കോയിലിൽ ലീക്ക് വരും. എസി ഫിൽറ്റർ മാറ്റിയിടുക, കംപ്രസർ ഓവറോൾ ചെയ്യുക, കോയിൽ ക്ലീൻ ചെയ്യുക എന്നിവയിലൂടെ തകരാർ പരിഹരിക്കാം. 

10. ടയർ

 ഡ്രൈവിങ്ങിലെ പിഴവുകൊണ്ട് ഏറ്റവും കൂടുതൽ തകരാർ വരുന്ന ഒന്നാണ് ടയർ. അശ്രദ്ധമായ ഡ്രൈവിങ്ങാണു തേയ്മാനം കൂടാൻ കാരണം. വളവുകളിൽ വീശിയെടുക്കുമ്പോൾ ടയറിൽ കൂടുതൽ ഘർഷണം ഉണ്ടാകുകയും ഉരയുകയും ചെയ്യും. അതാ യത്, വളവുകളിൽ 80 കിലോമീറ്റർ സ്പീ ഡിൽ തിരിക്കുന്നതിനു പകരം വേഗം കുറച്ച് 60 കിലോമീറ്റർ സ്പീഡിൽ ഓടിക്കുകയാണെങ്കിൽ തേയ്മാനം കുറവായിരിക്കും. അതുപോലെ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ ടയർ പ്രഷർ കൂടി തേയ്മാനം സംഭവിക്കാം. ഉയർന്ന വേഗത്തിൽ വളവു തിരിയുമ്പോൾ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും തേയ്മാനം ഉള്ളതായി കണക്കാക്കാം. 

ഓരോ സർവീസിലും വീൽ അലൈൻമെന്റ് ചെയ്യുക. 5000 കിലോമീറ്റർ കഴിയു മ്പോൾ സ്റ്റെപ്പിനി ടയർ ഉൾപ്പെടെ റൊട്ടേറ്റ് ചെയ്തിടുക. റോഡ് കണ്ടീഷൻ അനുസരിച്ച് ടയർ ലൈഫ് വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ നാട്ടിൽ 2,500 രൂപ മുതൽ വില ആരംഭിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com