യുദ്ധത്തിന്റെ വക്കിലെത്തിച്ച ഡ്രോൺ, അന്ന് ഇറാൻ വെടിവെച്ചിട്ടത് 1530 കോടിയുടെ നിരീക്ഷണ വിമാനം

HIGHLIGHTS
  • 575 കിലോമീറ്റര്‍ വേഗമുള്ള ഈ ഡ്രോണിന്റെ റേഞ്ച് 22779 കി.മീ
  • ഏകദേശം 65000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയും ഗ്ലോബല്‍ ഹോക്കിന്
northrop-grumman-rq4-global-hawk-1
Northrop Grumman RQ-4 Global Hawk
SHARE

മധ്യേഷ്യയിലെ അമേരിക്കയുടെ പ്രധാന എതിരാളിയായ ഇറാന്‍ കുറച്ചു ദിവസം മുന്‍പാണ് ഒരു ആളില്ലാ നിരീക്ഷണ വിമാനം വെടിവച്ചിട്ടത്. തങ്ങളുടെ വ്യോമാതിര്‍ത്തി കടന്നതിനാലാണ് ഈ ഡ്രോൺ വെടിവച്ച് കടലില്‍ വീഴ്ത്തിയതെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. എന്നാല്‍ അതിർത്തി കടന്നിട്ടില്ലെന്ന് വാദിച്ച അമേരിക്ക ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശ്നം മൂർച്ഛിച്ചതോടെ, ഡ്രോണിന്‍റെ പേരില്‍ ഒരു യുദ്ധം തന്നെയുണ്ടായേക്കാം എന്ന ആശങ്ക മുളപൊട്ടി.

ഇപ്പോള്‍ സ്ഥിതിഗതികള്‍ കുറച്ചു ശാന്തമായെങ്കിലും പലരുടെയും മനസ്സില്‍ ചില ചോദ്യങ്ങള്‍ ബാക്കിയാണ്. ഒരു ആളില്ലാ വിമാനം വെടിവച്ചു വീഴ്ത്തിയത് അമേരിക്കയെ ഇത്ര മാത്രം പ്രകോപിപ്പിക്കാൻ കാരണമെന്ത് എന്നതാണ് ഒരു ചോദ്യം. ഉത്തരമുണ്ട്. ഇറാന്‍ വെടിവച്ചിട്ടത് വെറുമൊരു ആളില്ലാ വിമാനമല്ല, 22 കോടി ഡോളര്‍ (ഏകദേശം 1530 കോടി രൂപ) വില വരുന്ന, ലോകത്തെ ഏറ്റവും മികച്ച നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ഡ്രോണാണ്. 

അമേരിക്കയുടെ നിരീക്ഷണ പരുന്ത്

ആര്‍ക്യൂ- 4 ഗ്ലോബല്‍ ഹോക്ക് എന്ന ഡ്രോണാണ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വീഴ്ത്തിയത്. അമേരിക്കയുടെ ഹൈ ആള്‍ട്ടിട്യൂഡ്, ലോങ് എന്‍ഡ്യുറന്‍സ്, സര്‍വയിലന്‍സ്, ആന്‍ഡ് റീ കണ്‍സെയിന്‍സ് യുഎവി ആണ് RQ-4 ഗ്ലോബല്‍ ഹോക്. റോള്‍സ് റോയ്സ് ടര്‍ബോഫാന്‍ എൻജിന്‍ ഉപയോഗിച്ചിരിക്കുന്ന ഈ യുഎവിക്ക് 32 മണിക്കൂറിലധികം നിര്‍ത്താതെ പറക്കാം. ഏറ്റവുമധികം സമയം നിലത്തിറങ്ങാതെ പറന്ന റെക്കോര്‍ഡും RQ-4 ഗ്ലോബല്‍ ഹോക്കിനാണ് – 33.4 മണിക്കൂർ.

ഡ്രോണ്‍ എന്നാല്‍ നാലു വശത്തും കാലുകളും മുകളില്‍ ഹെലികോപ്റ്ററിന്റേതുപോലെ ചിറകുമുള്ള ചെറു വാഹനമാണ് മിക്കവര്‍ക്കും ഓര്‍മ വരിക. എന്നാല്‍ സൈനിക ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഡ്രോണുകൾ യഥാർഥ വിമാനത്തിന്‍റെ ആകൃതിയില്‍ രൂപകല്പന ചെയ്തതാണ്. RQ-4 ഗ്ലോബല്‍ ഹോക്കും ഇതില്‍നിന്നു വ്യത്യസ്തമല്ല.

ഏകദേശം 65000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഗ്ലോബല്‍ ഹോക്കിന് വലിയൊരു മേഖല വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും അപ്പോൾത്തന്നെ വിവരങ്ങള്‍ കൈമാറാനും കഴിയും. അതായത്, മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിക്കു സമീപം നിന്ന് അവരുടെ നീക്കങ്ങളും സൈനികരുടെ എണ്ണവും ആയുധശേഖരവും വരെ കണ്ടെത്താം. തനിയെ പറന്നുയരാനും സ്വയം നിയന്ത്രിക്കാനും ആകാശത്ത് ഒരിടത്തു നിന്ന് നിരീക്ഷിക്കാനും തിരികെ പറന്നിറങ്ങാനും RQ-4 ഗ്ലോബല്‍ ഹോക്കിന് ശേഷിയുണ്ട്. റിമോട്ട് കണ്‍ട്രോള്‍ മുഖേന നിയന്ത്രിക്കേണ്ടതില്ല. അതേസമയം, താഴെയിരുന്ന് അവയുടെ പ്രവർത്തനക്ഷമത മനസ്സിലാക്കുകയും അവ പകർത്തുന്ന ദൃശ്യങ്ങൾ മോണിട്ടറിൽ തൽസമയം കാണുകയും അവയുടെ ഗതി തിരിച്ചുവിടുകയും ചെയ്യാം.

RQ-4A ഗ്ലോബല്‍ ഹോക്കിന്റെ ഗതിയും സെന്‍സറുകളും റിമോട്ടായി നിയന്ത്രിക്കുന്നത് മൂന്നു പേരിരുന്നാണ്. ബോയിങ് 737നെക്കാൾ ചിറകുവിരിവുണ്ട് ഇതിന്. മണിക്കൂറില്‍ 575 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഈ കൂറ്റന്‍ ഡ്രോണിന്റെ റേഞ്ച് 22779 കിലോമീറ്ററാണ്. 47.6 അടി നീളവും 130.9 അടി ചിറക് വിരിവും 15.3 അടി ഉയരവുമുണ്ട്. 14628 കിലോഗ്രമാണ് ഭാരം. 

RQ-4 ഗ്ലോബല്‍ ഹോക്കിന്‍റെ തുടക്കം

1990 കളുടെ തുടക്കത്തിലാണ് ആളില്ലാ നിരീക്ഷണ വിമാനങ്ങളുടെ സാദ്ധ്യതകളെ കുറിച്ച് അമേരിക്കന്‍ സൈന്യം ഗൗരവമായി ചിന്തിക്കുന്നത്. വൈകാതെ അമേരിക്കന്‍ വ്യോമസേനയുടെ ഗവേഷണ വിഭാഗം ഈ വിമാനത്തിന്‍റെ പ്രാഥമിക രൂപം തയാറാക്കുകയും 1997 ല്‍ കലിഫോര്‍ണിയയില്‍ പരീക്ഷണപ്പറക്കല്‍ നടത്തുകയും ചെയ്തു. RQ-4 എ എന്നതായിരുന്നു ഈ വിമാനത്തിന്‍റെ പേര്. 2000 പൗണ്ട് വരെ ഭാരം വഹിക്കാന്‍ കഴിയുന്നവയായിരുന്നു ഈ ആളില്ലാ വിമാനം. ഇത്തരം ഏഴ് വിമാനങ്ങളാണ് ആദ്യമായി അമേരിക്ക നിര്‍മിച്ചത്. ഇവയില്‍ ഒടുവിലത്തേത് 2011 ല്‍ പറക്കല്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ ഈ വിമാനങ്ങളെല്ലാം അമേരിക്കന്‍ വ്യോമസേനാ ഇന്‍വെന്‍ററിയുടെ ഭാഗമാണ്.

RQ-4 എ വിജയമായെങ്കിലും ആളില്ലാ വിമാനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ ഗവേഷണം നടത്താന്‍ അമേരിക്ക ശ്രമിച്ചില്ല. പണം അനാവശ്യമായി ചെലവാക്കേണ്ടെന്ന തീരുമാനമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ 2001 ല്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ആക്രമണത്തോടെ ചിത്രം മാറി. ഇതിനു പിന്നാലെയാണ് പുതിയ ആളില്ലാ വിമാനം നിര്‍മിക്കാന്‍ തീരുമാനിച്ചത്. RQ-4 എയുടെ മാതൃകയില്‍ നിര്‍മിക്കുന്ന ഈ യുഎവി യുടെ നിര്‍മാണ ചുമതല നോര്‍ത്രോപ് ഗ്രൂമാന്‍ എന്ന സ്വകാര്യ പ്രതിരോധ കമ്പനി ഏറ്റെടുത്തു. 2006 ഓടെ RQ-4 ഗ്ലോബല്‍ ഹോക്കിന്‍റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA