ADVERTISEMENT

കഴിഞ്ഞ ദിവസം കെനിയൻ എയർലൈൻസിന്റെ വിമാനത്തിൽ നിന്ന് വീണ മൃതദേഹം വാർത്തകളിൽ‌ ഇടം പിടിച്ചിരുന്നു. വിമാനത്തിന്റെ ടയർ കംപാർട്ടുമെന്റിൽ അള്ളിപ്പിടിച്ചിരുന്ന് രാജ്യം വിടാൻ ശ്രമിച്ച യുവാവാണ് അതികഠിനമായ തണുപ്പിൽ മരണത്തിന് കീഴടങ്ങിയത്. കെനിയയിലെ നെയ്റോബി വിമാനത്താവളത്തിലെ ജീവനക്കാരനായിരിക്കുമത് എന്നാണ് കെനിയൻ എയർലൈൻസ് നൽകുന്ന വിവരങ്ങൾ. തണുത്ത് മരവിച്ച നിലയിലായിരുന്നു ശരീര ഭാഗങ്ങള്‍. 

വിമാനത്തിന്റെ ടയർ ചട്ടക്കൂടുകളില്‍ അള്ളിപ്പിടിച്ചുള്ള യാത്ര ആദ്യത്തെ സംഭവമൊന്നുമില്ല. സമാനമായ നിരവധി സംഭവങ്ങളാണ് ലോകത്തിന്റെ വിവിധ വിമാനത്താവളത്തിൽ അരങ്ങേറിയിട്ടുള്ളത്. ടയർ കംപാർട്ടുമെന്റിൽ അള്ളിപ്പിടിച്ചുള്ള യാത്ര പലപ്പോഴും മരണത്തിലേയ്ക്കാണെങ്കിലും രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്, അതിൽ ഒന്നാണ് പ്രദീപ് സൈനി. പ്രദീപും സഹോദരൻ വിജയ്‌യും ന്യൂഡൽഹിയില്‍ നിന്നുള്ള ബ്രിട്ടിഷ് എയർവേയ്സിന്റെ 747 വിമാനത്തിന്റെ ടയർ‍ചട്ടക്കൂടില്‍ ഒളിച്ചിരുന്നാണ് രാജ്യം വിടാൻ ശ്രമിച്ചത്. ഡൽഹിയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള പത്തുമണിക്കൂർ യാത്രയിൽ വിജയ് മരിച്ചു എങ്കിലും പ്രദീപ്  രക്ഷപ്പെട്ടു. ഇത്രയും സമയം മൈനസ് 45 ഡിഗ്രി തണുപ്പിൽ പ്രദീപ് രക്ഷപ്പെട്ടത് ഒരു അത്ഭുതമായാണ് കണക്കാക്കുന്നത്.

ആദ്യ സ്റ്റോഎവേ 1928 ൽ

പത്തൊമ്പത് വയസുകാരനായിരുന്ന ക്ലാരൻസ് ടെർഹുനാണ് ലോക വൈമാനിക ചരിത്രത്തിലെ ആദ്യ ഒളിച്ചുയാത്രക്കാരൻ. ന്യൂജേഴ്സിയിൽ നിന്ന് ജർമനിയിലേയ്ക്കായിരുന്നു ആ യാത്ര. എന്നാൽ  വീൽ കംപാർട്ടുമെന്റില്‍ അള്ളിപ്പിടിച്ചിരുന്നുള്ള യാത്ര ആയിരുന്നില്ല അത്. ഹാങ്ങറിൽ വെച്ച് വിമാനത്തിനുള്ളിൽ കടന്നു കൂടിയ ക്ലാരൻസ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് പിടിക്കപ്പെട്ടു. പിന്നീടുള്ള ദൂരം വിമാനത്തില്‍ ജോലി ചെയ്യേണ്ടി വന്ന യുവാവ് ജർമനിയിൽ ഇറങ്ങിയ ഉടൻ അറസ്റ്റിലായി. എന്നാൽ ക്ലാരൻസിന് ജർമനിയിൽ താര പരിവേഷമാണ് ലഭിച്ചത്. 

വിമാനത്തിന്‍റെ ചക്രങ്ങളില്‍ സഞ്ചരിക്കുന്നവര്‍.

പല ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പറന്നുയരുന്ന വിമാനങ്ങളുടെ ടയറുകളില്‍ ഒരു പുതുജീവിതം കൊതിച്ച് അള്ളിപ്പിടിച്ചിരിക്കുന്നവരാണ് തണുത്ത് മരവിച്ച് ശവങ്ങളായി ആകാശത്ത് നിന്ന് പല യൂറോപ്യന്‍ നഗരങ്ങളിലേക്കും പതിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇത്തരത്തില്‍ കെനിയന്‍ എയര്‍ലൈന്‍സിന്‍റെ ടയറില്‍ ഒളിച്ച യുവാവിന്‍റേതാണ് എന്നാണ് കരുതുന്നത്. 

ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിയിലും കലാപത്തിലും മനം മടുത്താണ് അഭയാര്‍ത്ഥികളായി അന്യനാടുകളിലേയ്ക്ക് പോകാന്‍ പലരും തയാറെടുക്കുന്നത്. എന്നാല്‍ നിയമവിധേയമായി ഇതിന് സാധിക്കാതെ വരുന്നവരാണ് ബോട്ടിനെയും കള്ള പാസ്പോര്‍ട്ടിനെയും വിസയേയും ആശ്രയിക്കുന്നത്. ഇതിനൊന്നും കഴിയാത്ത ഒരു കൂട്ടരാണ് ജീവന്‍ പണയം വച്ച് വിമാന ചക്രങ്ങളില്‍ ഒളിച്ച് യൂറോപ്പിലേക്കെത്താന്‍ ശ്രമിയ്ക്കുന്നത്.

ജീവനെടുക്കുന്ന തണുപ്പ്

ഇത്തരത്തില്‍ വിമാനത്തിന്‍റെ ടയറില്‍ കയറി എത്തുന്ന പലരെയും വിമാനത്താവളങ്ങളില്‍ വച്ച് തന്നെ പിടി കൂടാറുണ്ട്. എത്ര പേര്‍ ഈ സുരക്ഷാ കവചം കടന്ന് യൂറോപ്യന്‍ നഗരങ്ങളിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്നു എന്ന് വ്യക്തമല്ല. പക്ഷെ ഏകദേശം കണക്കുള്ളത് ഈ ശ്രമത്തിനിടെ മരിച്ചവരെ കുറിച്ചാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് ആളുകൾ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി വിമാന ടയറുകളില്‍ യൂറോപ്പിലേയ്ക്കെത്താനുള്ള ശ്രമത്തിനിടെ മരിച്ചിട്ടുണ്ടെന്നാണ് യൂനിസെഫ് കണക്ക്.

വിമാനം പറന്നുയരുന്നതോടെ അതികഠിനമായ തണുപ്പാണ് ടയറില്‍ ഒളിച്ചിരിയ്ക്കുന്നവരെ കാത്തിരിയ്ക്കുന്നത്. ഉയരം കൂടുന്തോറും തണുപ്പിന്റെ കാഠിന്യ കൂടുകയും ഓക്സിജന്റെ അഭാവവും ഉണ്ടാകുകയും ചെയ്യുന്നു. 10000 അടി മുകളിൽ പറക്കുമ്പോൾ ടയർ കംപാർട്ടുമെന്റിലെ തണുപ്പ് മൈനസ് അഞ്ച് ഡിഗ്രിയാണ്. 20000ൽ അത് മൈനസ് 25 ഉം 30000 ൽ അത് മൈനസ് 45ഉം 40000 അടി ഉയരത്തിൽ അത് മൈനസ് 65 ഡിഗ്രിവരെയും ആകും. അതായത് സിയാച്ചിനിലെ സൈനികര്‍ അനുഭവിക്കുന്നതിനേക്കാള്‍ തണുപ്പ്. കൃത്യമായ ജാക്കറ്റോ പുതപ്പോ പോലും ഇല്ലാതെയാകും ജീവന്‍ കയ്യില്‍ പിടിച്ച് കൊണ്ടുള്ള ഈ യാത്രയ്ക്കായി ഒരുങ്ങുന്നത്. 

10 മണിക്കൂറാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ലണ്ടനിലേയ്ക്ക് എത്താനുള്ള ശരാശരി വിമാന സമയം. ഇതില്‍ 9 മണിക്കൂറോളം ഈ അതികഠിനമായ തണുപ്പിനെയാണ് ചക്രങ്ങളില്‍ ഒളിച്ചിരിക്കുന്നവര്‍ നേരിടുന്നത്. സ്വാഭാവികമായും ഇവരില്‍ ഭൂരിഭാഗം പേരും യാത്ര പാതി വഴി എത്തും മുന്‍പ് തന്നെ മരവിച്ച് മരിച്ചിട്ടുണ്ടാകും. ലാന്‍ഡ് ചെയ്യുന്നതിനായി പൈലറ്റ് വിമാനത്താവളത്തിന് സമീപത്തെത്തുമ്പോള്‍ ടയറുകള്‍ അഥവാ ലാന്‍ഡിംഗ് ഗിയറുകള്‍ നിവര്‍ത്തും. ഈ സമയത്ത് മരവിച്ചിരിയ്ക്കുന്ന മൃതദേഹങ്ങള്‍ നിലം പതിയ്ക്കും. 

ടയറുകളിലെ കുടിയേറ്റത്തിന്‍റെ ചരിത്രം.

സമീപകാലത്തായാണ് ടയറുകളില്‍ അള്ളിപ്പിടിച്ചുള്ള കുടിയേറ്റം വ്യാപകമായത് എങ്കില്‍ ഇതിന്‍റെ തുടക്കം ഏതാണ്ട് അര പതിറ്റാണ്ട് മുന്‍പാണ്. 1946 ലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബാസ് വീ എന്ന ഇന്തോനീഷ്യൻ അനാഥ ബാലൻ ഡഗ്ലസ് ഡിസി 3 വിമാനത്തിന്റെ ടയറിൽ അള്ളിപ്പിടിച്ച് ചെന്നെത്തിയത് ഓസ്ട്രേലിയയിലാണ്. അവശനായ ബാലൻ പിന്നീട് ജീവതത്തിലേയ്ക്ക് തിരിച്ചുവന്നു. തൊട്ടടുത്ത വർഷം ‌മറ്റൊരു യുവാവും ഡഗ്ലസ് ഡിസി വിമാനത്തിന്റെ ടയറിൽ അള്ളിപ്പിടിച്ച് പോർച്ചുഗള്ളിൽ നിന്ന് ബ്രസീലിലേയ്ക്ക് സഞ്ചരിച്ചു. 1966 ലായിരുന്നു ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് മോസ്കോയിൽ നിന്ന് പാരിസിലേയ്ക്ക് സഞ്ചരിച്ച 24 കാരൻ തണുത്തു മരിച്ചു. പിന്നീടിങ്ങോട് നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടുട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് ലണ്ടനിലെ ഹീത്രൂവിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com