ADVERTISEMENT

യുദ്ധരംഗത്തെ ഉപയോഗിത്തിനായി രൂപകൽപ്പന ചെയ്ത വാഹനമാണ് ജീപ്പ്. രൂപകൽപ്പനയുടെ സവിശേഷതകൊണ്ടു യുദ്ധാനന്തരം വിവിധ രംഗങ്ങളിൽ സാമാന്യ ജനങ്ങളുടെ വാഹനമായി പരിണമിച്ച ചരിത്രമാണ് ഇതിനുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിൽ ഇടപെടുന്നത് അനിവാര്യമാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞ സമയം. നാട്ടിലെ 135 കമ്പനികളിലേക്ക് ഒരു സന്ദേശമെത്തി-യുദ്ധരംഗത്തെ നിരീക്ഷണാവശ്യങ്ങൾക്കായി ചെറിയ ഒരു നാലു വീൽ ഡ്രൈവ് വാഹനത്തിന്റെ രൂപകൽപന സമർപ്പിക്കുക. പക്ഷേ ബാന്റം, വില്ലിസ് എന്നീ രണ്ടു കമ്പനികൾ മാത്രമാണു പ്രതികരിച്ചത്. വില്ലിസ് അൽപം സാവകാശം ചോദിച്ചത് നിരസിക്കപ്പെട്ടു. മിക്കവാറും പാപ്പരായിരുന്ന ബാന്റം ആകട്ടെ, കാൾ പ്രോബ്സ്റ്റ് എന്ന പ്രതിഭാശാലിയായ സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ അഞ്ചു ദിവസംകൊണ്ട് ഒരു രൂപകൽപ്പന സമർപ്പിച്ചു.

jeep-bantam-brc-40

കടുത്ത നിബന്ധനകളായിരുന്നു വാഹനത്തെ സംബന്ധിച്ചു സേനയ്ക്കുണ്ടായിരുന്നത്. എന്നാൽ ബാന്റം കമ്പനിയുടെ ബിആർസി 40 എന്ന വാഹന രൂപകൽപ്പന എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരുന്നു. ജീപ്പ് എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട വാഹനങ്ങളുടെയെല്ലാം ആദ്യ വാഹനവും നിരാശപ്പെടുത്തിയില്ല. പക്ഷേ, അമേരിക്കൻ സേനയ്ക്കു പെട്ടെന്നു തന്നെ ഏറെ വാഹനങ്ങൾ നിർമിച്ചു ലഭിക്കേണ്ടിയിരുന്നു. ബാന്റം കമ്പനിക്ക് അതിനുള്ള ശേഷിയില്ലാതിരുന്നതിനാൽ വാഹനത്തിന്റെ രൂപകൽപന വില്ലിസിനും അന്നത്തെ മുൻനിര വാഹനനിർമാതാവായിരുന്ന ഫോഡിനും കൂടി നൽകി. അങ്ങനെ വില്ലിസ് എം എ, ഫോഡ് ജിപി എന്നിങ്ങനെ രണ്ടു ആദിമ ജീപ്പുകൾ കൂടി നിർമിക്കപ്പെട്ടു.

മൂന്നു കമ്പനികളുടെയും വാഹനങ്ങൾ വിവിധ സാഹചര്യങ്ങളിൽ പരീക്ഷണ വിധേയമാക്കിയശേഷം അമേരിക്കൻ സേന ചില പരിഷ്കാരങ്ങൾ നിർദേശിച്ചു. ഇവയ്ക്കു പുറമേ വില്ലിസിന്റെ ‘ഗോ ഡെവിൾ’ എന്ന പെട്രോൾ എൻജിൻ മൂന്നു കമ്പനികളും ഉപയോഗിക്കുവാനും തീരുമാനമായി. ബാന്റം കമ്പനിയുടെ ജീപ്പ് അധികം നിർമിക്കപ്പെട്ടില്ല. വില്ലിസ് എംബി, ഫോഡ് ജി പി ഡബ്ല്യു എന്ന രണ്ടു മോഡലുകളാണ് സേനയ്ക്കു കൂടുതലും ലഭിച്ചത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ എല്ലാ വിഭാഗങ്ങളും ജീപ്പുകൾ ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധം തീരുമ്പോഴേക്കും 6,40,000 ജീപ്പുകൾ നിർമിച്ചു എന്നാണു കണക്ക്.

1943-willys-jeep

ആഗോള വ്യാപകമായി എല്ലാ യുദ്ധമുഖങ്ങളിലും ഇവ കരുത്തു തെളിയിച്ചു. അതീവ ദൃഢതയുള്ള നിർമിതിയും സങ്കീർണത കുറഞ്ഞ യന്ത്രഘടകങ്ങളും ചേർന്ന ജീപ്പുകൾ സൈനികർക്കു പ്രിയപ്പെട്ടവയായിരുന്നു. മുന്നിലും പിന്നിലുമുള്ള സ്പ്രിങ് ലീഫ് സസ്പെൻഷൻ, കുറഞ്ഞ വീൽബേസ്, സരളവും ഉപയോഗക്ഷമവുമായ നാലുവീൽ ഡ്രൈവ് കരുത്തുറ്റ എൻജിൻ എന്നിവ എവിടെയും പോകുന്ന വാഹനം എന്ന പേര് ജീപ്പിനു നേടിക്കൊടുത്തു. യുദ്ധാനന്തരം ഫ്രാൻസിലും ജപ്പാനിലുമുള്ള കമ്പനികൾ ജീപ്പിന്റെ അനുകരണങ്ങൾ നിർമിച്ചിരുന്നു. സേന ഉപേക്ഷിച്ചുപോയ ജീപ്പുകൾ മോടി പിടിപ്പിച്ചാണ് ഫിലിപ്പീൻസിൽ ‘ജീപ്പ്നി’ എന്ന സവിശേഷ ടാക്സികൾ രംഗത്തുവന്നത്.

ജീപ്പ് എന്ന പേര് ഒരു ബ്രാൻഡ് നാമമായി വില്ലീസ് 1943ൽ തന്നെ റജിസ്റ്റർ ചെയ്തിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ മിലിട്ടറി സർപ്ലസ് ആയി ധാരാളം ജീപ്പുകൾ വിപണിയിലെത്തി. വാഹനത്തിന് ആവശ്യക്കാർ ഏറെയുണ്ടെന്നു കണ്ട വില്ലിസ് 1945 ൽ സിജെ (സിവിലിയൻ ജീപ്പ്) ശ്രേണിക്ക് രൂപം കൊടുത്തു. ആദ്യമിറങ്ങിയ സി ജെ –2 എ ജീപ്പിനു പിന്നാലെ 1953 ൽ സിജെ 3 ബി വിപണിയിലെത്തി. ഈ മോഡൽ ആണ് മഹീന്ദ്ര ഇന്ത്യയിൽ ആദ്യമായി നിർമിച്ച ജീപ്പ് വില്ലിസിന്റെ ഹരിക്കെയ്ൻ പെട്രോൾ എൻജിനുള്ള ഇതിന്റെ രണ്ടുവീൽ /നാലു വീൽ ഡ്രൈവ് മോഡലുകളുണ്ടായിരുന്നു. അറുപതുകളുടെ ആദ്യമിറങ്ങിയ സി ജെ –5 ശ്രേണിയിൽ ഏറെ വകഭേദങ്ങൾ ഉണ്ടായിരുന്നു. ഈ മോഡൽ ഓസ്ട്രേലിയ, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിർമിക്കപ്പെട്ടു. ്വസാനമിറങ്ങിയ സി ജെ –7 ഓടുകൂടി ആദ്യ ജീപ്പിന്റെ ജനിതകഘടനയുള്ള വാഹനങ്ങളുടെ ശ്രേണിയും അവസാനിച്ചു. നീണ്ട വീൽബേസിൽ ലോഹബോഡിയോടുകൂടിയ വാഗൺ, ഫോർവേഡ് കൺട്രോൾ ചെറുട്രക്കായ എഫ് സി എന്നിവയും ജീപ്പിൽ നിന്ന ഉരുത്തിരിഞ്ഞ വാഹനങ്ങളാണ്. ആദ്യ ജീപ്പ് തുടങ്ങിവച്ച എസ് യു വി എന്ന വിഭാഗത്തിൽ തന്നെപെടുമെങ്കിലും ഈ ബ്രാൻഡിൽ ഇന്നു വിപണിയിലുള്ളവ സുഖസൗകര്യങ്ങളിലും വിലയിലും ഉയർന്ന തലത്തിലുള്ള ആഡംബര വാഹനങ്ങളാണ്.

ഏറെ കൈമറിഞ്ഞുപോയ ഒന്നാണ് ജീപ്പ് എന്ന വാഹനവും ബ്രാൻഡും പേരിന്റെ ആദ്യ ഉടമയായ വില്ലിസ് കമ്പനി 1953 ൽ കൈസർ മോട്ടോഴ്സ് വാങ്ങി. പത്തു വർഷത്തിനുശേഷം ഈ കമ്പനി കൈസർ ജീപ്പ് എന്ന പേര് സ്വീകരിച്ചു. കൈസറിന്റെ ഫാക്ടറിയും ജീപ്പ് ബ്രാൻഡ് നാമവും 1970 ൽ അമേരിക്കൻ മോട്ടോർ കമ്പനി (എഎംസി) സ്വന്തമാക്കി 1979 മുതൽ ഫ്രഞച് കമ്പനിയായ റിനോയ്ക്ക് എഎംസിയുമായി പങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ 1987 ആയപ്പോഴേക്കും ഈ പങ്കാളികവും സാമ്പത്തിക ബുദ്ധിമുട്ടിലായി ജീപ്പ് ബ്രാൻഡ് നാമത്തിൽ കണ്ണുണ്ടായിരുന്ന ക്രൈസ്‌ലർ കോർപറേഷൻ ആ വർഷം തന്നെ എഎംസി ഏറ്റെടുത്തു. തുടർന്ന ഡെയിംലറും ക്രൈസ്‌ലറും ലയിച്ചപ്പോൾ ജീപ്പുകളുടെ നിർമാണ വിഭാഗവും അതിന്റെ ഭാഗമായി അവസാനം ഡെയിംലർ വിട്ടുപോവുകയും ഫിയറ്റ് രംഗത്തു വരികയും ചെയ്തതോടെ 2014 ൽ ഫിയറ്റ്് ക്രൈസ്‌ലർ ഓട്ടമൊബീൽസ് (എഫ്സിഎ) എന്ന കമ്പനിയുെട സ്വന്തമായി ജീപ്പ്് എന്ന ബ്രാൻഡ് ഇന്നിപ്പോൾ ഇന്ത്യയിലും സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങുന്ന കമ്പനി ആധുനിക ജീപ്പ് മോഡലുകളുമായി വിപണിയിലെത്തിയിട്ടുണ്ട്.

പ്രധാന േമാഡലുകൾ

വില്ലീസ് എംബി / േഫാഡ് ജി പി ഡബ്ല്യു

Jeep
Jeep

അമേരിക്കൻ സേനയ്ക്കായി നിർമിക്കപ്പെട്ട ഇതിന്റെ ഔദ്യോഗിക വിശേഷണം 1/4 ടൺ, 4 X 4, ട്രക്ക് എന്നായിരുന്നു.

ഫോഡ് ജിപിഐ

കരയിലും വെള്ളത്തിലും ുപയോഗിക്കാവുന്ന ജീപ്പിന്റെ വകഭേദം ഇതിനു സീ-ജീപ്പ് എന്നതിന്റെ ചുരുക്കപ്പോരായ സീപ്പ് എന്നും പറഞ്ഞിരുന്നു.

ജീപ്പ് വാഗൺ

jeep-wagon

ലോഹബോഡിയുള്ള സ്റ്റേഷൻ വാഗൺ മുന്നിൽ കുറുകെ ഘടിപ്പിച്ച് സ്പ്രിങ് ലീഫ് സ്വതന്ത്ര സസ്പെൻഷൻ ആയിരുന്നു ഇതിന്റെ രണ്ടു വീൽ ഡ്രൈവ് മേഡലിന് ആധുനിക എസ്‌യുവികളുടെ ആദിമ രൂപമായി കണക്കാക്കപ്പെടുന്ന വാഹനം.

‌ജീപ്പ് ട്രക്ക്

jeep-truck

എഫ് സി (ഫോർവേഡ് കൺട്രോൾ) എന്നും അറിയപ്പെട്ടിരുന്ന മിനിട്രക്ക് ഇത് ഇന്ത്യയിൽ നിർമിച്ചിരുന്നു.

ജിപ്സ്റ്റർ

willys-jeepster

വിവിധോദ്ദേശ്യ വാഹനങ്ങൾ മാത്രം നിർമിച്ചിരുന്ന വില്ലിസ് ഒരു കാർ നിർമിച്ചപ്പോൾ അത് ഒരു ക്രോസ് ഓവർ രൂപകൽപന ആയതു സ്വാഭാവികം. ജീപ്പ് വാഗണിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഈ സോഫ്റ്റ് ടോപ്പ് കാറിൽ അനേകം ആഡംബര സൗകര്യങ്ങൾ ഇണക്കിച്ചേർത്തിരുന്നു.

സി ജെ -3 എ/ബി

സിവിലിയൻ ജീപ്പ് ശ്രേണിയിലെ ആദ്യ മോഡലുകൾ. ഇവയുടെ നിരവധി വകഭേദങ്ങൾ ഇന്ത്യയുൾപ്പെടെ അനേക രാജ്യങ്ങവിലുള്ള കമ്പനികൾ നിർമിച്ചിരുന്നു.

സി.ജെ-5

അമേരിക്കൻ സേനയ്ക്കുവേണ്ടി വില്ലിസ് നിർമിച്ച എം 38 എ 1 ജീപ്പ് ആണ് അതിന്റെ അടിസ്ഥാനം. ബോണറ്റും ഫെൻഡറുകളും സി ജെ – 3 യുടെ ചതുരവടിവിൽ നിന്ന് ഉരുണ്ട രൂപകൽപ്പനയിലേക്കു മാറി. നീളവും വീതിയും അൽപ്പം കൂടുകയും ചെയ്തു. മൂന്നു പതിറ്റാണ്ട് ഇതിന്റെ വകഭേദങ്ങൾ നിർമാണത്തിലുണ്ടായിരുന്നു. ഇന്ത്യയിലെ എം എം 540, മഹീന്ദ്രതാർ എന്നിവ രൂപകൽപനയിൽ സി െജ – 5 െന പിന്തുടരുന്നു. ആദ്യത്തെ ജീപ്പ്് െറനിേഗഡ് ഇതിന്റെ വകഭേദമാണ്.

സി െജ – 7

jeep-cj7

ജീപ്പിന്റെ ജനിതകഘടനയുള്ള അവസാനത്തെ വാഹനം. ഇതിന്റെ വകഭേദമായിരുന്നു ലാറെഡോ എന്ന എസ് യു വി.

വാഗണീർ

ജീപ്പ് വാഗണിന്റെ പിൻഗാമി ഇരുപത്തെട്ടു വർഷം വലിയ മാറ്റങ്ങളില്ലാതെ നിർമാണത്തിലുന്ന ഇതു കാറിനു തുല്യമായ സുഖസൗകര്യങ്ങളുള്ള എസ്‌യുവി ആയിരുന്നു. നാലുവീൽ ഡ്രൈവും ശക്തിയേറിയ എൻജിനും കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പവർ സ്റ്റീയറിങ്, സ്വതന്ത്ര മുൻ സസ്പെൻഷൻ എന്നിവ ഇതുനുണ്ടായിരുന്നു.

ചെറോക്കി എക്സ് ജെ

jeep-cherokee

ജീപ്പിന്റെ മധ്യനിര എസ്‌യുവി ഷാസിയിൽ ഉറപ്പിച്ച് ബോഡിയുള്ള മറ്റു ജീപ്പ് ഉൽപ്പന്നങ്ങളിൽ നിന്നു വ്യത്യസ്തമായി മോണോക്കോക്ക് ബോഡി ആയിരുന്നു ഇതിന്. എക്കാലത്തെയും മികച്ച ഇരുപതു കാറുകളിലൊന്നായും ഏറ്റവും മികച്ച എസ്‌യുവി. ആയും വിശേഷിപ്പിക്കപ്പെട്ട ഇത് ജീപ്പിന്റെ ആധുനികകാല വാഹനങ്ങളുടെ അടിസ്ഥാന മോഡൽ ആണ്.

റാംഗ്ലർ

jeep-wrangler

ജീപ്പിന്റെ ആധുനിക ഓഫ് റോഡ് മോഡൽ ആയ ഇതിനു രൂപകൽപ്പനയിലും നിർമിതിയിലും ആദ്യകാല ജീപ്പുകളുമായി ബന്ധമൊന്നുമില്ല. എന്നാൽ ജീപ്പ് എന്ന പേരു സൂചിപ്പിക്കുന്ന മൂല്യങ്ങളിലധിഷ്ഠിതമാണ് ഇത് എന്നു കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ അൺലിമിറ്റഡ് എന്ന വകഭേദമാണ് കമ്പനി ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിക്കുന്ന ജീപ്പുകളിലൊന്ന്.

നിലവിൽ എഫ് സി എ ജീപ്പ് ബ്രാൻഡിൽ റെനിഗേഡ്, റാംഗ്ലർ ഗ്രാൻഡ് ചെറോക്കി, കോംപസ് പാട്രിയട്ട് എന്നീ മോഡലുകളാണു നിർമിക്കുന്നത്. ജീപ്പിന്റെ നിർവചനമായി പറഞ്ഞിരുന്നത് ഇപ്രകാരമാണ് ഇടുങ്ങിയതും സൗകര്യം കുറഞ്ഞതും എന്നാൽ ഉപയോഗക്ഷമതയിൽ മുന്നിലുമായ ഈ വാഹനം. അമേരിക്കക്കാരുടെ നിശ്ചയ ദാർഢ്യത്തിന്റെയും വൈഭവത്തിന്റെയും പര്യായമാണ് ആധുനിക ജീപ്പുകൾ മികച്ച വാഹനങ്ങളാണെങ്കിലും ഈ നിർവചനത്തിൽ നിന്ന ഏറെ അകന്നുപോയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com