ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രാമാര്‍ഗമായാണ് വിമാനയാത്രയെ കണക്കാക്കുന്നത്. പക്ഷേ വിമാനയാത്രയില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ മറ്റു യാത്രാമാര്‍ഗങ്ങളെ അപേക്ഷിച്ച് പ്രവചനാതീതമായിരിക്കും. 1988 ല്‍ അമേരിക്കന്‍ സ്വകാര്യ വിമാന കമ്പനിയായ അലോഹയുടെ ബോയിങ് വിമാനത്തിനുണ്ടായ അപകടം ഇതിനുദാഹരണമാണ്. പറന്നു കൊണ്ടിരിക്കെ 24000 അടി ഉയരത്തില്‍ വച്ച് ഈ വിമാനത്തിന്‍റെ മേല്‍ക്കൂര തകർന്നു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് കൊല്ലപ്പെട്ടെങ്കിലും യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിനു സാധിച്ചു.
അപ്രതീക്ഷിത അപകടം
1988 ഏപ്രില്‍ 28 നാണ് 89 യാത്രക്കാരും 3 ജീവനക്കാരും 2 പൈലറ്റുമാരുമായി അലോഹ വിമാനം ഹവായ് ദ്വീപിലെ ഹിലോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. ഹവായ് ദ്വീപ് സമൂഹത്തിലെതന്നെ ഹോണോലുലു വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. 35 മിനിറ്റ് കൊണ്ടു പറന്നെത്താവുന്ന ദൂരം.
അനൂകൂലമായ കാലാവസ്ഥയില്‍ വിമാനം ഏതാണ്ട് 24000 അടി ഉയരത്തിലെത്തി. ഈ സമയത്താണ് അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടത്.
വലിയ ശബ്ദത്തോടെ, വിമാനത്തിന്‍റെ മുന്നിൽ ഇടതുവശത്തായി മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നു പോയി. കോക്പിറ്റിന് മുകളിലെ ഭാഗത്തിന് കോട്ടം തട്ടിയില്ലെങ്കിലും അതിന് തൊട്ടു പുറകില്‍ വരെയുള്ള മേല്‍ക്കൂരയാണ് പൊട്ടിത്തെറിച്ചതെന്ന പോലെ അടര്‍ന്നത്. വൈകാതെ കാറ്റിന്‍റെ ശക്തിയില്‍ വിമാനത്തിന്‍റെ ബോഡിയുടെ ഏതാണ്ട് പകുതിയോളം നീളത്തില്‍ മേല്‍ക്കൂര ഇളകി പറന്നു പോയി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ പൈലറ്റുമാര്‍ക്കു പോലും അല്‍പസമയം വേണ്ടിവന്നു.
എമര്‍ജന്‍സി ലാന്‍ഡിങ്
ഇതിനിടെ വിമാന ജീവനക്കാരി ക്ലാരാബല്ലെ ലാന്‍സിങ് കാറ്റില്‍ പെട്ട് പറന്നു പോയി. ഇവരുടെ മൃതശരീരം കണ്ടെത്താന്‍പോലും കഴിഞ്ഞില്ല. മേല്‍ക്കൂര അടര്‍ന്നു പോയ ഇടത്തെ ലോഹഭാഗങ്ങള്‍ തെറിച്ച് യാത്രക്കാരില്‍ പലര്‍ക്കും ഗുരുതരമായ പരുക്കേറ്റു. വിമാനം ലാന്‍ഡ് ചെയ്തപ്പോഴേക്ക് ഏതാണ്ട് എട്ടു പേര്‍ക്കാണ് ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നത്. മേല്‍ക്കൂര അടര്‍ന്നു പോയി പതിനഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ഹോണോലുലു വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി.
അപ്പോഴേയ്ക്കും, ശക്തമായ കാറ്റ് മൂലവും ശ്വാസം കിട്ടാതെയും യാത്രക്കാരില്‍ പലരുടെയും നില മോശമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ആളുകളെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ പറന്നു പോയ ജീവനക്കാരി ഒഴികെ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല.
അപകടം ഒഴിവാക്കാമായിരുന്നോ ?
വിമാനത്തിന്‍റെ അറ്റകുറ്റപ്പണി വിഭാഗത്തിനു സംഭവിച്ച പാളിച്ചയാണ് അപകടത്തിനു കാരണമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഏതാണ്ട് 18 അടി നീളത്തിലാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നത്. എക്സ്പ്ലോസീവ് ഡീ കംപ്രഷന്‍ മൂലമാണ് ഇതു സംഭവിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഈ പ്രതിഭാസം പല വിമാനങ്ങളിലും ഉണ്ടാകുന്നതാണ്. എന്നാല്‍ അപകടത്തില്‍ പെട്ട വിമാനത്തിന് ഇതിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. ഇതിനു കാരണം വിമാനത്തിന്‍റെ മേല്‍ക്കൂരയില്‍ മുന്‍പേ തന്നെ രൂപപ്പെട്ട ചെറു വിള്ളലാണ് എന്നാണ് വ്യക്തമായത്. വിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുന്ന വിഭാഗം ഈ വിള്ളല്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
അപകടം നടക്കുമ്പോള്‍ 17 വര്‍ഷത്തെ പഴക്കമാണ് വിമാനത്തിനുണ്ടായിരുന്നത്. വിമാനത്തിന് കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരുന്നില്ലെന്ന് നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് സേഫ്റ്റി ബോര്‍ഡ് കണ്ടെത്തി. പിൽക്കാലത്ത് വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ക്കു കാരണമായത് ഈ അപകടമായിരുന്നു. വിമാനയാത്രയിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഏറെയും രൂപപ്പെടുത്തിയത് ഈ അപകടത്തിനു ശേഷമാണ്.
ഒറ്റപ്പെട്ട സംഭവമല്ല
അമേരിക്കന്‍ വിമാനങ്ങളുടെ ചരിത്രത്തില്‍ മാത്രം നാല് സമാനമായ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു തവണ വിമാനത്തിന്‍റെ കാര്‍ഗോ വാതിലുള്‍പ്പടെയുള്ള ഭാഗമാണ് അടര്‍ന്നു പോയത്. എട്ട് യാത്രക്കാർ പുറത്തേക്കു തെറിച്ച് കൊല്ലപ്പെടുകയും ചെയ്തു. അലോഹ വിമാനത്തിലെ യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് പുറത്തേക്കു തെറിച്ചുപോകാതിരുന്നതും വൻ ദുരന്തം ഒഴിവായതും.