sections
MORE

ചങ്കല്ല, ചങ്കിടിപ്പാണ് യമഹ ആർഎക്സ് 135

HIGHLIGHTS
  • 21 സംസ്ഥാനങ്ങളിലൂടെ 11500 കിലോമീറ്റർ യമഹ 135ൽ
yamaha-rx-135
Yamaha RX 135
SHARE

യാത്രയെയും യമഹ ആർഎക്സ് 135നെയും ഒരുപോലെ സ്നേഹിക്കുന്ന നാലുകൂട്ടുകാർ ഒരുമിച്ച് ഒന്നുകറങ്ങാനിറങ്ങി. പിന്നെ വീട്ടിൽ തിരിച്ചെത്തുന്നത് 62 ദിവസങ്ങൾക്കു ശേഷം. 11500 കിലോമീറ്ററാണ് സഞ്ചരിച്ചത്. 21 സംസ്ഥാനങ്ങളിലൂടെ രാജ്യത്തിന്റെ മനസ്സറിഞ്ഞു മൂന്നു ബൈക്കുകളിലായി നാലു പേർ. കലൂർ രാമൻതറ പി.എസ്. കണ്ണൻ, ഇലവുങ്കൽ ജിബിൻ ആന്റണി, കണ്ണതുണ്ടംകേരി കെ.കെ. റെനീഷ്, അടിമുറി വിമൽ റാഫേൽ എന്നിവരായിരുന്നു യാത്രികർ. രാജസ്ഥാനിലെ പൊടിക്കാറ്റും മണാലിയിലെ പെരുമഴയും കാർഗിലിലെ മണ്ണിടിച്ചിലും തൊട്ടറിഞ്ഞ യാത്ര. ഓരോ സംസ്ഥാനത്തും 2 മുതൽ 5 വരെ ദിവസങ്ങൾ തങ്ങി. പെട്രോൾ ലഭിക്കാതെ നുബ്ര വാലിയിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ബാല്യം വിട്ടുമാറാത്ത കുഞ്ഞുങ്ങൾ അന്നംതേടി അരികിലെത്തി. കൊടും വെയിലിൽ അധ്വാനിക്കുന്ന കുരുന്നുകളെയും കണ്ടു.വാഗാ ബോർഡറിൽ ദേശീയ പതാക ഉയർത്തുന്നതു കണ്ടപ്പോൾ രാജ്യമെന്ന വികാരം സിരകളിൽ പടരുന്നത് അനുഭവിച്ചു. 

yamaha-rx-135-1

കാലാവസ്ഥ മുടക്കിയ നേപ്പാൾ യാത്ര

മേയ് 26നു കലൂർ സ്റ്റേഡിയത്തിൽ നിന്നു തുടങ്ങിയ യാത്ര അവസാനിച്ചത് ജൂലൈ 26നാണ്. 45 ദിവസം പ്ലാൻചെയ്തിറങ്ങിയ യാത്ര അവസാനിച്ചപ്പോൾ 62 ദിവസമായി.  ഗോവ, മൂന്നാർ കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ബൈക്കിൽ കറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു യാത്ര ആദ്യത്തെ അനുഭവമാണിവർക്ക്. 5 മാസം മുൻപു തുടങ്ങിയ ഒരുക്കമായിരുന്നു അടിത്തറ. പോകാനുള്ള സ്ഥലങ്ങളും വഴികളുമെല്ലാം മനസിൽ മാപ്പുപോലെ പതിച്ചു വച്ചിരുന്നു. നേപ്പാളിലേക്കും യാത്ര നീട്ടാൻ പദ്ധതിയുണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ മാറ്റിവച്ചു. യാത്രയ്ക്ക് ഒരാൾക്ക് ചെലവ് 1.20 ലക്ഷം രൂപയാണ്. ദിവസവും 200– 350 കിലോമീറ്റർ ദൂരമായിരുന്നു യാത്ര. ചെറിയ ഹോട്ടലുകളിലും ടെന്റുകളിലുമായിരുന്നു താമസം.

ആർഎക്സ് 135നോട് ഇപ്പോഴും പ്രണയം

ഒരു കാലത്ത് ക്യാംപസുകളുടെ ലഹരിയായിരുന്ന യമഹ ആർഎക്സ് 135നോട് ഇപ്പോഴും നിലയ്ക്കാത്ത പ്രണയമാണ് ഈ കൂട്ടുകാർക്ക്. രാജ്യം മുഴുവൻ  സഞ്ചരിച്ചിട്ടും ഒരിടത്തുപോലും ചതിക്കാത്ത ആർഎക്സ് 135 ചങ്കല്ല, ചങ്കിടിപ്പാണിവർക്ക്. ബുള്ളറ്റിൽ  കറങ്ങാനിറങ്ങുന്നവർക്കിടയിൽ ആർഎക്സ് 135വുമായി ചെന്നു കയറുമ്പോൾ ലഭിക്കുന്ന സ്വീകാര്യത ഒരു രാജാവിനു സമമാണെന്ന് കണ്ണൻ പറയുന്നു. മറ്റു വാഹനങ്ങളിൽ എത്തിയവർ തങ്ങളുടെ ബൈക്കിനൊപ്പം ഫോട്ടോ എടുക്കാൻവരെ വന്നെന്നു ഈ യാത്രികർ പറയുമ്പോൾ നിരത്തിലെ പഴയ രാജാവിന്റെ പ്രതാപത്തിന് വേറെ തെളിവു വേണ്ടല്ലോ. മൈലേജിന്റെ കാര്യത്തിലായാലും സാധാരണക്കാരന്റെ പോക്കറ്റ് അത്രയങ്ങ് കാലിയാക്കാതിരിക്കാനും ഇവനു ശ്രദ്ധയുണ്ട്.യാത്രയ്ക്കിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായാൽ സ്പെയർ പാർട്സ് കിട്ടാനില്ലാത്തതാണ് ഒരു പ്രശ്നം. പെട്രോൾ അടിക്കുമ്പോൾ ടു ടി ഓയിൽ എല്ലാ പമ്പുകളിലും ഇല്ല‌ എന്നതും ഒരു പ്രശ്നമാണ്.

riders
വിമൽ, െറനീഷ് കണ്ണൻ, ജിബിൻ

ടീം 135 കൊച്ചിൻ 

യമഹ ആർഎക്സ് 135നോട് പ്രണയമുള്ളവർ ഇവർമാത്രമല്ല കൊച്ചിയിൽ. ടീം 135 കൊച്ചിൻ എന്ന ഒരു കൂട്ടായ്മ തന്നെയുണ്ടിവർക്ക്. 41 പേരാണ് അംഗങ്ങളായുള്ളത്. 22 ആർഎക്സ് 135 ബൈക്കുകൾ ആണ് ഈ കൂട്ടായ്മയിലുള്ളത്.11 വർഷമായി ഈ കൂട്ടുകാരെ വിടാതെ ചേർത്തു നിർത്തുന്ന വികാരം ആർഎക്സ് 135 തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA